ആറ്റിങ്ങൽ: ശിങ്കാരി മേളത്തിന്റെ താളമേളക്കൊഴുപ്പിൽ അലിഞ്ഞ് വിദേശ വനിതകൾ നൃത്തം ചെയ്തത് കൗതുകമായി.
അയിലം ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ മൈവള്ളി ഏല പൗരസമതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രയിലാണ് ശിങ്കാരി മേളം കൊട്ടിക്കയറിയത്. ചെറുപ്പക്കർ വാദ്യോപകരണം ഉപയോഗിക്കുകയും ചുവടുവയ്ക്കുകയും ചെയ്യുന്നത് കണ്ട് കമ്പം തോന്നിയ നാല് വിദേശ വനിതകളാണ് അവർക്കൊപ്പം നൃത്തം ചെയ്ത് ഘോഷയാത്രയിൽ കൂടിയത്. ഇത് കാഴ്ചക്കാർക്ക് പുതിയ അനുഭവമായി. മേളക്കാർക്ക് ആവേശവും മേളത്തിന് കൊഴുപ്പും പകരുന്നതായിരുന്നു വിദേശ വനിതകളുടെ ഈ അകമ്പടി.
യുവാക്കളുടെ എനർജിയും താളബോധവുമാണ് തങ്ങളെ ആകർഷിച്ചതെന്നും കരുത്തും താളവും മെയ് വഴക്കവും ഒത്തുചേരുന്ന ഈ കല ശ്രദ്ധേയമാണെന്നും വിദേശ വനിതകൾ പറഞ്ഞു.