red-3

പാഞ്ചാലി വെട്ടിത്തിരിഞ്ഞു.

കണ്ണുകളിൽ അമ്പരപ്പു മിന്നി.

അവൾ സുധാമണിയെ തുറിച്ചുനോക്കി. അവരുടെ മുഖത്തും അരുതാത്തത് പറഞ്ഞ ഭാവം!

''ചേടത്തി എന്താ പറഞ്ഞത്?"

പാഞ്ചാലിയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു.

''അത്.... പിന്നെ..."

ബാക്കി പറയാൻ പരുങ്ങുകയായിരുന്നു സുധാമണി. പൊടുന്നനെ അടുക്കളയുടെ വാതിലിനപ്പുറം ഒരു നിഴലനക്കം.

സുധാമണിയുടെ ദൃഷ്ടികൾ അവിടേക്കു നീണ്ടുചെന്നു.

അവിടെ....

ചന്ദ്രകലയുടെ കത്തുന്ന മുഖം!

ഭീഷണിയും ശാസനയും നിറഞ്ഞ രൂപം. മിന്നൽ വേഗത്തിൽ ചന്ദ്രകല അവിടെ നിന്നു മാറുകയും ചെയ്തു.

സുധാമണിയുടെ നോട്ടം കണ്ട് പാഞ്ചാലിയും അവിടേക്കു ശ്രദ്ധിച്ചു. പക്ഷേ അവൾക്ക് ഒന്നും കാണുവാൻ കഴിഞ്ഞില്ല.

''എന്താ ചേടത്തീ?"

അവളുടെ പുരികം ചുളിഞ്ഞു.

''ഒരു പൂച്ച." സുധാമണിയുടെ ശബ്ദം പതറി. ''ഈ തറവാട്ടിൽ കുറച്ചുനാളായി ഒരു പൂച്ച പതുങ്ങിനടപ്പുണ്ട്."

സുധാമണി വിഷയം മാറ്റി :

''മോൾക്ക് എല്ലാ വിഷയത്തിനും എ പ്ളസ് കിട്ടിയപ്പോൾ സാറന്മാർക്ക് സന്തോഷമായിക്കാണും. അല്ലേ?"

''ഉം." പാഞ്ചാലി ഒന്നു മൂളി.

''ചേടത്തി ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല... കലമമ്മി എന്റെ സ്വന്തം മമ്മിയല്ലേ?"

സുധാമണി പകച്ചു. നെഞ്ചിനു കുറുകെ ഒരു വെട്ടു കിട്ടിയതുപോലെ തോന്നി അവർക്ക്.

''ഞാൻ... ഞാൻ അങ്ങനല്ല ഉദ്ദേശിച്ചത്...."

അവർ വീണ്ടും തിടുക്കത്തിൽ അടുക്കള ജോലിയിൽ വ്യാപൃതയായി.

''സമയത്തിന് ആഹാരം ശരിയായില്ലെങ്കിൽ കൊച്ചമ്മ എന്നെ വഴക്കു പറയും."

ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല പാഞ്ചാലി. മനസ്സിൽ തറച്ച സംശയത്തിന്റെ മുള്ളുമായി അർദ്ധശങ്കയോടെ അവൾ അങ്ങനെ ഇരുന്നു.

അടുക്കളയുടെ തുറന്നുകിടന്നിരുന്ന ജനാലയിലൂടെ പുറത്ത് തിളയ്ക്കുന്ന വെയിൽ കാണാം.

അവിടെ ഉണ്ടാക്കിയ ഷെഡ്ഡിൽ മൂന്നു കാറുകൾ കിടക്കുന്നു.

ഒരു പഴയ കറുത്ത അംബാസിഡർ കാർ, ഒരു ബെൻസ്. പച്ചനിറത്തിലുള്ളത്. പിന്നെ കഴിഞ്ഞ വർഷം മമ്മി വാങ്ങിയ സ്കോഡ.

ആദ്യത്തെ രണ്ട് കാറുകളും ഡാഡി ഉപയോഗിക്കുന്നതായിരുന്നു...

പാഞ്ചാലി ദീർഘമായി നിശ്വസിച്ചു. ഇവിടെ മൂന്നു കാറുകൾ ഉണ്ടായിട്ടും ഈ വെയിലത്ത് തനിക്ക് നടന്ന് സ്കൂളിൽ പോകേണ്ടിവരുന്നു!

സുധാമണി പറഞ്ഞ വാചകം അവളുടെ മനസ്സിന്റെ ഭിത്തിയിൽ ഇരുമ്പാണികൊണ്ട് പോറിയതു പോലെ ചോര പൊടിച്ചുകൊണ്ടിരുന്നു.

അവസാനം...

ഒരു ദീർഘനിശ്വാസത്തോടെ പാഞ്ചാലി എഴുന്നേറ്റു. കോവിലകത്തിന്റെ തെക്കു ഭാഗത്തുള്ള തന്റെ മുറിയിലേക്കു നടന്നു.

സുധാമണിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്.

പാഞ്ചാലി വീണ്ടും വീണ്ടും എന്തെങ്കിലും ചോദിച്ച് തന്നെ വശംകെടുത്തുമെന്ന് അവർ ഭയപ്പെട്ടിരുന്നു.

