നെയ്യാറ്റിൻകര: ഏറെ കൊട്ടിഘോഷിച്ചാണ് നെയ്യാറ്റിൻകരയിലേക്കും സമീപ പഞ്ചായത്തുകലേക്കും ശുദ്ധജല വിതരണത്തിനായി നടപ്പാക്കിയ കാളിപ്പാറ കുടിവെള്ള പദ്ധതി തുടക്കം മുതലേ ശനിദശയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ പൈപ്പ് പൊട്ടിയത് 12 തവണയാണ് വഴുതൂർ- ആശുപത്രി ജംഗ്ഷൻ, ആലുംമ്മൂട് പ്രദേശങ്ങളിൽ പൈപ്പ് പൊട്ടിയത്. കൂറ്റൻ പൈപ്പ് ലൈനുകളിലൂടെ വെള്ളം ഒഴുകുമ്പോൾ പ്രഷർ ക്രമീകരിക്കാനുള്ള എയർ വാൽവുകൾ ഇല്ലാത്തതാണ് പൈപ്പ് പൊട്ടലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നെയ്യാർ ഡാമിൽ നിന്നും വെള്ളമെത്തിച്ച് ശുദ്ധീകരിച്ച് 700 എം.എഎമ്മിന്റെ കൂറ്റൻ പൈപ്പുകളിലൂടെ വെള്ളം വിതരണം ചെയ്യാനാണ് കാളിപ്പാറ പദ്ധതി കൊണ്ട് ലക്ഷ്യം വച്ചത്. എന്നാൽ നെയ്യാറ്റിൻകര റെയിൽവേ പാളത്തിനടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ സതേൺ റെയിൽവേ തയാറാകാത്തതായിരുന്നു ആദ്യ തടസം. പിന്നീട് കേന്ദ്ര പരിസ്ഥതി സംരക്ഷണ വകുപ്പും പദ്ധതിയുടെ അനുമതി നിഷേധിച്ചു. ഒടുവിൽ കൃഷി ആവശ്യത്തിന് കമ്മിഷൻ ചെയ്ത നെയ്യാർ ഡാമിൽനിന്നും കുടിവെള്ള പദ്ധതിക്ക് വെള്ളം എടുക്കരുതെന്ന നദീജല സംരക്ഷണ സമിതിയുടെ നിർദ്ദേശവും മറികടന്നാണ് കാളിപ്പാറ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ പദ്ധതി നടപ്പിലാക്കി അന്നുമുതൽ ചെറുതും വലുതുമായി നിരവധി തവണയാണ് പൈപ്പുകൾ പൊട്ടിയത്.
കഴിഞ്ഞ ദിവസം പദ്ധതിയുടെ പ്രധന പൈപ്പ് തൊഴുക്കൽ ജംഗ്ഷനിൽ പൊട്ടി. നെയ്യാറ്റിൻകര- കാട്ടാക്കട റോഡ് നൊടിയിടയിൽ കുളമായി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിലൂടെ ഒഴുകി. വെള്ളം കുത്തിയൊലിച്ചതേടെ റോഡിന്റെ പല ഭാഗവും തകർന്നു. ഗതാഗതവും ചൊവ്വാഴ്ചത്തെ ടൗണിലെ കുടിവെള്ള വിതരണവും മുടങ്ങി. രണ്ടുമണിക്കൂർ പണിപ്പെട്ടാണ് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞത്.
വരൾച്ച ശക്തമാകുന്ന സാഹചര്യത്തിൽ നെയ്യാറ്റിൻകരയിലെയും സമീപ പ്രദേശത്തെയും ആളുകളുടെ ആകെയുള്ള ആശ്രയമാണ് കാളിപ്പാറ കുടിവെള്ള പദ്ധതി. തുടരെയുള്ള പൈപ്പ് പൊട്ടുന്നതും കുടിവെള്ളം മുടങ്ങുന്നതും നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞദിവസം വെള്ളം പൊട്ടിയൊഴുകിയത് ഏറെ ചർച്ചയായ സാഹചര്യത്തിൽ പൈപ്പ് പൊട്ടൽ തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.