election-jaipur

ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്‌പൂർ റൂറൽ മണ്ഡലത്തിൽ ഇത്തവണ 'ഒളിമ്പിക്‌സിന്' സമാനമായ പോരാട്ടമാവും നടക്കുക! രാജ്യത്തിനു വേണ്ടി അന്താരാഷ്ട വേദികളിൽ തിളങ്ങിയ രണ്ട് ഒളിമ്പ്യൻമാർ നേർക്കുനേർ ഏറ്റമുട്ടുകയാണ് ഇവിടെ. ബി.ജെ.പി സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ ഷൂട്ടിംഗ് താരം രാജ്യവർദ്ധൻ സിംഗ് റാത്തോഡിനെ നേരിടാൻ കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത് ഡിസ്‌കസ് ത്രോ താരം കൃഷ്‌ണാ പൂനിയയെയാണ്. മൂന്നു തവണ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കൃഷ്‌ണ രാജസ്ഥാനിലെ സാദുൽപൂരിലെ എം.എൽ.എയാണ്. റാത്തോഡ് നിലവിൽ കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രിയും.

2010ൽ ഡൽഹിയിൽ കോമൺവെൽത്ത് ഗെയിംസിൽ കൃഷ്‌ണ ഡിസ്‌കസ് ത്രോയിൽ സ്വർണം നേടിയിരുന്നു. 52 വർഷം മുമ്പ് കോമൺവെൽത്ത് ഗെയിംസിൽ മിൽഖാ സിംഗ് സ്വർണം നേടിയതിന് ശേഷം അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ആദ്യ കായിക താരമായ കൃഷ്‌ണ പൂനിയ 2013ലാണ് കോൺഗ്രസിൽ ചേർന്നത്. ഹരിയാനയിൽ ജനിച്ച കൃഷ്‌ണ പൂനിയ 2013ൽ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സാദുൽപൂരിൽ നിന്നും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ, 2018 നിയമസഭാ തിരഞ്ഞെടുപ്പിൽ 18,084 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2011ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

2004 ഏതൻസ് ഒളിമ്പിക്‌സിൽ ഷൂട്ടിംഗിൽ ഇന്ത്യയ്‌ക്ക് വെള്ളി സമ്മാനിച്ച റാത്തോഡ് 2013ൽ കരസേനയിൽ കേണൽ പദവിയിൽ നിന്ന് വിരമിച്ച ശേഷമാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. കേന്ദ്ര മന്ത്രിസഭയിൽ കായിക വകുപ്പും റാത്തോഡ് കൈകാര്യം ചെയ്തിരുന്നു. 25ഓളം അന്താരാഷ്ട്ര മെഡലുകൾ കരസ്ഥമാക്കിയ റാത്തോഡ് പദ്മശ്രീ, രാജീവ് ഗാന്ധി ഖേൽ രത്ന, അർജുന, അതിവിഷ്ട് സേവാ മെഡൽ തുടങ്ങിയ ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കളും കായിക താരങ്ങളും എന്നതിനപ്പുറം പദ്മശ്രീ നേടിയ രണ്ടുപേർ നേർക്കുനേർ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മണ്ഡലത്തിനുണ്ട്.