black-magic

ഭുവനേശ്വർ: ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് ആശുപത്രിക്കുള്ളിൽ മന്ത്രവാദം. ഇതിന് നേതൃത്വം നൽകിയതാകട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രവാദിയും . ഒഡീഷയിലെ പുരി ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. ചെറിയ മാനസിക പ്രശ്നമുള്ള പെൺകുട്ടിയെ വീടിനടുത്തുള്ള ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതാപിതാക്കളിൽ നിന്ന് പെൺകുട്ടിയുടെ അവസ്ഥ മനസിലാക്കിയ മന്ത്രവാദി കർമ്മങ്ങൾ തുടങ്ങുകയായിരുന്നു. ചിലർ ഇതിനെ ചോദ്യംചെയ്തപ്പോൾ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ അനുമതിയോടെയാണ് എല്ലാം ചെയ്യുന്നതെന്നായിരുന്നു മറുപടി. ഒടുവിൽ പൊലീസിനെ അറിയിക്കും എന്ന് പറഞ്ഞതോടെ ഇയാൾ പിന്മാറുകയായിരുന്നു.

എന്നാൽ മന്ത്രവാദം നടന്നപ്പോൾ ആശുപത്രിയിൽ ഉത്തരവാദപ്പെട്ടവർ ആരും ഉണ്ടായിരുന്നില്ലെന്നും അരോപണമുണ്ട്. ഡോക്ടറുടെ മുന്നിൽ വച്ചാണ് മന്ത്രവാദം നടന്നതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും മന്ത്രവാദത്തിന്റെ സ്വാധീനമുണ്ട്. ഇത്തരം ആചാരങ്ങളിൽ തെറ്റില്ലെന്നാണ് ആശുപത്രിയിലെ ജീവനക്കാരിൽ ചിലർ പറയുന്നത്. ‘ഇത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ചിലപ്പോഴൊക്കെ മാനസിക പ്രശ്‌നങ്ങളുള്ള രോഗികളിൽ ഇത് ഫലം ചെയ്യാറുണ്ട്. ഇതിന് ഒത്തിരി ഉദാഹരണങ്ങൾ കാണിക്കാം- ജീവനക്കാരിൽ ഒരാൾ പറയുന്നു.

സംഭവം വിവാദമായതോടെ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.