തിരുവനന്തപുരം: 'ഞങ്ങൾ ഇത്തവണ ആർക്കും വോട്ട് ചെയ്യില്ല, വിശ്വാസമുണ്ടായിട്ടല്ലേ വോട്ടിടേണ്ടത്.. അതിനും വിലയില്ലാതായി. മൂന്നുമാസം പ്രായമുള്ളപ്പോൾ വീട്ടിൽ കടൽ കയറിയ തിരയിൽപ്പെട്ടവനാണിവൻ. ഇപ്പോൾ ഒന്നര വയസായി '. വലിയതുറ കടൽപ്പാലത്തിന് സമീപത്തെ ഗോഡൗണിന്റെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടിയെ ചൂണ്ടി വലിയതുറ പുതുവൽ പുരയിടത്തിൽ റോസി രോഷംകൊണ്ടു. ഒരു കൊല്ലത്തിലധികമായി ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളിൽ ഒരാളാണ് റോസി. ഇതുവരെ ദുരിതാശ്വാസ ക്യാമ്പ് വിട്ട് അവർക്ക് വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. അതിന്റെ സങ്കടവും രോഷവും പങ്കുവയ്ക്കുകയാണ് ഇവിടെ കഴിയുന്നവർ.
കഞ്ഞിവയ്ക്കാനായി കലത്തിൽ ഒരു പിടി റേഷനരിയുമായി ക്യാമ്പിൽ നിന്ന് പുറത്തേക്കിറങ്ങിയ 63 കാരി മറിയാമ്മയ്ക്കും ദേഷ്യം അടക്കാനായില്ല. 'വെള്ളം മാത്രമാണ് മുടക്കമില്ലാതെയെത്തുന്നത്. ഗോഡൗണിന് സമീപം ഓലമേഞ്ഞ ടോയ്ലറ്റ് പൊട്ടിപ്പൊളിഞ്ഞു. മറയില്ലാതെ ഏത് നിമിഷവും നിലംപതിക്കാറായ ഷെഡിൽ നിന്നുവേണം പ്രായപൂർത്തിയായ കുട്ടികളുൾപ്പെടെ പ്രാഥമിക കാര്യങ്ങൾ നിറവേറ്റാൻ. നൂറ് മടൽ ഓല വച്ച് ഒന്നു കെട്ടിമേഞ്ഞുതരാൻ ഇവിടാരുമില്ല. രാത്രിയിൽ മദ്യപാനികളുടെ ശല്യം. മറച്ചുകെട്ടാൻ സാരി പോലുമില്ലാത്ത ഇവിടം നരക സമാനം. സൗജന്യ റേഷൻ പോലുമില്ലാതെ ഒരു ദിവസം പട്ടിണിയില്ലാതെ കഴിച്ചുകൂട്ടാൻ കഷ്ടപ്പെടുന്ന ഞങ്ങളെ ഒരു പാർട്ടിക്കാരും തിരിഞ്ഞുനോക്കിയിട്ടില്ല. മുട്ടത്തറയിൽ കുറേപേർക്ക് ഫ്ളാറ്റ് അനുവദിച്ചെങ്കിലും ഞങ്ങൾക്ക് തലചായ്ക്കാനൊരിടം തരാൻ ആരുമുണ്ടായില്ല. പിന്നെന്തിന് വോട്ട് ചെയ്യണം മക്കളേ' - മറിയാമ്മ പറയുന്നു.
ഗോഡൗണിന് മുന്നിൽ പഴയ പുൽപ്പാ കുത്തി തയ്ച്ചുകൊണ്ടിരുന്ന ജോൺ പീറ്ററും കുമാറും റോസിയെയും മറിയാമ്മയെയും ശരിവച്ചു. ഓഖി ദുരന്തത്തിൽ വീട് കടലെടുത്തതോടെയാണ് ഇവർക്കെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തേണ്ടിവന്നത്. ഇവർക്ക് പുറമേ ഫിഷറീസ് സ്കൂളിൽ ഒരു കുടുംബവും ബീമാപ്പള്ളി ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ കഴിയുന്ന ഒരു ഡസൻ കുടുംബങ്ങളും സർക്കാരും ജനപ്രതിനിധികളും തങ്ങളോട് കാട്ടുന്ന അവഗണനയിൽ രോഷാകുലരാണ്.
രണ്ടാഴ്ച മുമ്പ് കടലാക്രമണത്തിൽ വീടുകൾ തകർന്നതോടെ 30ലധികംപേരം ക്യാമ്പിലെത്തി. ഇതുവരെയുള്ള സമ്പാദ്യമെല്ലാം കടലെടുത്തതോടെ എന്തുചെയ്യുമെന്നറിയാതെ ഉഴലുകയാണ് ഇവർ. യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ മാത്രമാണ് ബഡ്സ് സെന്ററിലെത്തി വോട്ട് അഭ്യർത്ഥിച്ചത്. മറ്ര് സ്ഥാനാർത്ഥികളാരും ഇതുവരെയെത്തിയില്ലെന്നും അവർ പറയുന്നു.
പ്രചാരണവും വറുതിയിൽ
വേനൽ കടുക്കുകയും മത്സ്യലഭ്യത കുറയുകയും ചെയ്ത തീരദേശത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വലിയ ചൂടൊന്നും കാണാനില്ല. ചുവരെഴുത്തുകളോ പ്രചാരണ വാഹനങ്ങളുടെ കോലാഹലമോ കാര്യമായി ഇല്ല. ചില പ്രചാരണ വാഹനങ്ങൾ വന്നുപോകുന്നു എന്നുമാത്രം.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പും രാഷ്ട്രീയവുമൊന്നും ഇവർക്കിടയിൽ ചർച്ചാവിഷയമേ അല്ല. ഓഖിദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇപ്പോഴും മുക്തരല്ല പലരും. ആരു ജയിച്ചാലും അവർക്കുകൊള്ളാമെന്നാണ് വള്ളക്കടവ് സ്വദേശി ആൻഡ്രൂസിന്റെ പക്ഷം. 'കമ്പവല നീട്ടാൻ പോയിട്ട് വന്ന പാടാ. ഒന്നും കിട്ടിയില്ല. ചമ്മന്തി കൂട്ടി അൽപ്പം കഞ്ഞിമോന്തിട്ട് കടപ്പുറത്തേക്ക് വന്നതാ. കടലമ്മ കനിഞ്ഞാലല്ലാതെ ആരുവന്നിട്ടും നമുക്ക് രക്ഷയില്ല. വോട്ട് വാങ്ങി പോയാ അഞ്ചാണ്ട് കഴിയുമ്പോഴാ പിന്നത്തെ വരവ് '.