തിരുവനന്തപുരം: അപ്രതീക്ഷിത അട്ടിമറികളുടേതു കൂടിയാണ് ഓരോ തിരഞ്ഞെടുപ്പും. നിനച്ചിരിക്കാതെ മഹാരഥന്മാർ അടിപതറും; ചിലർ, അവർ പോലും പ്രതീക്ഷിക്കാതെ വിജയത്തിന്റെ കൊടുമുടി കയറും!
1977. സംസ്ഥാനത്ത് നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്നു.അടിയന്തരാവസ്ഥയ്‌ക്കു ശേഷമുള്ള തിരഞ്ഞെടുപ്പാണ്. വി.എസ്.അച്യുതാനന്ദൻ,കെ.ആർ.ഗൗരിയമ്മ, പി.കെ.വാസുദേവൻ നായർ തുടങ്ങി നിയമസഭയിലേക്കുള്ള സ്ഥാനാർത്ഥിനിര പ്രമുഖരുടേത്. പക്ഷേ, ചർച്ച മുഴുവൻ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ചായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗവും സി.ഐ.ടി.യു നേതാവുമായ ഇ.ബാലാനന്ദനെയാണ് സി.പി.എം നിയോഗിച്ചിരിക്കുന്നത്. പാർട്ടിക്ക് വളക്കൂറുള്ള മണ്ണ്. വിപ്ളവം വിതച്ച് വിജയം കൊയ്യാം. കോൺഗ്രസിനൊപ്പം സി.പി.ഐയും കേരള കോൺഗ്രസ്, ആർ.എസ്.പി, പി.എസ്.പി തുടങ്ങിയ കക്ഷികളുമുണ്ട്, ഒറ്റ മുന്നണിയായി. സി.പി.എമ്മും സംഘടനാ കോൺഗ്രസും മറുവശത്ത്.
ആലപ്പുഴയിൽ ബാലാനന്ദനെപ്പോലെ കരുത്തനായ സഖാവിനെ ആര് എതിർക്കുമെന്ന് കോൺഗ്രസ് നേതൃത്വം തല പുകയ്‌ക്കുമ്പോഴാണ് ഒരു യുവനേതാവിന്റെ പേര് എ.കെ.ആന്റണി മുന്നോട്ടുവച്ചത്. അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന വി.എം. സുധീരൻ. ഇരുപത്തെട്ടു വയസ്. സുധീരന്റെ പേരു തന്നെ പലരും ആദ്യം കേൾക്കുകയാണ്.
ബാലാനന്ദനെ എതിരിടാൻ ഒരു പയ്യനോ? പല നെറ്റിയും ചുളിഞ്ഞു. പക്ഷേ, എ.ഐ.സി.സി.അദ്ധ്യക്ഷൻ ദേവകാന്ത് ബറുവ സുധീരന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.
അതോടെ, പ്രവർത്തകർ ആവേശത്തിലായി. ഒറ്റ രാത്രികൊണ്ട് ആലപ്പുഴയുടെ ചുവരുകളിലെല്ലാം സുധീരന്റെ ചുവരെഴുത്തു നിറഞ്ഞു. സി.പി.എം ചിരിച്ചു. ആലപ്പുഴയിൽ സഖാവ് ബാലാനന്ദനോട് ഏറ്റുമുട്ടി ജയിക്കാനോ? കവിഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ബാലാനന്ദനും പാർട്ടിയും. തൊഴിലാളികളടെ നാട്. പുന്നപ്ര, വയലാർ അടക്കം എത്രയോ തൊഴിൽസമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകിയ മണ്ണ്. പോരെങ്കിൽ, സ്ഥാനാർത്ഥി സി.ഐ.ടിയു നേതാവും. എന്തു പേടിക്കാൻ?
ഡി.സി.സി പ്രസിഡന്റ് തച്ചടി പ്രഭാകരന്റെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് മുന്നണിയുടെ പ്രചാരണം.
തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ സി.പി.എം ഞെട്ടി. കോൺഗ്രസുകാർ അതിനേക്കാൾ ഞെട്ടി. വി.എം.സുധീരൻ ജയിച്ചു, ഭൂരിപക്ഷം 64,000- ത്തിലധികം വോട്ട്! നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ആർ.ഗൗരിയമ്മ, വി.എസ്.അച്യുതാനന്ദൻ അടക്കമുള്ള പ്രമുഖർ അന്നു തോറ്റതും ചരിത്രം.
മറക്കാനാവാത്ത അന്നത്തെ മത്സരത്തെക്കുറിച്ച് സുധീരൻ ഓർക്കുന്നത് ഇങ്ങനെ: ആലപ്പുഴയിൽ വിജയിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. സഖ്യകക്ഷികൾ അടക്കം എല്ലാവരും ഒരേ മനസോടെ അക്ഷീണം പ്രവർത്തിച്ചു.എല്ലാ കാര്യങ്ങളും വളരെ ചിട്ടയായി നടന്നു..