ആറ്റിങ്ങൽ: റോഡ് വക്കിലെ തണൽമരം സമൂഹ്യ വിരുദ്ധർ മുറിച്ചു മാറ്റിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. അവനവഞ്ചേരി അമ്പലംമുക്കിൽ വർഷങ്ങളായി നിന്ന ബദാം മരമാണ് മുറിച്ചത്. ശിഖരങ്ങൾ മുറിച്ച് തണൽ നഷ്ടപ്പെടുത്തിയ മരത്തിൽ ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധിച്ചത്.മരം നാട്ടുകാരോട് പറയുന്ന രീതിയിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ദുഷ്ടരേ എന്നോടെന്തിനീ ക്രൂരത. വർഷങ്ങളോളം തണൽ നൽകി നിങ്ങളെ സംരക്ഷിച്ച എന്റെ തലയും കൈകളും ഈ കൊടും ചൂടിൽ എന്തിനു വെട്ടിമാറ്റി. എന്റെ ഉടൽമാത്രം ബാക്കിയാക്കി. പൊറുക്കില്ല ഞാൻ” ഇങ്ങനെയാണ് പ്രതിഷേധ ബോർഡ്.കഴിഞ്ഞ ദിവസം രാത്രിയിലാണ് മരത്തിന്റെ ശിഖരം മുറിച്ചുമാറ്റിയത്. ഇതിന് ഉത്തരവാദികളെ പിടികൂടി ശിക്ഷിക്കണമെന്നു കാട്ടി നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരിക്കുകയാണ്. റോഡു വക്കിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റണമെങ്കിൽ വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ അനുമതി വേണം. എന്നാൽ ഈ മരം യാതൊരു അമുമതിയും ഇല്ലാതെ സമീപവാസിതന്നെയാണ് മുറിച്ചു മാറ്റിയതെന്നാണ് നാട്ടുകാർ പറയുന്നത്.