പാഞ്ചാലി പോയതും കത്തുന്ന ഒരു തീപ്പന്തം കണക്കെ ചന്ദ്രകല അടുക്കളയിൽ പ്രത്യക്ഷപ്പെട്ടു.

''സുധേ..." പതിഞ്ഞതെങ്കിലും കനത്ത സ്വരം.

സുധാമണി പേടിച്ചുപോയി.

ചന്ദ്രകല അവരുടെ തൊട്ടുമുന്നിലെത്തി. ആ മുഖത്തിന് നേർക്ക്, നഖം നീട്ടിവളർത്തിയ ഇടതു കൈയുടെ ചൂണ്ടുവിരൽ നീട്ടി.

''നീ എന്താ അവളോട് പറയാൻ ഭാവിച്ചത്?"

''കൊച്ചമ്മേ...." സുധാമണി അടിമുടി വിറച്ചു.

''ഇനി..." ചന്ദ്രകലയുടെ അന്ത്യശാസനം! ''നിന്റെ ഈ വൃത്തികെട്ട നാവുകൊണ്ട് പാഞ്ചാലിയുടെ മനസ്സിലേക്ക് എന്തെങ്കിലും വിഷം നിറയ്ക്കാൻ ശ്രമിച്ചാൽ.. നാവു മാത്രമല്ല നിന്റെ തലപോലും കാണില്ല, ഈ ഉടലിൽ."

പറഞ്ഞതും ചന്ദ്രകല കൊടുങ്കാറ്റു പോലെ തിരിഞ്ഞു.

അതിനിടെ ഇത്രയും കൂടി കേട്ടു.

''തീർന്നു. നിന്റെ ഇവിടത്തെ സേവനം. കിട്ടാനുള്ള കൂലി, അത് എത്രയാണെങ്കിലും വാങ്ങിച്ചോണം. ഇന്നു പോകുന്നതിനു മുൻപ്."

''കൊച്ചമ്മേ... " വല്ലാതെ ഉലഞ്ഞുപോയി സുധാമണി.

ഈ തറവാടു കൊണ്ട് ജീവിക്കാൻ തുടങ്ങിയിട്ട് പതിനഞ്ച് വർഷത്തിൽ അധികമാകുന്നു.

സുധാമണി പറഞ്ഞത് ശ്രദ്ധിച്ചില്ല ചന്ദ്രകല. തറ ചവുട്ടിക്കുലുക്കി അവൾ അകവരാന്തയിലെത്തിയിരുന്നു.

അടുത്ത നിമിഷം പുറത്ത് ഒരു കാറിന്റെ ഹോൺ കേട്ടു.

ചന്ദ്രകല നീളൻ വരാന്തയിലേക്കു ചെന്നു.

മുറ്റത്ത് ഇന്നോവയുടെ ഒരു പുത്തൻ കാർ ബ്രേക്കിട്ടു. അതിന്റെ പിൻസീറ്റിൽ നിന്ന് തൂവെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങി.

ചന്ദ്രകലയുടെ മുഖം വികസിച്ചു.

സുന്ദരനായ ഒരു മദ്ധ്യവയസ്‌കൻ!

ചുരുണ്ട മുടിയും നല്ല വെളുത്ത നിറവും അല്പം തടിയും.

പോക്കറ്റിൽ അല്പം ഉയർന്നു നിൽക്കുന്ന കറുത്ത പഴ്സ്. സ്ഥലം എം.എൽ.എ ശ്രീനിവാസ കിടാവ്.

പുഞ്ചിരിച്ചുകൊണ്ട് അയാൾ വരാന്തയിൽ കയറി. ചെരുപ്പ് ഊരി വച്ചിട്ട് അവൾക്കരുകിലെത്തി.

''ഞാൻ ഇന്നും സാറിന്റെ കാര്യം ഓർത്തതേയുള്ളൂ."

കടക്കണ്ണിൽ കള്ളച്ചിരി ഒളിപ്പിച്ച് ചന്ദ്രകല ചുണ്ടുകടിച്ചു.

ശ്രീനിവാസ കിടാവ് ഈണത്തിൽ ഒന്നു മൂളി. പിന്നെ തിരക്കി:

''പ്രജീഷ് ഉണ്ടോ അകത്ത്?"

''ഉണ്ട്. സാറ് വാ.,"

ചന്ദ്രകലയ്ക്കു പിന്നാലെ ശ്രീനിവാസ കിടാവ്, പ്രജീഷിന്റെ അടുത്തെത്തി.

പ്രജീഷ് എഴുന്നേറ്റ് അയാളുടെ കൈത്തലം പിടിച്ചു.

''ഇരിക്ക് സാറേ.."

ഇരുന്നിട്ട്, കിടാവ് ഷർട്ടിന്റെ കോളർ ഒന്നിളക്കിയിട്ടു.

''പുറത്ത് ചൂടാണെങ്കിലും ഇതിനുള്ളിൽ എ.സിയുടെ കുളിർമ്മ."

അയാളുടെ പല്ലുകൾ ഒന്നു ഞെരിഞ്ഞു.

''ഒരുപാട് കൊതിച്ചതും കൊതിപ്പിച്ചതുമായ ഒരു കോവിലകമാ ഇത്... ചന്ദ്രകലയും ഒരു നിമിഷം മുഖാമുഖം നോക്കി.

(തുടരും)