ചേർത്തല: മദ്യലഹരിയിലായ മകന്റെ ചവിട്ടേറ്റ് വൃദ്ധമാതാവ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ മകൻ കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് തൈക്കൽ നിവർത്തിൽ സന്തോഷിനെ (45) പട്ടണക്കാട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ചവിട്ടേറ്റാണ് കല്യാണി മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
രക്തസ്രാവം മൂലം അവശനിലയിലായ കല്യാണിയെ രക്തം കഴുകിക്കളഞ്ഞ ശേഷം കൂട്ടുകാരനുമായി ചേർന്ന് സന്തോഷ് ആട്ടോയിൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. പോസ്റ്റ്മോർട്ടം വേണ്ടെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും പൊലീസ് അംഗീകരിച്ചില്ല. സന്തോഷ് അടക്കമുള്ളവരും സംഭവത്തിൽ പരാതിയില്ലെന്ന നിലപാടുമായി പൊലീസിനെ സമീപിച്ചിരുന്നു. പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ചില രാഷ്ട്രീയ നേതാക്കളുടേതുൾപ്പെടെ സമ്മർദ്ദം ഏറിയതോടെ പൊലീസിന്റെ സംശയം ബലപ്പെട്ടു. സന്തോഷിനോട് വിവരങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാതായതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇയാളുടെ ശരീരഭാഷയിൽ പന്തികേട് മനസിലാക്കിയ പൊലീസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു. ചവിട്ടേറ്റ് ഇടുപ്പെല്ലും വാരിയെല്ലും ഒടിഞ്ഞതായും ഇടുപ്പെല്ല് ആന്തരികാവയവത്തിൽ തുളച്ച് കയറിയതാണ് രക്തസ്രാവത്തിന് കാരണമെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന.
തുടർന്ന് സന്തോഷിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പ്രതിയുമായി പൊലീസ് സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ചോരക്കറയുള്ള പായയും കല്യാണി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. വിരലടയാള, ശാസ്ത്രീയ പരിശോധനാ വിദഗ്ദ്ധരെത്തി രക്ത സാമ്പിളും മറ്റ് തെളിവുകളും ശേഖരിച്ചു. വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മയുമായി ഇയാൾ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും എസ്.ഐ അമൃതരംഗൻ പറഞ്ഞു.
തിടുക്കം കാട്ടി, സംശയത്തിലായി
കല്യാണിയെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ച മകൻ സന്തോഷ് അമ്മ ട്രീറ്റ്മെന്റിലാണെന്ന് കൂടെക്കൂടെ പറയുന്നുണ്ടായിരുന്നു. എന്നാൽ എന്ത് ചികിത്സയാണെന്ന് ഇയാൾ വ്യക്തമാക്കിയിരുന്നില്ല. കാൻസർ പോലെയുള്ള രോഗങ്ങൾ മൂലം ആന്തരിക രക്തസ്രാവം ഉണ്ടാകാൻ ഇടയുള്ളതിനാൽ വിദഗ്ദ്ധ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു.
ആശുപത്രി യാത്രയ്ക്കിടെ കല്യാണി മരിച്ചതോടെ പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം തിരികെ കൊണ്ടുപോകാൻ സന്തോഷ് തിടുക്കം കാട്ടിയതോടെ പരാതി ഇല്ലാതെതന്നെ ജില്ലാ പൊലീസ് ചീഫിന്റെ അനുവാദത്തോടെ പട്ടണക്കാട് എസ്.ഐ അമൃത് രംഗൻ പൊലീസ് സർജന്റെ നേതൃത്വത്തിലുള്ള പോസ്റ്റ് മോർട്ടം ഉറപ്പാക്കുകയായിരുന്നു. ഇതോടെയാണ് കൊലപാതകം തെളിഞ്ഞത്. കല്യാണിയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിന് മുമ്പുതന്നെ സന്തോഷാണ് കൊലയ്ക്ക് പിന്നിലെന്ന് മനസിലാക്കിയ പൊലീസ് ഇയാളെ ചടങ്ങുകളിൽ പങ്കെടുപ്പിച്ചില്ല. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലുണ്ടായ സംശയം ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ തെളിയിക്കാനായത് പൊലീസിന്റെ മികവായി.