തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ അന്തർ സംസ്ഥാന സർവീസിനുള്ള മൂന്നു സ്കാനിയ ബസുകൾ നികുതി അടയ്ക്കാത്തതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. മുംബയ് ആസ്ഥാനമായ കമ്പനിയിൽ നിന്ന് വാടകയ്ക്കെടുത്തതാണ് ബസുകൾ.
ഇന്നലെ രാവിലെയാണ് തമ്പാനൂരിൽ നിന്നു ബസുകൾ പിടിച്ചെടുത്തത്. വൈകിട്ട് ബംഗളൂരുവിലേക്ക് സർവീസ് നടത്തേണ്ട രണ്ടു ബസുകളും മൂകാംബികയിലേക്കുള്ള ബസുമാണ് പിടിച്ചെടുത്തത്. വിവരമറിഞ്ഞിട്ടും നികുതി അടയ്ക്കാൻ സ്വകാര്യ കമ്പനി തയ്യാറായില്ല. പകരും ബസുകൾ അയയ്ക്കാതെ കെ.എസ്.ആർ.ടി.സി റിസർവ് ചെയ്ത യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്തു. മുന്നൂറോളം യാത്രക്കാരെയാണ് പറ്റിച്ചത്.
പത്തു സ്കാനിയയും പത്തു ഇലക്ട്രിക് ബസുമാണ് കോർപറേഷൻ വാടകയ്ക്കെടുത്തിട്ടുള്ളത്. ഓരോ സ്കാനിയയും ഒന്നരലക്ഷത്തിനു മുകളിൽ തുക നികുതി നൽകാനുണ്ട്. നികുതി അടയ്ക്കണമെന്ന് ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും വീഴ്ച വരുത്തിയതിനാലാണ് പിടിച്ചെടുക്കേണ്ടി വന്നതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. ബംഗളൂരു സർവീസ് നടത്തിയിരുന്ന സ്കാനിയ ബസ് ശനിയാഴ്ച രാത്രി അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് രേഖകൾ പരിശോധിച്ചപ്പോൾ നികുതി അടച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. അതാണ് പെട്ടെന്നുള്ള നടപടിക്ക് കാരണം.
വ്യവസ്ഥ ഇങ്ങനെ
ഇന്ധനം കെ.എസ്.ആർ.ടി.സി നിറയ്ക്കണം. ഒരു കിലോമീറ്റർ ഓടുന്നതിന് 23.30 രൂപ സ്വകാര്യ കമ്പനിക്ക് നൽകണം. അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, നികുതി ഇവയെല്ലാം സ്വകാര്യ കമ്പനി വഹിക്കണം.