കേരളത്തിൽ നിന്ന് ഒൻപത് സിറ്റിംഗ് എം.എൽ.എമാർ ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്. എം.എൽ.എമാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഇതുസംബന്ധിച്ച് സംശയം നിലനിൽക്കുന്നുണ്ട്. രണ്ട് കാര്യങ്ങളാണ് ഉയർന്നുവരുന്നത്.
1 . എം.എൽ.എ എന്നത് ഔദ്യോഗിക പദവിയാണോ, ആണെങ്കിൽ അത് ഓഫീസ് ഒഫ് പ്രോഫിറ്റ് എന്ന നിർവചനത്തിൽ വരുന്നതാണോ, അങ്ങനെയെങ്കിൽ നിയമതടസമില്ലേ?
2. എം.എൽ.എ , എം.പി. എന്നത് ഇരട്ടപ്പദവികളല്ലേ? ആണെങ്കിൽ ഒരേസമയം ഇരട്ടപദവികൾ വഹിക്കാമോ? രണ്ട് മാസം മുമ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം ഡൽഹി അസംബ്ളിയിലെ ഇരുപത് എം.എൽ.എമാരെ പ്രസിഡന്റ് ഓഫീസ് ഒഫ് പ്രോഫിറ്റ് ചൂണ്ടിക്കാട്ടി അയോഗ്യരാക്കിയിരുന്നു. എം.എൽ.എമാരെ മുഖ്യമന്ത്രി അസംബ്ളി സെക്രട്ടറിമാരായി നിയമിച്ചത് മൂലമാണ് അയോഗ്യരാക്കാൻ കമ്മിഷൻ പ്രസിഡന്റിന് നിർദ്ദേശം നൽകിയത്. തീരുമാനം ഡൽഹി ഹൈക്കോടതി ശരിവച്ചു. ഓഫീസ് ഒഫ് പ്രോഫിറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എം.എൽ.എമാരും എം.പിമാരും പാർലമെന്റിലെയും നിയമസഭയിലെയും അംഗങ്ങളായി ഇരുന്നുകൊണ്ട് സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം നിയമസഭാ, പാർലമെന്റ് നടപടികളിലൂടെ പരിശോധിക്കുകയാണ് ചെയ്യുന്നത്. അത് ഒരു ഭരണഘടനാ പദവിയും ഉത്തരവാദിത്വവുമാണ്. അങ്ങനെയെങ്കിൽ അത്തരം പദവികൾ വഹിക്കുന്നവർ സർക്കാർ നൽകുന്ന ഔദ്യോഗിക ചുമതല സേവന വേതന വ്യവസ്ഥയിൽ സ്വീകരിച്ചാൽ അത് ഓഫീസ് ഒഫ് പ്രോഫിറ്റിന്റെ പരിധിയിൽ വരുന്നു എന്നാണ് സുപ്രീംകോടതി വിധികൾ വ്യാഖ്യാനിച്ചിട്ടുള്ളത്. അതായത് എം.എൽ.എ, എം.പി പദവികൾ സ്വാർത്ഥ താത്പര്യങ്ങൾക്കും ചുമതലകൾക്കും ഇടവരുത്തരുത് . സർക്കാർ നൽകുന്ന പദവി പ്രതിഫലത്തോടെ വഹിക്കുകയാണെങ്കിൽ എം.എൽ.എയ്ക്കും എം.പിക്കും സർക്കാരിനെ നിയമസഭയുടെയും പാർലമെന്റിന്റെയും കീഴിൽ ഉത്തരവാദി ആക്കുന്നതിന് സാദ്ധ്യമാകാതെവരും. ഇന്ത്യൻ ഭരണഘടനയിലാണ് ഓഫീസ് ഒഫ് പ്രോഫിറ്റ് എന്ന പദം കടന്നുവരുന്നത്. അതിന്റെ തത്വം നിയമനിർമ്മാണ സഭയുടെയും ഭരണകൂടത്തിന്റെയും അധികാര വേർതിരിവ് സംബന്ധിച്ച മേഖലയാണ്. എന്നാൽ ഓഫീസ് ഒഫ് പ്രോഫിറ്റ് ഭരണഘടനയിലോ ജനപ്രാതിനിദ്ധ്യ നിയമത്തിലോ നിർവചിക്കപ്പെടുന്നില്ല. ഇത് സംബന്ധിച്ച് 1971ൽ ശിവമൂർത്തി സ്വാമി ഇനാംദാർ കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഒാഫീസ് ഒഫ് പ്രോഫിറ്റ് എപ്രകാരം പരിശോധിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ആണോ പദവിയിൽ നിയമിക്കുന്നത് ?
