sivagiri-pilgrimes

കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്. കൂടുമ്പോൾ ഇമ്പം നൽകേണ്ട കുടുംബം ഇന്ന് നമുക്ക് സമ്മാനിക്കുന്നത് ദുഃഖമാണ്. എന്താണ് ഇതിന് കാരണം? നമ്മുടെ പൂർവ്വസൂരികൾ മാനവരാശിക്ക് നൽകിയ മുൻകരുതലുകളും അറിവുകളും ആധുനിക വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും ബലത്തിൽ നാം ഉപേക്ഷിച്ചോ? പാശ്ചാത്യ വിദ്യാഭ്യാസത്തെയാണ് ആധുനിക വിദ്യാഭ്യാസമെന്നു പറയുന്നത്. ഇൗ വിദ്യാഭ്യാസത്തിന് ഒരു ഗുണമേ ഉള്ളൂ ക്ളാർക്കുമാരെ സൃഷ്ടിക്കുക. അഥവാ ഉപജീവനത്തിന് പണം ഉണ്ടാക്കിത്തരിക എന്നത്.

എന്നാൽ ഇൗ പണം കൊണ്ട് എങ്ങനെ ശാന്തമായി സ്വസ്ഥമായി സുഖമായി താളലയത്തോടെ ഒരാൾക്ക് ജീവിക്കാമെന്ന് ഇൗ ആധുനിക വിദ്യാഭ്യാസം നമ്മെ പഠിപ്പിക്കുന്നില്ല. മറിച്ച് മത്സരബുദ്ധി വർദ്ധിപ്പിക്കുന്നതും എത്ര കിട്ടിയാലും മതിവരാത്ത ഒരു മാനസികാവസ്ഥ സംജാതമാക്കാനും സാധിക്കും. ഇങ്ങനെയുള്ള വിദ്യാഭ്യാസമാണോ നമുക്ക് ആവശ്യം? മൂല്യങ്ങൾ ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസംകൊണ്ട് പ്രയോജനമില്ല എന്ന് ലോകം തെളിയിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ നാം അത് തിരിച്ചറിയുന്നില്ല. ഒരുപക്ഷേ തിരിച്ചറിവു പോലും നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് നമ്മെ ഇൗ സമ്പ്രദായം മാറ്റിമറിച്ചിരിക്കുന്നു. ഇൗ പോക്കുപോയാൽ എന്തായിരിക്കും മനുഷ്യന്റെ ഗതി? കൂടാതെ പ്രകൃതിയുടെ ഭൂമിയുടെ അവസ്ഥതന്നെ മാറിയില്ലേ? എന്താണ് ഇതിനൊരു പരിഹാരം? അപൂർവങ്ങളിൽ അപൂർവമായ മനുഷ്യജന്മം ലഭിച്ചിട്ട് അതിനെ വ്യർത്ഥമാക്കിക്കളയുന്നത് ബുദ്ധിശൂന്യതയല്ലേ? മൃഗത്തെക്കാൾ നാം അധഃപതിക്കുന്നുവോ? ഇവിടെ യുക്തിവാദമോ നിരീശ്വരവാദമോ ഒന്നും പ്രസക്തമല്ല. കാരണം അവർ ഭാഗികമായേ കാര്യങ്ങളെ കാണുന്നുള്ളൂ.

