water

തിരുവനന്തപുരം: വേനൽ കടുത്തതോടെ നഗരത്തിൽ കുടിവെള്ള ക്ഷാമമുണ്ടാകാതിരിക്കാൻ വാട്ടർ അതോറിട്ടി അരുവിക്കരയിൽ അധികജലം ഉത്പാദിപ്പിക്കാൻ ആരംഭിച്ചു. ശുദ്ധജലക്ഷാമം ഒഴിവാക്കാൻ അരുവിക്കരയിൽ നിന്നുള്ള ഉത്പാദനം കൂട്ടാൻ ജലവിഭവ വകുപ്പ് അഡിഷണൽ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് അരുവിക്കരയിലെ 86, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകളിൽ ഉത്പാദനം കൂട്ടാനുള്ള നടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം മുതൽ അധിക 50 ലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്യാൻ തുടങ്ങി. എല്ലാ പണികളും പൂർത്തിയാകുമ്പോൾ വീണ്ടും പ്രതിദിനം 50 ലക്ഷം ലിറ്റർ കൂടി വിതരണം ചെയ്യും. ഇതോടെ നഗരത്തിലെ ചില ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പരിഹാരമാകും.

ഒരുക്കങ്ങൾ പൂർത്തിയായി

​​​​​​​​​​​​​​​-----------------------------------------------

2017ലെ വരൾച്ചാസമയത്ത് കാപ്പുകാട് നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാൻ ഉപയോഗിച്ച കൂറ്റൻപമ്പ് അരുവിക്കരയിലെത്തിച്ച് കരമനയാറ്റിൽനിന്ന് 86, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകളിലേക്ക് ജലമെടുക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു. 600 മീറ്റർ നീളത്തിൽ 300 എം.എം പൈപ്പും പ്രദേശത്ത് 50 മീറ്റർ എംഎസ് പൈപ്പും സ്ഥാപിച്ചാണ് വെള്ളം ജലശുദ്ധീകരണ ശാലയിലേക്കെത്തിച്ചത്. ശുദ്ധീകരിച്ച ജലം, സബ്‌മേഴ്‌സിബിൾ പമ്പുകൾ ഉപയോഗിച്ച് 40 മീറ്ററോളം ഉയരമുള്ള ബ്രേക്ക് പ്രഷർ ടാങ്കിലെത്തിച്ചാണ് വിതരണം നടത്തുക. വെള്ളയമ്പലം 36 എം.എൽ.ഡി ഫിൽട്ടർ ഹൗസ് പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന ബൂസ്റ്റർ പമ്പ് ഹൗസിൽ 30 ലക്ഷം ലിറ്റർ അധിക ജലം പമ്പ് ചെയ്യത്തക്കവിധം പുതിയ സ്റ്റാർട്ടർ ഘടിപ്പിച്ചതിലൂടെ വെള്ളയമ്പലം ഫിൽറ്റർ ഹൗസിൽ നിന്നുള്ള ഉത്പാദനവും കൂട്ടിയിട്ടുണ്ട്. വെള്ളത്തിലെ മഞ്ഞനിറം ഒഴിവാക്കാനായി എ.ഡി.ബി സംഘത്തിന്റെ നിർദ്ദേശപ്രകാരം ശുദ്ധീകരണപ്രക്രിയയിൽ ക്രമീകരണങ്ങൾ വരുത്തി ഇരുമ്പിന്റെ അംശം ഗണ്യമായി കുറച്ചു. ഫിൽട്ടർ ബഡ്ഡിൽ നിന്നു വരുന്ന അവശിഷ്ടജലം റീസൈക്കിൾ ചെയ്യുന്ന ജോലികളും നടക്കുകയാണ്.

 അധികമെത്തിക്കുന്നത് - 100 ലക്ഷം ലിറ്റർ ശുദ്ധജലം

 നഗരത്തിൽ വാട്ടർ അതോറിട്ടിയുടെ അരുവിക്കരയിൽനിന്നുള്ള

പ്രതിദിന ശുദ്ധജല വിതരണം - 280 ദശലക്ഷം ലിറ്റർ