നിയമിക്കാനും പിരിച്ചുവിടാനും സർക്കാരിനാണോ അധികാരം.?
സർക്കാരാണോ പ്രതിഫലം നൽകുന്നത്. ?
പദവി വഹിക്കുന്നയാളിന്റെ സേവനം സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരം സർക്കാരിന്റെ നയത്തെ അനുകൂലിക്കാൻ വേണ്ടിയാണോ?
പദവിയിലുള്ള ആളിന്റെ പ്രവൃത്തിയെ സർക്കാർ ചട്ടത്തിലൂടെയോ നിർദ്ദേശത്തിലൂടെയോ നിയന്ത്രിക്കുന്നുണ്ടോ?
എം.എൽ.എമാരുടെയും എം.പിമാരുടെയും പദവി ഓഫീസ് ഒഫ് പ്രോഫിറ്റിന്റെ പരിധിയിൽ വരുന്നതാണോ എന്നതും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഭഗവതി പ്രസാദ് ദീക്ഷിത് ഖോര കേസിൽ 1986ൽ തീരുമാനിച്ചിട്ടുണ്ട്. കേസിൽ സുപ്രീംകോടതി വ്യക്തിമാക്കിയത് പാർലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും സർക്കാരിന്റെ കീഴിൽ പ്രതിഫലം പറ്റുന്ന ഓഫീസ് ഒഫ് പ്രോഫിറ്റ് പദവി വഹിക്കുന്നവരല്ല. കാരണം, സർക്കാരല്ല എം.പിമാരെയും എം.എൽ.എമാരെയും നിയമിക്കുന്നതും തിരഞ്ഞെടുക്കുന്നതും . ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുകയാണ്. ആയതിനാൽ 1971ലെ ശിവമൂർത്തി സ്വാമി ഇനാംദാർ കേസിലെ ഒരു നിർദ്ദേശവും എം.എൽ.എമാരെയും എം.പിമാരെയും ബാധിക്കുന്നതല്ല. മേൽ വിവരിച്ച സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം എം.എൽ.എയും എം.പിയും അവർ വഹിക്കുന്ന പദവിയിൽ ശമ്പളവും അലവൻസും കൈപ്പറ്റുന്നുണ്ടെങ്കിൽ കൂടി അത് സർക്കാരിൽ നിന്ന് ലഭിക്കുന്ന വേതനമോ ആനുകൂല്യമോ അല്ല. മറിച്ച് പാർലമെന്റും നിയമസഭയും ഭരണഘടന അനുവർത്തിക്കുന്ന പ്രകാരം പാസാക്കിയിട്ടുള്ള നിയമത്തിന്റെ പ്രാബല്യത്തിലും ആനുകൂല്യത്തിലുമാണ്. അത് സർക്കാർ സേവനമോ ആനുകൂല്യമോ അല്ല. അതുകൊണ്ട് എം.എൽ.എമാരും എം.പിമാരും ഓഫീസ് ഒഫ് പ്രോഫിറ്റ് എന്ന നിർവചനത്തിൽ വരുന്ന വിഭാഗമേയല്ല. ഓഫീസ് ഒഫ് പ്രോഫിറ്റിന്റെ അടിസ്ഥാനത്തിൽ പാർലമെന്റ് അംഗത്തെയോ നിയമസഭാംഗത്തെയോ അയോഗ്യരാക്കുന്നത്, ഭരണഘടനാ അനുച്ഛേദം 102 1 (എ) പ്രകാരവും അനുച്ഛേദം 191 1 (എ) പ്രകാരവുമാണ്. പ്രസ്തുത അനുച്ഛേദങ്ങൾ ഇപ്രകാരം വ്യാഖ്യാനിക്കുന്നു. പാർലമെന്റിലെ ഇരുസഭകളിൽ ഏതെങ്കിലും ഒരംഗമായി തിരഞ്ഞെടുക്കപ്പെടാനും ഒരംഗമായി ഇരിക്കാനും ഭാരത സർക്കാരിന്റെയോ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെയോ കീഴിൽ ഓഫീസ് ഒഫ് പ്രോഫിറ്റ് എന്ന പരിധിയിൽ ഉദ്യോഗം വഹിക്കുന്നയാൾ ആണെങ്കിൽ അത്തരം വിഭാഗത്തെ പാർലമെന്റ് നിയമം വഴി ഒഴിവാക്കപ്പെട്ടിട്ടില്ലായെങ്കിൽ, പ്രസ്തുത അംഗത്തെ അയോഗ്യരാക്കാവുന്നതാണ്. ഈ അനുച്ഛേദത്തെയാണ് 1986 ലെ ഭഗവതി പ്രസാദ് ദീക്ഷിത് കേസിൽ സുപ്രീംകോടതി മേൽ വിവരിച്ച പ്രകാരം വ്യാഖ്യാനിച്ചിട്ടുള്ളത്.
