snake-robbery

മിഷിഗൺ: മൃഗങ്ങളെ വിൽക്കുന്ന കടയിൽ നിന്ന് പെരുമ്പാമ്പിനെ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ കണ്ടുപിടിക്കാൻ നാടാകെ തെരയുകയാണ് മിഷിഗൺ പൊലീസ്.അമേരിക്കയിലെ മിഷിഗണിലെ കടയിൽ എത്തിയ യുവാവ് പെരുമ്പാമ്പിനെ പോക്കറ്റിലാക്കി കൂളായി നടന്നുപോവുകയായിരുന്നു. സെക്യൂരിറ്റിക്കാർ ഉണ്ടായിരുന്നെങ്കിലും ആരും ഇത് കണ്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന് അഞ്ചു ദിവസത്തിനുശേഷം വിവരം ജീവനക്കാർ അറിയുന്നത്. യുവാവിനെ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് അവരുടെ ഫേസ്ബുക്ക് പേജിൽ മോഷണത്തിന്റെ വീഡിയോദൃശ്യങ്ങൾ ഷെയർ ചെയ്യുകയായിരുന്നു. സ്റ്റോറിൽ എലിയെ വാങ്ങാൻ എത്തിയതായിരുന്നു യുവാവ്. ഇതിനായി പണം നൽകുകയും ചെയ്തു. എലിയെ എടുക്കാനായി ജീവനക്കാർ പോയപ്പോഴായിരുന്നു മോഷണം. അടിച്ചുമാറ്റൽ നടത്തുന്നതിനുമുൻപ് യുവാവ് പാമ്പുകളെ കുറിച്ച് തിരക്കിയതായി സ്റ്റോറിലെ ജീവനക്കാരി പറയുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിൽ മോഷണം പോയ പെരുമ്പാമ്പിന്റെ ചിത്രം സ്റ്റോറിലെ ജീവനക്കാരി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്റ്റോറിലേക്ക് പെരുമ്പാമ്പിനെ കൊണ്ടുവന്ന അതേദിവസം തന്നെയാണ് മോഷണം പോയത്. മോഹവില നൽകിയാണ് ഇവിടെനിന്ന് പാമ്പുകളെയും മറ്റും വാങ്ങുന്നത്. കള്ളനെക്കുറിച്ച് ചില വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം.