വിഴിഞ്ഞം: ഡീസൽ ചോർന്നതിനെ തുടർന്ന് നവംബറിൽ കടലിൽ മുങ്ങിയ ബ്രഹ്മേക്ഷര ടഗ്ഗ് ഉയർത്താൻ തീരുമാനം. ടഗ്ഗ് മാറ്റാനാകാത്തതിനാൽ കോസ്റ്റ് ഗാർഡിന്റെ ബെർത്ത് നിർമ്മാണം അനിശ്ചിതത്വത്തിലായതിനെ കുറിച്ച് കഴിഞ്ഞ തിങ്കളാഴ്ച കേരളകൗമുദി വാർത്ത നൽകിയിരുന്നു. ലേല നടപടികൾക്കിടെ ടഗ്ഗ് മുങ്ങിയതിനാൽ മുംബയ് എസ്.ബി.ഐ ബാങ്ക് മുഖാന്തരമാണ് ടഗ്ഗ് ഉയർത്തുന്നതിനായി സ്വകാര്യ ഷിപ്പിംഗ് കമ്പനിയുടെ സഹായം തേടിയത്. കൊച്ചിയിലെ സ്വകാര്യ കമ്പനിയായ എക്‌സലന്റ് ഷിപ്പ് ബിൽഡേഴ്സ് എന്ന കമ്പനിയാണ് ആധുനിക സംവിധാന സഹായത്തോടെ ടഗ്ഗ് ഉയർത്തുന്നതിന് എസ്.ബി.ഐ ബാങ്കുമായി കരാർ ഒപ്പുവച്ചത്. 5ന് ക്രെയിനും വിഞ്ചും ഉൾപ്പെടെയുള്ള സാധനങ്ങൾ വിഴിഞ്ഞത്തെത്തിക്കും. മറിഞ്ഞ് മുക്കാൽ ഭാഗവും മുങ്ങിയ ടഗ്ഗിനെ നിവർത്തി പൂർവ സ്ഥിതിയിലാക്കാനാണ് അധികൃതരുടെ ശ്രമം. വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനു വേണ്ടി ആധുനിക സൗകര്യങ്ങളോടുകൂടിയ ബെർത്ത് നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും ടഗ്ഗ് മാറ്റാത്തതിനാൽ നിർമ്മാണം തുടങ്ങാനായില്ല. വർഷങ്ങളായി പുതിയ വാർഫിൽ തുടർന്നിരുന്ന മുംബയ് ടഗ്ഗ് ബ്രഹ്മേക്ഷര നവംബർ 28ന് പുലർച്ചെ മുങ്ങിയതോടെ ഇതിൽ സൂക്ഷിച്ചിരുന്ന ഡീസൽ കടലിൽ പരന്നിരുന്നു. sഗ്ഗിന്റെ അടിഭാഗം പൊട്ടിയാണ് ഇന്ധനം ചോർന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ സ്ഥലത്തെത്തി നിയന്ത്രണ നടപടികൾ സ്വീകരിച്ചിരുന്നു. അവശേഷിക്കുന്ന ഇന്ധനം നീക്കം ചെയ്യുന്നതിനും ഉയർത്തുന്നതിനും പോർട്ട് ട്രസ്റ്റ് അധികൃതരുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടിരുന്നു. 2015ൽ തൂത്തുക്കുടിയിൽ കല്ല് കയറ്റി മാലിയിലെത്തിച്ച ശേഷം തിരികെ മടങ്ങവേ പാറയിൽ തട്ടി ഇന്ധന ചോർച്ച ഉണ്ടായതിനെ തുടർന്ന് അധികൃതരുടെ സഹായത്തോടെ വിഴിഞ്ഞത്തെ പുതിയ വാർഫിൽ ടഗ്ഗ് അടുപ്പിക്കുകയായിരുന്നു.
കപ്പലിൽ ഉണ്ടായിരുന്നത് - 4000 ലിറ്റർ ഡീസൽ
ഫോട്ടോ: sഗ്ഗ് ബ്രഹ്മേക്ഷര മറിഞ്ഞ നിലയിൽ
2. കേരളകൗമുദി കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാർത്ത