tifany

തിരുവനന്തപുരം :വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ഇത്തവണ കേരളത്തിലെ വോട്ടിംഗ് ശതമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ പി. സദാശിവം പറഞ്ഞു.

വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ പുറത്തിറക്കിയ വീഡിയോ സി.ഡി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.


വോട്ടു ചെയ്യുക എന്നത് പൗരന്റെ കടമയാണ്. മനോഹരമായ തിരഞ്ഞെടുപ്പ് ഗാനമാണ് ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ഈ ഗാനം മറ്റു സംസ്ഥാനങ്ങൾക്കും അയച്ചുനൽകണം. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ എല്ലാ ജീവനക്കാർക്കുമായി ഗാനം അടുത്ത ദിവസം തന്നെ കാണിക്കുമെന്ന് ഗവർണർ പറഞ്ഞു. ജനാധിപത്യത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്‌സവമാണ് ഇന്ത്യൻ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലെ ചന്ദനലേപ സുഗന്ധം എന്ന ഗാനം രചിച്ച ജയകുമാറിനെക്കൊണ്ട് പാട്ടെഴുതിക്കണമെന്ന ആഗ്രഹമാണ് തിരഞ്ഞെടുപ്പ് ഗാനത്തിലൂടെ സാദ്ധ്യമായതെന്ന് അദ്ധ്യക്ഷത വഹിച്ച ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് ഗാനത്തിന്റെ സി.ഡി ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാറിന് നൽകിയാണ് ഗവർണർ പ്രകാശനം ചെയ്തത്. സ്വീപിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകളും ഗവർണർ പ്രകാശനം ചെയ്തു. ഗാനം രചിച്ച മുൻ ചീഫ് സെക്രട്ടറിയും ഐ. എം. ജി ഡയറക്ടറുമായ കെ. ജയകുമാർ, സംഗീത സംവിധായകൻ മാത്യു ടി. ഇട്ടി, ടിഫാനി ബ്രാർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് ഐക്കണുകളായി ഇ. ശ്രീധരൻ, കെ. എസ്. ചിത്ര എന്നിവരെ പ്രഖ്യാപിച്ചു. ജോ. സി. ഇ. ഒ ജീവൻ ബാബു, അഡിഷണൽ സി. ഇ. ഒ സുരേന്ദ്രൻ പിള്ള എന്നിവരുംപങ്കെടുത്തു.