editorial-

തിരഞ്ഞെടുപ്പ് ചൂട് ആളിക്കത്തുന്നതിന് മുമ്പുതന്നെ പ്രചാരണം മാന്യവും അന്തസുമുള്ളതാകണമെന്ന് ഞങ്ങൾ ഇൗ പംക്തിയിൽ അഭിപ്രായപ്പെട്ടിരുന്നു. പാർട്ടികളും ആളുകളും പലതരക്കാരാകയാൽ പൊതുവേദികളിൽ നിന്ന് അരുതാത്തത് പലതും തിരഞ്ഞെടുപ്പുകാലത്ത് കേൾക്കേണ്ടിവരുന്നത് സാധാരണമാണ്. അത് മനസിൽവച്ചുകൊണ്ടാണ് എതിരാളികളെ ഇടിച്ചുകാണിക്കുന്നതും അവരുടെ അന്തസിനെ ഹനിക്കുന്നതുമായ പരാമർശങ്ങൾ ഉണ്ടാകരുതെന്ന എളിയ അഭിപ്രായം മുന്നോട്ടുവച്ചത്.

നിർഭാഗ്യവശാൽ നോമിനേഷൻ സമർപ്പണഘട്ടത്തിൽത്തന്നെ രംഗം തിളച്ചുമറിയാൻ തുടങ്ങിയ ചില മണ്ഡലങ്ങൾ മോശം പരാമർശങ്ങളുടെ പേരിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. ആലത്തൂർ ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമ്യാഹരിദാസിനെതിരെ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നടത്തിയ ദുസൂചനയോടെയുള്ള പരാമർശങ്ങൾ കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്തുടനീളം കാട്ടുതീപോലെ ആളിക്കത്തുകയാണ്. ആദ്യം കോഴിക്കോട്ടും പിന്നീട് പൊന്നാനിയിലുമാണ് എൽ.ഡി.എഫ് കൺവീനർ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാഹരിദാസിന് അവമതി ഉണ്ടാക്കുന്ന മോശം പരാമർശത്തിന് മുതിർന്നത്. വിവാദ പരാമർശങ്ങൾ മാദ്ധ്യമങ്ങളിൽ ഇതിനകം വന്നിട്ടുള്ളതിനാൽ അത് ഇവിടെ ആവർത്തിക്കുന്നില്ല. രമ്യാഹരിദാസ് തനിക്കെതിരെ എൽ.ഡി.എഫ് കൺവീനർ നടത്തിയ ദുസൂചന കലർന്ന പരാമർശങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് ഒാഫീസർക്കും പൊലീസിനും പരാതി സമർപ്പിച്ചുകഴിഞ്ഞു. മലയാളം കൂട്ടിവായിക്കാനറിയുന്ന ആർക്കും എൽ.ഡി.എഫ് കൺവീനറുടെ പരാമർശത്തിലെ ദുസൂചന ഒറ്റവായനയിൽത്തന്നെ മനസിലാകും. വ്യാഖ്യാനവും ടിപ്പണിയുമൊന്നും ആവശ്യമില്ല. പരാമർശം നടത്തിയ ആൾക്കും പുനരാലോചനയിൽ അതിന് പിന്നിലെ വലിയ അബദ്ധം എളുപ്പം ബോദ്ധ്യമാകാനേ തരമുള്ളൂ. പ്രശ്നം വിവാദമായി കത്താൻ തുടങ്ങിയ ഘട്ടത്തിൽത്തന്നെ വിവേകം കാണിച്ചിരുന്നുവെങ്കിൽ അവിടംകൊണ്ട് പ്രശ്നം അവസാനിപ്പിക്കാമായിരുന്നു. അത് ചെയ്യാതെ തന്റെ പരാമർശത്തിൽ ദുരുദ്ദേശ്യപരമായി ഒന്നുമില്ലെന്ന് സ്വയം സമാധാനിച്ച് കുറ്റം മാദ്ധ്യമങ്ങളുടെ തലയിൽ വച്ചുകെട്ടാൻ ശ്രമിച്ചതാണ് ഇപ്പോഴത്തെ പുകിലിന് കാരണം. നാവിൽനിന്ന് വീണുപോയ വാക്കും കൈവിട്ട കല്ലും തിരികെ പിടിക്കാനാവില്ലെന്ന ചൊല്ലുപോലെ പറ്റിയ അബദ്ധത്തിൽ ഖേദപ്രകടനത്തിന് മുതിരുകയായിരുന്നു വേണ്ടിയിരുന്നത്. രാഷ്ട്രീയം പറയുന്നതിടെയുണ്ടായ ആനുഷംഗികമായ ഒരു പരാമർശം മാത്രമായിരുന്നു അതെന്നു പറഞ്ഞ് എൽ.ഡി.എഫ് കൺവീനർ സ്വയം ന്യായീകരിക്കുന്നുണ്ടെങ്കിലും അത് ചെന്നുകൊണ്ട ആൾക്കുണ്ടാകുന്ന മനോനില തീർച്ചയായും സന്തോഷകരമാകണമെന്നില്ല.

