ശാരീരിക സൗഖ്യത്തിന്റെ അവിഭാജ്യ ഘടകമാണ് വദനാരോഗ്യം. ദന്തക്ഷയം, മോണരോഗങ്ങൾ, അനുബന്ധ വദന രോഗങ്ങൾ - ഇവയിൽ നിന്നുത്ഭവിക്കുന്ന വേദനയും നീരും, നിര തെറ്റിയ ദന്തശ്രേണി, പല്ലില്ലാത്ത അവസ്ഥ, മുറിച്ചുണ്ടും മുറി അണ്ണാക്കും, വായിലെ സുതാര്യ പാടയുടെ അസുഖങ്ങൾ, വദനാർബുദം (ഓറൽ കാൻസർ) ഇവയാണ് പ്രധാന ദന്തവദന രോഗങ്ങൾ. പ്രതിരോധമാണ് ഇവയെ കൈകാര്യം ചെയ്യാനുള്ള ഫലവത്തായ മാർഗം. പ്രതിരോധം സാദ്ധ്യമാകാത്ത പക്ഷം പല തലങ്ങളിലുള്ള ദന്തചികിത്സ ഇന്ന് ലഭ്യമാണ്. ലേസർ ചികിത്സയിൽ വരെ ആധുനിക ദന്ത ചികിത്സ എത്തിനിൽക്കുമ്പോൾ കൃത്യതയുള്ളതും കമ്പ്യൂട്ടർ നിയന്ത്രിത സംവിധാനങ്ങളിൽ പ്രവർത്തിക്കുന്നതുമായ ദന്തോപകരണങ്ങൾ ആരോഗ്യ വകുപ്പിൽ ലഭ്യമാണ്.
പൊതു ആരോഗ്യത്തിന്റെ പൂർണ പ്രതിഫലനമാണ് ദന്താരോഗ്യം. ദന്തവദന രോഗങ്ങൾ പലതും വിവിധ തരം ശാരീരിക അസുഖങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇൻഫെക്ടിവ് എൻഡോകാർഡൈറ്റിസ് എന്ന ശ്രേണിയിൽപ്പെടുന്ന ഹൃദ്രോഗങ്ങൾ, പക്ഷാഘാതം (സ്ട്രോക്ക്), ഹൃദയധമനിയും മറ്റുള്ള വലിയ രക്തക്കുഴലുകൾ ചുരുങ്ങുന്ന അവസ്ഥകൾ, അതെറോസ്കീറോസിസ്, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ, പ്രമേഹം, പാൻക്രിയാറ്റിക് ഗ്രന്ഥിയിലെ കാൻസർ, വൃക്കരോഗങ്ങൾ, വിവിധയിനം ചർമ്മരോഗങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. ഗർഭിണികളുടെ ദന്താരോഗ്യവും മോണയുടെ ആരോഗ്യവും മോശമാണെങ്കിൽ മാസം തികയാത്തതും തൂക്കക്കുറവുമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തേക്കാം.
ഡോ. സൈമൺ മോറിസൺ,
ഡെപ്യൂട്ടി ഡയറക്ടർ ഒഫ് ഹെൽത്ത് സർവീസസ് (ഡെന്റൽ)