mk-muneer

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര മുന്നണിക്ക് സഹായകമായ നിലപാട് സ്വീകരിക്കാതെ അതിനെ ശിഥിലമാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് മുസ്ളിംലീഗ് നിയമസഭാകക്ഷി നേതാവ്‌ എം.കെ. മുനീർ പറഞ്ഞു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിൽ ലീഗ് നിയമനടപടി സ്വീകരിക്കുമെന്നും പ്രസ് ക്ലബിന്റെ 'ജനായത്തം' പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കൾ സുരക്ഷിത മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നതിൽ തെറ്റില്ല. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനാൽ യു.ഡി.എഫ് 20 സീറ്റിലും വിജയിക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ പരമാവധി സീറ്റുകൾ കേരളത്തിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. രാഹുലാണ് മോദിയുടെ ശക്തനായ എതിരാളി. പ്രളയകാലത്ത് കേന്ദ്രം അവഗണിച്ച കേരളത്തോട് താൻ ഒപ്പമുണ്ടെന്നാണ് രാഹുൽ പറഞ്ഞത്. ലീഗ് എസ്.ഡി.പി.ഐയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. വർഗീയ ശക്തികളെയും തീവ്രവാദ ശക്തികളെയും ഒരുപോലെ എതിർക്കുന്ന പാർട്ടിയാണ് ലീഗെന്നും മുനീർ പറഞ്ഞു. പ്രസ് ക്ളബ് സെക്രട്ടറി എം. രാധാകൃഷ്‌ണൻ സ്വാഗതവും പ്രസിഡന്റ് ജി. പ്രമോദ് നന്ദിയും പറഞ്ഞു.