തിരുവനന്തപുരം: സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ കമ്മിഷനുകൾ, സർവകലാശാലകൾ, കമ്പനി, ബോർഡ്, കോർപറേഷൻ ഉൾപ്പെടെയുള്ള സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ ഐ. ടി ഉപകരണങ്ങൾ സർക്കാരിന്റെ കേന്ദ്രീകൃത സംവിധാനമായ www.cprcs.kerala.gov.in എന്ന പോർട്ടൽ മുഖേന വാങ്ങണമെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചു.

കേന്ദ്രീകൃത സംവിധാനത്തിൽ ഉൾപ്പെടാത്ത ഐ. ടി ഉപകരണങ്ങൾ വാങ്ങുന്നതിന് സംസ്ഥാന ഐ. ടി മിഷന്റെ പ്രതിനിധി ഉൾപ്പെട്ട ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരത്തോടെ വേണം ടെൻഡർ നൽകേണ്ടത്. മറ്റു മാർഗങ്ങളിലൂടെ കൂടിയ തുകയ്ക്ക് വാങ്ങിയാൽ അധിക തുക പർച്ചേസിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ബാദ്ധ്യതയായി കണക്കാക്കുകയും ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കുകയും ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നു.