തിരുവനന്തപുരം: സൂര്യാതപത്തിന് പൊതുവെ ശമനമുണ്ടെങ്കിലും ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇന്ന് താപനില നാല് ഡിഗ്രിവരെ കൂടാമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ രണ്ട് ഡിഗ്രിവരെ ചൂട് കൂടാം. സംസ്ഥാനത്തെ ഈർപ്പം കൂടിയ അന്തരീക്ഷത്തിൽ ചൂടിന്റെയും സൂര്യാഘാതത്തിന്റെയും തോത് കൂടാനിടയുണ്ടെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും ചെറിയ തോതിൽ വേനൽ മഴ ലഭിക്കാനിടയുണ്ട്.