ബാലരാമപുരം: നാലംഗ സംഘം വീട് ആക്രമിച്ച് ദേഹോപദ്രവം ഏല്പിച്ചതായി പരാതി. വെടിവെച്ചാൻകോവിൽ അയണിമൂട് ലക്ഷ്‌മിവിലാസത്തിൽ ലീലയുടെ മകൾ വത്സലയുടെ (72)​ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 3ഓടെയാണ് സംഭവം. വത്സലയുടെ മക്കളായ ലാൽ (35)​,​ രാജീവ് (28)​ എന്നിവരെ അക്രമികൾ മർദ്ദിച്ചെന്നാണ് പരാതി. രാജീവിന്റെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപദ്രവിക്കാൻ ശ്രമിച്ചു. വത്സലയുടെ മൂന്നരപ്പവൻ സ്വർണമാല അക്രമികൾ പൊട്ടിച്ചെടുത്തെന്നും ഇവർ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ ലാലും രാജീവും ശാന്തിവിള ആശുപത്രിയിൽ ചികിത്സ തേടി. ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. നരുവാമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.