theertha-pada-mandapam
കിഴക്കേക്കോട്ട തീർത്ഥപാദമണ്ഡപം

തിരുവനന്തപുരം: പദ്മനാഭസ്വാമിക്ഷേത്രത്തിന് മുൻവശത്ത് മുൻ ചീഫ്സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ ട്രസ്റ്റ് വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന സർക്കാർഭൂമിയായ പാത്രക്കുളം (തീർത്ഥപാദമണ്ഡപം) തിരിച്ചുപിടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നഗര മദ്ധ്യത്തിലെ കണ്ണായ സ്ഥലത്തുള്ള ഇൗ 65 സെന്റ് ഭൂമിക്ക് ഇപ്പോഴത്തെ വിപണിവില പ്രകാരം കുറഞ്ഞത് 100 കോടിയെങ്കിലും വില വരുമെന്ന് കണക്കാക്കുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെ കാര്യത്തിൽ തുടർനടപടികൾ ക്ഷേത്രവുമായി ബന്ധപ്പെട്ട് സർക്കാരും രാജകുടുംബവും തമ്മിൽ സുപ്രീംകോടതിയിൽ തുടർന്നുവരുന്ന കേസിന്റെ വിധിക്ക് ശേഷം തീരുമാനിക്കും. കോടികൾ വിലമതിക്കുന്ന ഭൂമി 1976 മുതൽ വിദ്യാധിരാജ ട്രസ്റ്റ് കൈവശം വച്ചിരിക്കുകയാണ്. പദ്മനാഭസ്വാമി ക്ഷേത്രാവശ്യങ്ങൾക്കായി ഉപയോഗിച്ചുവന്നിരുന്ന പാത്രക്കുളം ട്രസ്റ്റ് കൈവശപ്പെടുത്തിയ ശേഷം നികത്തിയാണ് ഇന്നുള്ള തീർത്ഥപാദമണ്ഡപം സ്ഥാപിച്ചത്. പാത്രക്കുളം മണ്ണിട്ട് മൂടുകയും നീരൊഴുക്ക് തടസപ്പെടുത്തുകയും ചെയ്തതുൾപ്പെടെ ഭൂമിപതിവ് ചട്ടത്തിലെ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് സർക്കാർനടപടി. ഒരുകാലത്ത് തലസ്ഥാനത്തെ വെള്ളപ്പൊക്കം ഒഴിവാക്കാൻ സഹായിച്ചിരുന്നതാണ് ഈ കുളം.

അടിയന്തരാവസ്ഥക്കാലത്ത് 1976 ജൂൺ ഒമ്പതിനാണ് രാമചന്ദ്രൻനായരുടെ അദ്ധ്യക്ഷതയിലുള്ള വിദ്യാധിരാജ ട്രസ്റ്റിന് ഭൂമി പതിച്ചുനൽകിയത്. ഭൂമിപതിവ് ചട്ടപ്രകാരം സെന്റിന് 750 രൂപ നിരക്കിൽ പ്രതിവർഷം സർക്കാരിന് നൽകണമെന്നായിരുന്നു കരാർ വ്യവസ്ഥ. പതിച്ചുകൊടുത്തപ്പോൾ നിശ്ചയിച്ച തുക പോലും സർക്കാരിലേക്ക് കൃത്യമായി അടയ്ക്കാത്തതിന്റെ പേരിൽ കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് 2007ൽ ഭൂമി പതിച്ചുകൊടുത്ത തീരുമാനം റദ്ദാക്കിയിരുന്നു. ഇതിനെതിരെ ട്രസ്റ്റ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. നടപടി താത്കാലികമായി കോടതി സ്റ്റേ ചെയ്യുകയും ഭൂമി പതിച്ചുകൊടുത്ത തീരുമാനം റദ്ദാക്കിയ സർക്കാർനടപടിയിൽ കൂടുതൽ വ്യക്തത വരുത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിനായി ട്രസ്റ്റ്ഭാരവാഹികളുടെ വാദം കേൾക്കാൻ നിർദ്ദേശിച്ചു.

സർക്കാർ ഭൂമിയല്ലെന്ന ട്രസ്റ്റിന്റെ വാദത്തിന്, അപ്പോൾ പിന്നെയെങ്ങനെ സർക്കാരിന് ആ ഭൂമി പതിച്ചുകൊടുക്കാനായി എന്നായിരുന്നു മറുചോദ്യം. സർക്കാരിന് വേണ്ടി റവന്യു അഡിഷണൽ സെക്രട്ടറിയാണ് പ്രധാനമായും ഹിയറിംഗ് നടത്തിയത്. പാത്രക്കുളം മണ്ണിട്ട് മൂടിയെന്നും നീരൊഴുക്ക് തടസപ്പെടുത്തിയെന്നും ജലസ്രോതസുകൾ നശിപ്പിക്കപ്പെട്ടെന്നും വിശദമായ വാദംകേൾക്കലിനിടെ ബോദ്ധ്യപ്പെട്ടു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ജില്ലാ കളക്ടർ, തഹസിൽദാർ എന്നിവരടക്കമുള്ള റവന്യു ഉദ്യോഗസ്ഥരുടെയും റിപ്പോർട്ട് തേടിയ ശേഷമാണ് ഇപ്പോഴത്തെ സർക്കാർ നടപടി. പാത്രക്കുളം നികത്തിയ സ്ഥലത്തിന്റെ ഒരു ഭാഗത്തായി ഒരുക്കിയ തീർത്ഥപാദമണ്ഡപത്തിൽ ചടങ്ങുകൾക്കായി 25000 രൂപ വരെ പ്രതിദിന വാടക ഈടാക്കിവരുന്നുണ്ട്.

ഭൂമി തിരിച്ചുപിടിക്കാനുള്ള ഇപ്പോഴത്തെ നടപടികൾ ആരംഭിച്ചിട്ട് ഒന്നര വർഷമായി. ഉദ്യോഗസ്ഥലോബിയുടെ ഇടപെടലിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ നിയമ, റവന്യു, രജിസ്ട്രേഷൻ വകുപ്പുകളുടെ ഓഫീസുകളിൽ ഫയൽ അനങ്ങാതെ കിടന്നു. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടലാണ് തീരുമാനം വേഗത്തിലാക്കിയത്.

സുപ്രീംകോടതിയെ സമീപിക്കും

വിദ്യാധിരാജ ട്രസ്റ്റിന്റെ കൈവശമുള്ള തീർത്ഥപാദമണ്ഡപം സ്ഥിതി ചെയ്യുന്ന ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. അധികൃതരെ ചിലർ തെറ്റിദ്ധരിപ്പിച്ചതിനാലാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്.

ആർ. രാമചന്ദ്രൻ നായർ

മുൻ ചീഫ്സെക്രട്ടറി