wedding

ഫ്ളോറിഡ: കല്യാണത്തിന് അടിപൊളി ആഡിറ്റോറിയം വേണം, സദ്യവട്ടങ്ങളിലും ആടയാഭരണങ്ങളിലും ഒട്ടും കുറവുവരുത്താൻ പാടില്ല. വി.വി.ഐ.പി കളായ അതിഥികൾ ഉണ്ടെങ്കിൽ ഏറെ നല്ലത്... കല്യാണത്തിന് ഇൗവക സെറ്റപ്പുകൾ എല്ലാം വേണമെന്നാണ് വയ്പ്പ്. എന്നാൽ ഇതെല്ലാം പൊളിച്ചെഴുതുകയാണ് ഫ്ളോറിഡക്കാരായ അർഹിലി- ജെർമി ബിഡിൽ ദമ്പതികൾ.

ഒരു പിക് അപ് ട്രക്കിന്റെ പിൻഭാഗമായിരുന്നു ഇവരുടെ വിവാഹവേദി. വിവാഹവേഷമാണ് എറെ കൗതുകകരം. വെളുത്ത ബിക്കിനിയായിരുന്നു വധുവിന്റെ വേഷം. വരനാകട്ടെ കൗബോയ് സ്റ്റൈലിലുള്ള വേഷവും. വളരെക്കുറച്ചുപേരാണ് അതിഥികളായി എത്തിയത്.

ഇരുവരും ചെരുപ്പ് ധരിച്ചിരുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. വിവാഹശേഷം ഗംഭീര ഫോട്ടോഷൂട്ടും നടന്നു. അതിലുമുണ്ടായിരുന്നു വ്യത്യസ്ഥത. മറ്റുള്ളവർ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുക്കുമ്പോൾ ഇരുവരും തിരഞ്ഞെടുത്തത് ചെളിക്കുണ്ടായിരുന്നു. അവിടെ ഇരുന്നും കിടന്നും നിന്നും ചുംബിച്ചുമൊക്കെ ഫോട്ടോയ്ക്ക് പോസുചെയ്തു. മധുവിധു ആഘോഷത്തിലാണ് ഇരുവരും.

ഇരുവരും ഏറെനാളത്തെ ആലോചനയ്ക്കുശേഷമാണ് ഇത്തരത്തിലൊരുവിവാഹം നടത്താൻ തീരുമാനിച്ചത്. നാൽപ്പതുകാരായ ഇരുവരും ഏറെ നാളായി ഒരുമിച്ച് താമസിക്കുകയാണ്. അങ്ങനെയിരിക്കെയാണ് വിവാഹം കഴിച്ചാലോ എന്ന ചിന്ത തലപൊക്കിയത്. ഇവരുടെ വിവാഹവീഡിയോ സോഷ്യൽമീഡിയയിൽ സൂപ്പർഹിറ്റാണ്. വീഡിയോ പുറത്തുവന്ന് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ 135,000 പേരാണ് കണ്ടത്.