sreedharan-pillai-

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുടെ മറവിൽ സംസ്ഥാനത്തെ നിരീശ്വരവാദ ഭരണകൂടം വിശ്വാസികൾക്ക് നേരേ നടത്തിയ കൊടുംക്രൂരതകളും മുപ്പതിനായിരത്തോളം വിശ്വാസികളെ കള്ളക്കേസിൽ കുടുക്കി വേട്ടയാടിയതും ഈ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ മുഖ്യപ്രചരണായുധങ്ങളിൽ ഒന്നാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. ശബരിമല അയ്യപ്പന്റെ വിഗ്രഹം കാട്ടി വോട്ട് പിടിക്കുന്നതിന് മാത്രമേ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കുള്ളൂവെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

ശബരിമല പ്രശ്നത്തിൽ ബി.ജെ.പിക്കുള്ളിൽ യാതൊരു അഭിപ്രായ ഭിന്നതയുമില്ല.ഞാനും പത്തനംതിട്ടയിലെ പാർട്ടി സ്ഥാനാർത്ഥി കെ.സുരേന്ദ്രനും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചുവെന്നത് ചില മാദ്ധ്യമങ്ങൾ നടത്തിയ കുപ്രചരണമാണ്. മോദിസർക്കാരിന്റെ ഭരണ നേട്ടങ്ങൾ മുൻനിറുത്തി 'വീണ്ടും വേണം മോദി ഭരണം ' എന്ന മുദ്രാവാക്യത്തോടൊപ്പം രാജ്യസുരക്ഷ, അയോദ്ധ്യ, ശബരിമല പ്രശ്നങ്ങളും മുഖ്യവിഷയങ്ങളായി അവതരിപ്പിക്കാൻ ബി.ജെ.പിക്ക് അവകാശമുണ്ട്- ഇത് സംബന്ധിച്ച ചോദ്യത്തോട് ശ്രീധരൻപിള്ള പ്രതികരിച്ചു.


രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം കേരളത്തിലും ദക്ഷിണേന്ത്യയിലാകെയും തരംഗം സൃഷ്ടിക്കുമെന്നാണല്ലോ കോൺഗ്രസ് നേതാക്കൾ പറയുന്നത്. ?

അത് അവരുടെ ദിവാസ്വപ്നം മാത്രമാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ജയിക്കുമെന്ന് ഉറപ്പുള്ള സീറ്രില്ലാത്തതിനാൽ മുസ്ലീം ലീഗിന്റെ സഹായം തേടിയെത്തിയ അഭയാർത്ഥിയാണ് രാഹുൽ. വയനാട്ടിൽ സാമാന്യം ശക്തിയുള്ള ലീഗിന് മുമ്പിൽ കോൺഗ്രസ് പ്രസിഡന്റ് ദണ്ഡനമസ്കാരം ചെയ്ത് കീഴടങ്ങുന്നത് കോൺഗ്രസിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും തന്നെ അപമാനകരമാണ്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ മുഖ്യഎതിരാളി ആരാണ് എന്നാണല്ലോ ഇടതുനേതാക്കളുടെ ചോദ്യം?.

മോദിക്കെതിരെ ദേശീയ ബദലിന് ഒരുമ്പെട്ട രാഹുൽ ഗാന്ധിയും അദ്ദേഹത്തെ നായകനായി കണ്ട ഇടതുപക്ഷവും വയനാട്ടിൽ പരസ്പരം മത്സരിക്കുന്നു എന്നത് തന്നെ ഇരുകൂട്ടരുടെയും തകർച്ചയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു.

അമേതിയിൽ രാഹുൽ ഗാന്ധിയെ നേരിടുന്ന ബി.ജെ.പി വയനാട്ടിൽ രാഹുലിനെതിരെ പാർട്ടി സ്ഥാനാർത്ഥിയെ നിറുത്താത്തത് പാർട്ടിക്കുള്ളിലും വിമർശനം ഉയർത്തിയിട്ടില്ലേ ?

അതൊക്കെ തെറ്രായ വാർത്തകളാണ്. വയനാ‌ട് ഞങ്ങൾ ബി.ഡി.‌ജെ.എസിന് നേരത്തേ തന്നെ നൽകിയ സീറ്രാണ്. ഘടകകക്ഷികളോട് മാന്യമായി പെരുമാറുന്ന പാർട്ടിയാണ് ബി.ജെ.പി - ബി.ഡി.ജെ.എസിന്റെ ശക്തനായ സ്ഥാനാർത്ഥിയാണ് തുഷാർ വെള്ളാപ്പള്ളി.അദ്ദേഹം ബി.ജെ.പിയുടെ സ്വന്തം സ്ഥാനാർത്ഥിയാണ്. തുഷാർ അവിടെ കടുത്ത മത്സരം കാഴ്ചവയ്ക്കുമെന്നതിൽ സംശയമില്ല. പാർട്ടി സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തന്നെയാണ് തുഷാറിനെ വയനാട്ടിൽ സ്ഥാനാർത്ഥിയായി ബി.ജെ.പി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്. മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ല.

കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ വിജയ സാദ്ധ്യത എങ്ങനെ ?

