തിരുവനന്തപുരം: മോദി ഭരണത്തിൽ നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കാനുള്ള സുവർണാവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് പ്രമുഖ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. കെ.പി.സി.സി പ്രചാരണ കമ്മിറ്റി തയ്യാറാക്കിയ തിരഞ്ഞെടുപ്പു ഗാനങ്ങളുടെ സി.ഡിയുടെയും യു.ഡി.എഫ് ലോഗോയുടെയും പ്രകാശനം ഇന്ദിരാഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ മോദി ഇന്ത്യയെ വിഭജിച്ചു. വിയോജിക്കുന്നവരോട് അസഹിഷ്ണുത കാട്ടുന്ന മോദിക്കെതിരെ 200 എഴുത്തുകാർ പരസ്യമായി പ്രചാരണത്തിനിറങ്ങാൻ സമ്മതപത്രത്തിൽ ഒപ്പിട്ടിട്ടുണ്ട്. മോദിയുടെ ദുഷ്ചെയ്തികൾക്കെതിരെ പോരാടാൻ രാജ്യത്തെ മുഴുവൻ എഴുത്തുകാരും മുന്നോട്ടുവരണമെന്നും പെരുമ്പടവം പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിന്റെ പ്രതിഫലനം ദക്ഷിണേന്ത്യയിൽ മുഴുവൻ ഉണ്ടാവുമെന്നും ജനങ്ങളെ വഞ്ചിച്ച മോദിക്കും ബി.ജെ.പിക്കും രണ്ടാമതൊരു അവസരം നൽകാൻ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി ശശി തരൂർ പറഞ്ഞു. 5 വർഷത്തെ ഭരണത്തിലൂടെ മോദി രാജ്യത്തെ മതേതരത്വവും ജനാധിപത്യവും തകർത്തുവെന്നും രാജ്യത്തെ ജനങ്ങളെ ഒന്നായി കാണുന്നതിന് പകരം മതവികാരം ഇളക്കിവിട്ട് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും കെ.പി.സി.സി പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു.
പ്രചാരണ ഗാനങ്ങളുടെ സി.ഡി ശശി തരൂരിന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ കൈമാറി. കെ.പി.സി.സി പ്രസ് സെക്രട്ടറി പി.ടി. ചാക്കോ തയ്യാറാക്കിയ 'കല്ല്യാട്ട് കണ്ണീർ വിലാപം' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ശശി തരൂർ നിർവഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ്, മീഡിയ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പാലോട് രവി, പബ്ളിസിറ്റി കമ്മിറ്റി കൺവീനർ പി.എസ്. പ്രശാന്ത്, മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.