അടുത്തതായി പരിശോധിക്കേണ്ടത്, ഒരു നിയമസഭാംഗത്തിന് ഒരേ സമയം പാർലമെന്റംഗമായി തുടരാൻ സാധിക്കുമോ എന്നതാണ്. അയോഗ്യത എന്നത് നോമിനേഷൻ സമർപ്പിക്കുന്ന സമയത്തും സ്ക്രൂട്ടിനി സമയത്തും പരിശോധിക്കാവുന്നതാണ്. സ്ഥാനാർത്ഥിക്ക് നിശ്ചിത യോഗ്യതയുണ്ടോ എന്ന് റിട്ടേണിംഗ് ഓഫീസർ ആദ്യം പരിശോധിക്കുന്നു. അതിന് ശേഷം അയോഗ്യത സംബന്ധിച്ച് എന്തെങ്കിലും സംഗതികൾ നിലനിൽക്കുന്നുണ്ടോ എന്നും പരിശോധിക്കാം. സിറ്റിംഗ് എം.എൽ.എ എം.പിയായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ഒരേ സമയം ഇരട്ടപ്പദവി വഹിക്കാൻ എം.എൽ.എയ്ക്ക് അവകാശമുണ്ടോ എന്ന ചോദ്യം അയോഗ്യതാ വിഷയമായി റിട്ടേണിംഗ് ഓഫീസർ മുമ്പാകെ ഉന്നയിക്കപ്പെടാവുന്നതാണ്. ഇത് ഭരണഘടനയുടെ അനുച്ഛേദം 101 (1)ഉം (2) ഉം അനുച്ഛേദം 190 (1) ഉം (2) ഉം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അത് ഇപ്രകാരം ഏതൊരാളും പാർലമെന്റിന്റെ ഇരുസഭകളിലും അംഗമായിരിക്കാൻ പാടില്ലാത്തതും, ഇരുസഭകളിലും അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ ഇരുസഭയിൽ അല്ലെങ്കിൽ മറ്റേതിലുള്ള അയാളുടെ സ്ഥാനം ഒഴിയാൻ പാർലമെന്റ് നിയമം വഴി വ്യവസ്ഥ ചെയ്യേണ്ടതാകുന്നു.
ഒപ്പം ഏതൊരാളും പാർലമെന്റിലും സംസ്ഥാന നിയമസഭയിലും കൂടി അംഗമായിരിക്കാൻ പാടില്ലാത്തതും അപ്രകാരം ഒരാൾ പാർലമെന്റിലെയും സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭയിലെയും അംഗമായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ രാഷ്ട്രപതി ഉണ്ടാക്കിയിട്ടുള്ള ചട്ടപ്രകാരം, നിർദ്ദേശിച്ചിട്ടുള്ള സമയത്തിനകം സ്ഥാനം രാജിവയ്ക്കാത്ത പക്ഷം സ്ഥാനം അയോഗ്യമാകുന്നതാണ്. അനുച്ഛേദം 101 ഉം 190 ഉം വ്യക്തമാക്കുന്നത് എം.എൽ.എയും എം.പിയും ഇരട്ടപ്പദവിയാണെങ്കിലും ഒരാൾക്ക് ഒരേസമയം ഇരട്ട പദവികൾ വഹിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല എന്നുമാണ്. എന്നാൽ സിറ്റിംഗ് എം.എൽ.എയായ ഒരംഗത്തിന് പാർലമെന്റംഗമായി മത്സരിക്കാൻ ഭരണഘടനാ അനുച്ഛേദം 101 ഉം 190 ഉം യാതൊരു തടസവും സൃഷ്ടിക്കുന്നില്ല. തിരഞ്ഞെടുക്കപ്പെട്ടാൽ 1961 ലെ തിരഞ്ഞെടുപ്പ് ചട്ടം 91 പ്രകാരം തിരഞ്ഞെടുക്കപ്പെട്ട് 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവയ്ക്കേണ്ടതാണ്. അല്ലാത്തപക്ഷം അയോഗ്യനാക്കാം.
(കേരള നിയമസഭ സെക്രട്ടറിയാണ് ലേഖകൻ)