obitury

നെടുമങ്ങാട്: ജീവനൊടുക്കാനായി കെട്ടിടം പണിക്കിടെ രണ്ടാം നിലയിൽ നിന്ന് ചാടിയെങ്കിലും വിജയിച്ചില്ല. പരിക്കേറ്റ് ആശുപത്രിയിലായി. കൂട്ടിരുന്ന ഭാര്യയുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ തൂങ്ങിമരിച്ചു. കെട്ടിട നിർമ്മാണത്തൊഴിലാളി പാളയത്തിൻമുകൾ കുഴിവിള വീട്ടിൽ ഷിബുകുമാർ (38) ആണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്.

ആശുപത്രിയിലെ സർജിക്കൽ വാർഡിലെ സ്റ്റോർ റൂമിൽ ചൊവ്വാഴ്ച രാവിലെ നാലരയോടെയാണ് മൃതദേഹം കണ്ടത്. മുറിയിലെ ഹൂക്കിൽ ലുങ്കിയിൽ കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു. തിങ്കളാഴ്ച കല്ലയത്ത് കെട്ടിടം പണിക്കിടെ ഷിബുകുമാർ രണ്ടാം നിലയിൽ നിന്ന് ചാടിയെങ്കിലും ചാരത്തിൽ നിന്ന് വീണതാണെന്നാണ് മറ്റുള്ളവർ കരുതിയത്. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ഷിബുകുമാറിനെ കൂടെ ജോലി ചെയ്തിരുന്നവർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. താൻ കെട്ടിടത്തിൽ നിന്ന് ചാടിയതാണെന്ന് ഡ്യൂട്ടി ഡോക്ടറോട് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു.

പരിശോധനകൾക്കു ശേഷം രാത്രിയോടെ ഷിബുകുമാറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ ദീപയും ഒപ്പമുണ്ടായിരുന്നു. പുരുഷന്മാരുടെ വാർഡിൽ അഡ്മിറ്റ്‌ ചെയ്ത ഷിബുകുമാർ കട്ടിലിൽ ഉറങ്ങിക്കിടക്കുന്നത് കണ്ടശേഷം ദീപ വരാന്തയിൽ ഉറങ്ങാൻ പോയി. ഇടയ്ക്ക് നോക്കുമ്പോൾ ഭർത്താവിനെ കാണാനില്ലെന്നറിഞ്ഞ് ബഹളം വച്ചു. തുടർന്നുള്ള അന്വേഷണത്തിൽ സ്റ്റോർ റൂമിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്കരിച്ചു. ഷിദി, വൈഗ, ഷിദിൻ, വൈജിൻ എന്നിവർ മക്കളാണ്.