medical-college

ഉള്ളൂർ: പനിബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ബഹളം കൂട്ടിയത് ആശുപത്രിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പാലോട് സ്വദേശി മുംതാസാണ് (26) മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. മൂന്നുദിവസം മുമ്പാണ് മുംതാസിനെ പനി ബാധിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി പെട്ടെന്ന് പനി കടുക്കുകയും മുംതാസ് മരണപ്പെടുകയുമായിരുന്നു.

സംഭവത്തിൽ രോഷാകുലരായ ബന്ധുക്കൾ ഐ.സിയുവിലേക്ക് തള്ളിക്കയറാനും ജീവനക്കാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. വിവരമറിഞ്ഞെത്തിയ സൂപ്രണ്ട് ഡോ. ഷർമ്മദ് ബന്ധുക്കളുമായി സംസാരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുതരാമെന്ന് അറിയിച്ചതോടെ അവർ കൂടുതൽ കുപിതരായി. പൊലീസ് സ്ഥലത്തെത്തി സംഭവം അന്വേഷിക്കാമെന്ന് അറിയിച്ചെങ്കിലും മൃതദേഹം രാത്രിതന്നെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ബഹളം തുടർന്നു. മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ പോസ്റ്റുമോർട്ടം ഒഴിവാക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പിൻവാങ്ങിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.