photo

നെടുമങ്ങാട് : നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം. ഒടുവിൽ ഇരിഞ്ചയത്തെ മത്സ്യ മാർക്കറ്റിനും ഫ്രീസർ യൂണിറ്റിനും ശാപമോക്ഷമാകുന്നു.ഇതിന്റെ ഭാഗമായി

നഗരമദ്ധ്യത്ത് മഞ്ച റോഡിൽ ഗതാഗതത്തിന് തടസമായി ഇപ്പോൾ അരങ്ങേറുന്ന ഹോൾസെയിൽ മത്സ്യകച്ചവടം അധികം വൈകാതെ ഇരിഞ്ചയം മാർക്കറ്റിലേക്ക് മാറ്റും.ഗതാഗതക്കുരുക്ക് അഴിക്കുന്നതിനു പുറമെ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച മത്സ്യ മാർക്കറ്റും ഫ്രീസർ യൂണിറ്റും ഉപയോഗപ്രദമാക്കാനും കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.ഇതിനായുള്ള

തുക ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതോടെ ഉദ്ഘാടനം മുതൽ ഇന്നുവരെ അടഞ്ഞുകിടന്ന മത്സ്യമാർക്കറ്റിൽ മൊത്തവ്യാപാര ശൃംഖല സജ്ജമാക്കാനാണ് നഗരസഭയുടെ തീരുമാനം.

നഗരസഭ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പണിത ഉൾനാടൻ മത്സ്യമാർക്കറ്റ് മന്ദിരമാണ് ഉപയോഗ ശൂന്യമായത്. 2004 ൽ ഉദ്ഘാടനം ചെയ്ത മാർക്കറ്റ് തൃശൂർ ആസ്ഥാനമായുള്ള സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡാണ് രൂപകല്പന ചെയ്ത് നിർമ്മാണം പൂർത്തീകരിച്ചത്.നെടുമങ്ങാട് ടൗൺ മാർക്കറ്റിലേയ്ക്ക് കൊണ്ടുവരുന്ന മീൻ കേടാകാതെ സൂക്ഷിക്കാനും പിന്നീട് വില്പനയ്‌ക്കെത്തിയ്ക്കാനുമായിരുന്നു ലക്ഷ്യം.എന്നാൽ,ഒരു കുട്ട മീൻ പോലും ഇവിടത്തെ ഫ്രീസറിൽ സൂക്ഷിക്കാൻ യോഗമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. നെടുമങ്ങാട് മാർക്കറ്റിൽ നിന്നും ഏകദേശം ആറ് കിലോമീറ്റർ അകലെയുള്ള ഇവിടെ മീൻ സൂക്ഷിക്കാനായി എത്തിക്കാൻ വില്പനക്കാരും ഏജന്റുമാരും തയ്യാറാകാത്തതായിരുന്നു പ്രതിസന്ധിക്ക് കാരണം.ഹോൾസെയിൽ മാർക്കറ്റായി മാറുന്നതോടെ കച്ചവടക്കാർക്കും മറ്റും ഇരിഞ്ചയം ഏറെ സൗകര്യപ്രദമാവുമെന്നാണ് നഗരസഭയുടെ അനുമാനം.