സംസ്ഥാനത്ത് ശക്തമായ ത്രികോണമത്സരം നടക്കുന്ന പല സീറ്രുകളിലും ഞങ്ങൾക്ക് തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. കേരളത്തിൽ ബിജെപി മറ്റ് പ്രമുഖ പാർട്ടികളെക്കാൾ ശക്തി പ്രാപിക്കുന്നു. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് 2,88,000 വോട്ട് നേടിയ ബി.ജെ.പി 2016ൽ എൻ.ഡി.എ മുന്നണിയായി മത്സരിച്ച് ആറ് പാർലമെന്റ് സീറ്റുകളിൽ 1.90 ലക്ഷം മുതൽ 2.60 ലക്ഷം വരെ വോട്ട് നേടി.ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അനുകൂലമായി രാജ്യത്താകെ ഉയരുന്ന ജനവികാരത്തിന്റെ ഭാഗമാണിത്. അതേസമയം, മറ്റ് രണ്ട് മുന്നണികളും ജീർണാവസ്ഥയിലാണ്

മോദി സർക്കാരിന്റെ നോട്ട് പിൻവലിക്കലും ജി.എസ്.ടിയും രാജ്യത്തെ കർഷകർ ഉൾപ്പെടെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കിയെന്ന വിമർശനം ശരിയല്ലേ ?

നരേന്ദ്രമോദി സർക്കാർ 2014ൽ അധികാരമേൽക്കുമ്പോൾ ഗുരുതരമായ തകർച്ചയിലായിരുന്നു ഇന്ത്യൻ സമ്പദ് വ്യവസ്ഥ.സാമ്പത്തിക വളർച്ച കേവലം അഞ്ച് ശതമാനമായിരുന്നു. 2004ൽ വാജ്പേയി സർക്കാർ അധികാരം ഒഴിയുമ്പോൾ ഇത് 8.8 ശതമാനമായിരുന്നതാണ്. പത്ത് വർഷത്തെ കോൺഗസ് ഭരണത്തിൽ ഇത് ഏഴ് ശതമാനമായി കുറഞ്ഞു. മോ‌ദി സർക്കാരിന്റെ നോട്ട് പിൻവലിക്കൽ നടപടിയെ തുട‌ർന്ന് 5.7ലേക്ക് താഴ്ന്നപ്പോൾ എന്തായിരുന്നു കോലാഹലങ്ങൾ. പക്ഷേ, ഇപ്പോൾ എന്താണ് സ്ഥിതി ? സാമ്പത്തിക വളർച്ച വീണ്ടും 7.3 ശതമാനത്തിലെത്തി. ചൈനയെ കടത്തിവെട്ടി ഇന്ത്യ ലോകത്തെ ഏറ്റവും വളർച്ചാതോതുള്ള രാജ്യമായി. ഇങ്ങനെ മുന്നോട്ട് പോയാൽ 2030ൽ ഇന്ത്യ അമേരിക്കയെക്കാൾ വലിയ സാമ്പത്തിക ശക്തിയാവുമെന്നാണ് ലണ്ടൻ ചാർട്ടേർഡ് ബാങ്കിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്.

പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉൾപ്പെടെ ദിവസങ്ങളോളം നീണ്ട തർക്കവും അനിശ്ചിതത്വവും ബി.ജെ.പിയിലെ ഗ്രൂപ്പ് തർക്കമായി വ്യാഖ്യാനിക്കപ്പെട്ടു. ?

അത് ഗ്രൂപ്പ് തർക്കമൊന്നുമല്ല. പാർട്ടി സംസ്ഥാന കോർകമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടികയിൽ പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ പേരില്ലായിരുന്നു. തൃശൂരിലാണ് സുരേന്ദ്രനെ ഉൾപ്പെടുത്തിയിരുന്നത്. തൃശൂർ സീറ്റ് പാർട്ടി കേന്ദ്ര നേതൃത്വം ആദ്യം കൈമാറിയത് ബി.ഡി.ജെ.എസിനാണ്. കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും നിർബന്ധമായും സ്ഥാനാർത്ഥി ലിസ്റ്റിൽ ഉണ്ടാവണമെന്ന് ശക്തിയായി വാദിച്ചവരിൽ ഒരാൾ ഞാനാണ്. ഇതിന്റെ പേരിൽ എനിക്കെതിരെ നടന്ന വ്യക്തിപരമായി കുപ്രചരണങ്ങൾ സത്യം ചെരുപ്പിടും മുമ്പ് അസത്യം ലോക സഞ്ചാരം പൂർത്തിയാക്കിയെന്ന പഴമൊഴി പോലെയാണ്.

ബി.ജെ.പി സ്ഥാനാർത്ഥി ലിസ്റ്രിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഒടുവിൽ തൃശൂരിലും വരെ താങ്കളുടെ പേര് സജീവമായി പറഞ്ഞു കേട്ടിരുന്നല്ലോ. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്തതിൽ ഖിന്നനാണോ ?

ഞാൻ സ്ഥാനാർത്ഥിയാകാനില്ലെന്ന് കഴിഞ്ഞ ഫെബ്രുവരി 22ന് തന്നെ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായോട് വ്യക്തമാക്കിയതാണ്. മാദ്ധ്യമങ്ങളോടും പറഞ്ഞതാണ്. പക്ഷേ എനിക്കെതിരെ ഏറെ കുപ്രചരണങ്ങൾ പരന്നു. എനിക്ക് അങ്ങനെ പാർലമെന്ററി മോഹമില്ല. ഉണ്ടായിരുന്നെങ്കിൽ എഴുത്തുകാരുടെ പട്ടികയിൽ നിന്ന് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടാൻ കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഒാഫർ ഞാൻ സ്വീകരിക്കുമായിരുന്നില്ലേ.