വിവാദ പരാമർശത്തിൽ രമ്യാഹരിദാസിനോട് ഖേദം പ്രകടിപ്പിക്കണോ വേണ്ടയോ എന്നുള്ളത് വിജയരാഘവന്റെ വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ ഇതിന്റെ പേരിൽ പ്രചാരണ രംഗത്തുണ്ടായിക്കഴിഞ്ഞ പൊടിപടലങ്ങൾ അതേപടി നിലനിൽക്കാതിരിക്കാൻ വിവേകപൂർണമായ നീക്കം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നു. പ്രത്യേകിച്ചും ഏറെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുമ്പോൾ തമാശയായിട്ടുപോലും എതിർചേരിയിലുള്ള ഒരു സ്ഥാനാർത്ഥിക്ക് വിദൂരമായിപോലും അവമതി ജനിപ്പിക്കുന്ന രീതിയിൽ പൊതുയോഗങ്ങളിൽ പരാമർശങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. സംഭവിച്ചുപോയ പിഴവ് തിരുത്താൻ അദ്ദേഹം വിമുഖത കാട്ടിയാൽ അതിന് അദ്ദേഹത്തെ നിർബന്ധിക്കാൻ മുന്നണിയിലെ മുതിർന്ന നേതാക്കൾ മുന്നോട്ടുവരേണ്ടതായിരുന്നു. അത്തരമൊരു നടപടി ഒരുവിധത്തിലും എൽ.ഡി.എഫിന്റെ അഭിമാനത്തിനോ യശസ്സിനോ ഒട്ടും ഗ്ളാനി വരുത്തുകയുമില്ല. സ്ത്രീത്വത്തെയാണ് എൽ.ഡി.എഫ് കൺവീനർ അപമാനിച്ചതെന്ന ആക്ഷേപം അത്ര എളുപ്പം സ്വയം മാഞ്ഞുപോകുന്നതല്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നന്നേ അപൂർവ്വമാണ് സ്ത്രീസാന്നിദ്ധ്യം. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലായി മൂന്ന് മുന്നണികൾക്കും കൂടി ആകെയുള്ളത് അരഡസൻ വനിതകൾ മാത്രമാണ്. സ്ത്രീശാക്തികരണത്തെക്കുറിച്ചും സ്ത്രീകൾ എല്ലാരംഗത്തും മുന്നോട്ടു വരേണ്ടതിനെക്കുറിച്ചും വായ്‌ത്താരി മുഴക്കുന്നവർ സീറ്റ് പങ്കിടേണ്ട ഘട്ടമെത്തുമ്പോൾ സ്ത്രീകളെ സൗകര്യപൂർവം മാറ്റിനിറുത്തുന്നതാണ് പതിവ്. ഇൗ അവഗണന മാറ്റമില്ലാതെ ഇൗ തിരഞ്ഞെടുപ്പിലും ആവർത്തിച്ചതായി കാണാം. അതിനിടയിലാണ് സ്ഥാനാർത്ഥിത്വം ലഭിച്ച് ഉശിരോടെ മത്സരരംഗത്തുനിൽക്കുന്ന ആലത്തൂരിലെ വനിതാ സ്ഥാനാർത്ഥി ഒരു കാരണവുമില്ലാതെ എതിർ മുന്നണിയുടെ നേതാവിൽനിന്ന് അവമതിപ്പുളവാക്കുന്ന പരാമർശങ്ങൾ കേട്ടുനിൽക്കേണ്ടിവരുന്നത്. ആരോഗ്യകരവും സഭ്യവുമായ വാക്കുകളാണ് പ്രചാരണവേദികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥി വനിതയായിപ്പോയതുകൊണ്ട് അവർക്കെതിരെ എന്ത് മോശം പരാമർശവുമാകാം എന്നു വരുന്നത് സമൂഹം പൊറുക്കില്ല. ആവേശം മൂത്ത് വായിൽ വരുന്നതെല്ലാം വിളിച്ചുപറയുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുകയില്ല. തഴക്കവും പഴക്കവുമുള്ള നേതാക്കളെ ഇതൊന്നും ഒാർമ്മപ്പെടുത്തേണ്ട കാര്യമില്ല.