കടയ്‌ക്കാവൂർ: മക്കൾ ഉപേക്ഷിച്ച രോഗിയായ വൃദ്ധ മാതാവിനെ കടയ്‌ക്കാവൂർ സി.ഐ ഷെരീഫിന്റെയും വാർഡ് മെമ്പർ ഷീലയുടെയും ഇടപെടലിനെ തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. ആയാന്റെവിള കൊച്ചുവിള വീട്ടിൽ രജനിയെയാണ് (67) മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്‌ക്ക് വാടക വീട്ടിൽ കഴിയുന്ന ഇവരുടെ കാൽപ്പാദം മുറിഞ്ഞ് പഴുത്ത നിലയിലായിരുന്നു. പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ രജനി ആകെ ദുരിതത്തിലായിരുന്നു. തുടർന്ന് നാട്ടുകാർ വാർഡ് മെമ്പർ ഷീലയെയും കടയ്ക്കാവൂർ സി.ഐയെ വിവരം അറിയിക്കുകയായിരുന്നു. സി.ഐ മക്കളുമായി ബന്ധപ്പെട്ടപ്പോൾ അമ്മയെ ഏറ്റെടുക്കാൻ മക്കൾ വിസമ്മതം പ്രകടിപ്പിച്ചു. ഇവരുടെ സംരക്ഷണത്തിനായി പത്താനാപുരത്തുള്ള ഗാന്ധിഭവൻ കോ - ഓർഡിനേറ്റർ വക്കം ഷാജഹാനെ സി.ഐ അറിയിച്ചു. രജനിയെ നേരിൽ വന്ന് കണ്ട ശേഷം ഗാന്ധിഭവൻ ഇവരെ ഏറ്റെടുക്കാൻ തയ്യാറാകുകയായിരുന്നു. എന്നാൽ മക്കളുടെ സമ്മതപത്രം വേണമെന്ന് ഗാന്ധിഭവൻ അധികൃതർ അറിയിച്ചതോടെ രജനിയുടെ മക്കളെ സി.ഐ സ്റ്റേഷനിൽ വരുത്തി സമ്മതപത്രം എഴുതി വാങ്ങി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി, വാർഡ് മെമ്പർ ഷീല, അഫ്സൽ മുഹമ്മദ്, ആശാ വർക്കർന്മാർ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചേർന്ന് ഇവരെ പത്തനാപുരത്തുള്ള ഗാന്ധഭവനിൽ എത്തിക്കുകയും രജനിയെ ചികിത്സയ്‌ക്കായി വാളകത്തുള്ള ഗാന്ധിഭവൻ നഴ്സിംഗ് ഹോമിൽ മാറ്റുകയും ചെയ്‌തു.