1

വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്ത് ഡ്രഡ്ജറിലെ ഫെൻഡർ പൊട്ടിത്തെറിച്ച് ആന്ധ്ര സ്വദേശിയായ തൊഴിലാളി ജഗദീഷ് നായിഡു (38) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന സംഭവം രാത്രിയാണ് നിർമ്മാണച്ചുമതലയുള്ളവർ പുറത്തറിയിച്ചത്. കപ്പലുകൾ തമ്മിലിടിക്കാതിരിക്കാൻ വശങ്ങളിൽ കെട്ടുന്ന റബർ നിർമ്മിത ഉപകരണമാണ് ഫെൻഡർ. ഇതിൽ കാറ്റ് നിറയ്ക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ഒരാൾക്കു കൂടി പരിക്കേറ്റതായും അറിയുന്നു.

ഫെൻഡർ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങലയും പൊട്ടിത്തെറിച്ച ഫെൻഡറിന്റെ ഭാഗങ്ങളും ഇടിച്ചാവാം മരണം സംഭവിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. അപകട വിവരം അറിയിക്കാൻ വൈകിയതിനെപ്പറ്റി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്കുശേഷം 3.30 ഓടെയാണ് ഫെൻഡർ പൊട്ടിത്തെറിച്ചത്. ജഗദീഷിന്റെ മുഖത്ത് ഗുരുതര പരിക്കേറ്റു. ബാർജിൽ കരയ്ക്കെത്തിച്ച ശേഷം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചെന്നാണ് അധികൃതർ പറഞ്ഞത്. ഡ്രഡ്ജിംഗ് തൊഴിലാളിയായ ജഗദീഷ് കുടുംബസമേതം മുല്ലൂർ നെല്ലിക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മായ. രണ്ടും ഒന്നരയും വയസുള്ള രണ്ട് മക്കളുണ്ട്. വിഴിഞ്ഞം പൊലീസ് കേസെടുത്തു.

ഫോട്ടോ: കപ്പലുകൾ കൂട്ടിയിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഫെൻഡറുകൾ

2. അപകടത്തിൽപ്പെട്ട് മരിച്ച ജഗദീഷ്