നമ്മൾക്ക് ഋഷിമാർ എന്താണ് ഇതിനൊരു പരിഹാരം നിർദ്ദേശിച്ചത് എന്ന് നോക്കാം. പ്രത്യേകിച്ച് ഏറ്റവും ഒടുവിലത്തെ ഋഷിയായ ശ്രീനാരായണ ഗുരുവെന്ന ഋഷി. ഒരു കുഞ്ഞിന്റെ സംസ്കാരം രൂപപ്പെടുന്നത് ഗർഭാവസ്ഥയിൽ വച്ചാണെന്നാണ് ഗുരുമൊഴി. നിഷ്‌പക്ഷമായി നാം ചിന്തിക്കുമ്പോഴും അത് ശരിയാണെന്ന് കാണാൻ സാധിക്കും. ഒരു കുഞ്ഞ് വേണമെന്നാഗ്രഹിച്ച് ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുമ്പോൾ അതിന് ചില തയ്യാറെടുപ്പുകൾ ആവശ്യമാണ്. ആ തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് ഇന്ന് കുഞ്ഞുങ്ങൾ ജനിക്കുന്നത്. അതിന്റെ ഭവിഷ്യത്തുകൾ നാം അനുഭവിക്കുന്നുണ്ട്. ഗർഭിണിയോട് നല്ല വാക്കു പറയുക, നല്ലത് പ്രവർത്തിക്കുക, അവർ നല്ലത് കാണുക, നല്ലത് വായിക്കുക. യോഗ പ്രാണായാമം, ധ്യാനം, ജപം തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ മാനസികവും ബൗദ്ധികവുമായിട്ടുള്ള കാര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ അദ്ഭുതാവഹമാണ് എന്ന തിരിച്ചറിവ് ഒരമ്മയ്ക്ക് വേണം.

ഇൗ കാര്യങ്ങളെല്ലാം സംഭവിക്കുന്നത് മാനവരാശിയുടെ നട്ടെല്ലായ ഗൃഹസ്ഥാശ്രമത്തിലാണ്. നട്ടെല്ലിന് ക്ഷതം സംഭവിച്ചാൽ നിവർന്ന് നിൽക്കാൻ സാദ്ധ്യമല്ല. അതിനോടൊപ്പം മറ്റുപല അസ്വസ്ഥതകളും നാം അനുഭവിക്കേണ്ടിവരും. അതുകൊണ്ട് ഗൃഹസ്ഥാശ്രമം ശരിയായിരിക്കണം മറ്റു മൂന്ന് ആശ്രമങ്ങളും ഇതിനെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത്. അതുകൊണ്ട് നാം ആദ്യം മുൻവിധിയില്ലാതെ മനസിലാക്കേണ്ടത് ഇൗ സമൂഹത്തിൽ ലോകത്തിൽ നടക്കുന്ന സകല വൃത്തികേടിന്റെയും നന്മയുടെയും കേദാരം

ഗൃഹസ്ഥാശ്രമമാണെന്നാണ് നമ്മുടെ ഒാരോരുത്തരുടെയും ശ്രദ്ധ അനിവാര്യമായും വരേണ്ടത്. ഇൗ ഗൃഹസ്ഥാശ്രമത്തിലേക്കാണ് അതിന് ഗൃഹസ്ഥാശ്രമത്തിലേക്ക് പദമൂന്നുന്ന കുട്ടികളെ ബോധവത്കരിക്കുക എന്നുള്ളത് അത്യന്താപേക്ഷിതമാണ്. ശിവഗിരിമഠം അതിന് വേണ്ടി പ്രീമാര്യേജ് കൗൺസലിംഗ് എന്ന ബൃഹത്തായ കർമ്മപദ്ധതി നടപ്പിലാക്കാൻ പോവുകയാണ്. ശിവഗിരി മഠത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒരു ക്യാമ്പ് ജൂലായിൽ ആരംഭിക്കും. വർഷത്തിൽ രണ്ട് ക്യാമ്പാണ് ഉദ്ദേശിക്കുന്നത്. വിവാഹം ഉറപ്പിച്ച കുട്ടികൾക്ക് വേണ്ടിമാത്രമുള്ള ക്യാമ്പായിരിക്കും ഇത്. കോഴ്സ് കഴിയുമ്പോൾ അവർക്ക് ഒരു സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

ഇൗ കോഴ്സിൽ ഉൾപ്പെടുത്തുന്ന വിഷയങ്ങൾ ഒരു ഗൃഹസ്ഥാശ്രമിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത പ്രധാനപ്പെട്ട കാര്യങ്ങളാണ്.

1. ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായ ഗൃഹസ്ഥാശ്രമ ധർമ്മങ്ങൾ. 2. കുടുംബ മനശാസ്ത്രം, കുഞ്ഞുങ്ങളുടെ മനശാസ്ത്രം. 3. കുടുംബ ഭദ്രതയ്ക്ക് തങ്ങളുടെ വരുമാനത്തെ എങ്ങനെ പ്രയോജനപ്പെടുത്താം. (സാമ്പത്തിക ശാസ്ത്രം), 4. പ്രകൃതി ജീവനം. 5. യോഗ, പ്രാണായാമം-ധ്യാനം, 6. ശരീര ശാസ്ത്രം, 7. നിത്യജീവിതത്തിൽ പ്രാർത്ഥനയുടെ ആവശ്യകത, 8. പരസ്പരം മനസിലാക്കിക്കൊണ്ടുള്ള സ്ത്രീ പുരുഷ ബന്ധങ്ങൾ, 9. ഗുരുവിനെയും ഗുരുവിന്റെ കൃതികളെയും പരിചയപ്പെടൽ, 10. വിവാഹമോചനത്തിന് വരുന്ന വിഷയങ്ങളെക്കുറിച്ചുള്ള നിയമജ്ഞന്റെ ഉപദേശങ്ങൾ.

ശ്രീനാരായണ ഗുരുദേവന്റെ വാണികൾക്ക് നാം കാതോർക്കുമ്പോൾ പിതാവിന്റെയും മാതാവിന്റെയും ഗുരുവിന്റെയും അനുവാദത്തോടും അനുഗ്രഹത്തോടും കൂടി വേണം പ്രായപൂർത്തിയായ വ്യക്തികൾ വിവാഹത്തിന് തയ്യാറാവാൻ എന്നാണ്. അങ്ങനെ ഗ്രഹസ്ഥാശ്രമത്തിലേക്ക് പ്രവേശിച്ചവർ അനുഷ്ഠിക്കേണ്ടതും ആചരിക്കേണ്ടതുമായ കാര്യങ്ങളാണ് ശ്രീനാരായണ ധർമ്മത്തിൽ പ്രതിപാദിക്കുന്ന ഗൃഹസ്ഥാശ്രമ ധർമ്മങ്ങൾ. ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനവും സ്വാംശീകരണവുമാണ് ഇവിടെ പഠിപ്പിക്കുന്നത്.

ഇന്ന് സാർവ്വത്രികമായി നമ്മൾ കേൾക്കുന്ന പദമാണ് യോഗ. ശ്രീനാരായണ ഗുരുദേവനും യോഗയിൽ അഗ്രഗണ്യനായിരുന്നു. സാധാരണ വ്യക്തികൾക്ക് യോഗയുമായി എന്താണ് ബന്ധപ്പെട്ടാൽ ലഭിക്കുന്നത്. നമ്മുടെ ജീവിതത്തിനെ ചിട്ടപ്പെടുത്തുവാൻ ആസന പ്രാണായാദികൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഇൗ കോഴ്സിൽ നമ്മൾ പഠിപ്പിക്കുന്നത്. ഗുരു സമത്വം യോഗ ഉച്യതേ എന്ന് പറഞ്ഞിരിക്കുന്നു. ശരീര മന പ്രാണനുടെ സമതുലിതാവസ്ഥയാണ് യോഗം. ആരോഗ്യം എന്ന് പറയുന്നത് ശരീരത്തിലെ എല്ലാ ഗ്രന്ഥികളും അവയവങ്ങളും മസിലുകളും ശരിയായ രീതിയിൽ പ്രവർത്തിക്കുക എന്നതാണ്. അതിനുവേണ്ടുന്ന വ്യായാമമാണ് ആസന പ്രാക്ടീസിലൂടെ ലഭിക്കുന്നത്. പ്രാണയാമത്തിലൂടെ സൂക്ഷ്മമായ പ്രാണന്റെ ഒഴുക്ക് ഒാരോ കോശങ്ങളിലേക്കും ഉറപ്പുവരുത്തുക എന്നുള്ളതാണ്. കൂടാതെ മനസിന്റെ നിയന്ത്രണവും പ്രാണയാമത്തിലും സിദ്ധിക്കുന്നു. ധ്യാനത്തിലൂടെ തികച്ചും ന്യൂതനമായ ശക്തിയും തെളിച്ചവും ബുദ്ധിക്കും മനസിനും ലഭിക്കുന്നു. ഇത് നല്ലൊരു വ്യക്തിയെ സൃഷ്ടിക്കുന്നതിനും നല്ലൊരു കുടുംബ ബന്ധത്തിന്, നല്ലൊരു രാഷ്ട്രത്തിന് അത്യന്താപേക്ഷിതമാണ്. ഇതാണ് അഞ്ചാമതായി നാം ഉദ്ദേശിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം ശരീരത്തെ അപഗ്രഥനം ചെയ്ത് വളരെയധികം മുന്നോട്ടു പോയിരിക്കുന്നു. പുതുതായി ഗ്രഹാസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികളെ പുരുഷശരീരത്തിന്റെയും സ്ത്രീ ശരീരത്തിന്റെയും സവിശേഷതയും പ്രവർത്തനങ്ങളും ശാസ്ത്രീയമായി പഠിപ്പിക്കുന്നതിന് പ്രഗൽഭരായ ഡോക്ടർമാരുണ്ടായിരിക്കും. ഗ്രഹാസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ദൈദിനം ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. നിരീശ്വരവാദികൾക്ക് ഇതൊന്നും ആവശ്യമില്ല. അടുക്കുംചിട്ടയും ശുശ്ചിതമുള്ള വ്യക്തികൾക്ക് അവരുടെ മനസിന് കൂടുതൽ തെളിച്ചവും ഉന്മേഷവും കരുത്തും നൽകുവാൻ പ്രാർത്ഥന ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.

ഇതിനെക്കൂടതെ നിയമവകുപ്പും ഇവിടെ കൈകാര്യം ചെയ്യുന്നു. കോടതികളിൽ ഇന്ന് വിവാഹ മോചനങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുന്ന സന്ദർഭം നമുക്ക് മുൻപിലുണ്ട്. അതുകൊണ്ട് എന്തൊക്കെ വിഷയങ്ങളാണ് വിവാഹ ബന്ധത്തെ നശിപ്പിക്കുവാൻ സാധ്യതയുള്ളത്. എങ്ങനെ അതിൽപ്പെടാതെ മുൻകരുതലോടെ മുന്നേറാം എന്ന് നമുക്ക് പറഞ്ഞുതരുന്നതിന് പ്രഗൽഭരായ നിയമജ്ഞരും ഇൗ കോഴ്സിലുണ്ടാവും. ഇതിനെല്ലാം പുറമേ ശ്രീനാരായണ ഗുരുദേവൻ മാനവരാശിക്ക് നൽകിയ അമൂല്യ രത്‌നങ്ങളായ മൂന്ന് ഭാഷയിൽ വിരചിച്ച രത്‌നങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. അതിൽ ഏത് രത്‌നങ്ങളാണ് നമുക്ക് അനുയോജ്യമായത്. ഏത് നമ്മളണിഞ്ഞാൽ നമ്മുടെ ദോഷങ്ങൾ അകന്ന് എരിഞ്ഞുപോകുമെന്ന് നോക്കാം. ഒാരോ രത്‌ന പേടകത്തിലും വിലമതിക്കാനാവാത്ത എത്ര എടുത്താലും തീരാത്ത നിധികളാണ് ഉള്ളത്. അതിനെ ഇൗ കോഴ്സിൽ പൂർവ്വജന്മ സുകൃതംകൊണ്ട് പങ്കെടുക്കുന്ന വ്യക്തികളെ പരിചയപ്പെടുത്തുന്നുണ്ട്. ഒാരോരുത്തരും പരമാവധി അതിനെ അതിന്റെ മഹത്വം മനസിലാക്കി ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുക.

ഏവർക്കും മഹായജ്ഞത്തിലേക്ക് സ്വാഗതം.

പേര് രജിസ്റ്റർ ചെയ്യുവാൻ ശിവഗിരി മഠവുമായി ബന്ധപ്പെടുക..