മലയിൻകീഴ്: ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായ ശാസ്താംപാറയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നു. സഞ്ചാരികൾക്ക് വിശ്രമിക്കാൻ സ്ഥാപിച്ചിട്ടുള്ള കൽമണ്ഡപത്തിലെ ഗ്രാനൈറ്റ് പാളികൾ സാമൂഹിക വിരുദ്ധർ ഇളക്കിക്കൊണ്ടുപോയതാണ് ഒടുവിലത്തെ സംഭവം.സഞ്ചാരികൾക്ക് വിശ്രമിക്കാനായി ടൂറിസം വകുപ്പ് പാറയ്ക്ക് മുകളിൽ നിർമ്മിച്ച രണ്ട് മണ്ഡപങ്ങളുടെ തറയിലും പടിക്കെട്ടിലും പാകിയ ഗ്രാനൈറ്റ് പാളികളാണ് നശിപ്പിച്ചത്.
2010 ലാണ് ഇവിടെ നവീകരണപ്രവർത്തനങ്ങൾ നടത്തിയത്. ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. കനത്ത ചൂടിലും കുളിർകാറ്റ് കിട്ടുന്ന ഇവിടേയ്ക്ക് നിരവധി ആളുകളാണ് ദിവസേനെ എത്തുന്നത്. പക്ഷേ, സുരക്ഷാ ജീവനക്കാരില്ലാത്തതിനാൽ ഇവിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറി.
വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കരുവിലാഞ്ചി വാർഡിലുൾപ്പെട്ട ശാസ്താംപാറ പ്രകൃതി സൗന്ദര്യം കൊണ്ട് ടൂറിസം ഭൂപടത്തിൽ ഇടം നേടിയ വിനോദ സഞ്ചാര കേന്ദ്രമാണ്. പാറയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വൈദ്യുത വിളക്കുകൾ, കെട്ടിടങ്ങളുടെ ജനൽചില്ലുകൾ, കുട്ടികളുടെ പാർക്ക് എന്നിവ നേരത്തെ തല്ലിത്തകർത്തിരുന്നു.പൊലീസ് പട്രോളിംഗ് ഊർജിതമാക്കാറുണ്ടെങ്കിലും ശാസ്താംപാറയുടെ താഴ് വാരത്ത് പൊലീസ് ജീപ്പ് എത്തുമ്പോൾ തന്നെ മുകളിൽ നിൽക്കുന്നവർക്ക് കാണാനാവും. സാമൂഹ്യവിരുദ്ധർ അപ്പോഴേക്കും പറയുടെ മറുവശത്തുകൂടി രക്ഷപെടുകയാണ് പതിവ്. പാറയ്ക്ക് മുകളിലെ വറ്റാത്ത തെളിനീരുറവ പ്ലാസ്റ്റിക് കുപ്പികളും ആഹാരവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ് മലിനമാക്കിയിരിക്കുകയാണ്.കഞ്ചാവ്, മദ്യപ സംഘങ്ങളുടെ താവളമായതോടെ വെട്ടിലായത് സഞ്ചാരികളും പ്രദേശവാസികളുമാണ്.
എങ്ങനെ എത്താം
വിളപ്പിൽ ശാലയിൽ നിന്ന് 3 റോഡ് വഴി ശാസ്താംപാറയിൽ എത്തിച്ചേരാം.കരിയിലാഞ്ചി വഴിയും ഗവൺമെന്റ് ആശുപത്രിക്ക് മുന്നിലൂടെയുള്ള ഇടറോഡ് വഴിയും എത്താം.കൂടാതെ മൂന്നാമത്തെ റോഡായ തച്ചോട്ട് കാവ് - മൂങ്ങോട്- മണലിവഴിയുള്ള റോഡാണ് കൂടുതൽ പേർ ഉപയോഗിക്കുന്നത്. 2 കി.മീറ്റർ ദൂരമുള്ള സൗകര്യപ്രദമായ റോഡാണിത്.
തമ്പാനൂരിൽ നിന്നും 15 കിലോമീറ്റർ ദൂരം
നോക്കിയാൽ കാണാം...
പാറയിൽനിന്ന് നോക്കിയാൽ വിഴിഞ്ഞം തുറമുഖം, കോവളം കടൽത്തീരം, ശഖുമുഖം, അഗസ്ത്യാർകൂടം, പൊന്മുടി, നെയ്യാർ ഡാം എന്നീ പ്രദേശങ്ങൾ കാണാം
ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു
14 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു
മൂക്കുന്നിമലയ്ക്ക് സമാനമായത്
ഉദയവും അസ്തമനവും കന്യാകുമാരിയിലെ കാഴ്ചയ്ക്ക് തുല്യം
തിരുവനന്തപുരത്ത് നിന്നും 15 കിലോമീറ്റർ അകലെ
സമുദ്ര നിരപ്പിൽ നിന്നും 1800 അടി ഉയരം
നഗരത്തിന്റെ 360 ഡിഗ്രിയിലുള്ള ദൃശ്യം കാണാം
ശാസ്താംപാറയ്ക്ക് മുകളിലുള്ള ശാസ്താക്ഷേത്രം പ്രസിദ്ധം
പാറയ്ക്ക് മുകളിലുള്ള വറ്റാത്ത കുളം ആകർഷണീയം
അറബിക്കടലും അഗസ്ത്യാർകൂടവും കാണാം
രാജഭരണകാലത്ത് കള്ളിക്കാടിന്റെ ഭാഗം
(ഫോട്ടോ : ശാസ്താംപാറയിലെ മണ്ഡപത്തിൽ നിന്ന് ഗ്രാനൈറ്റ് പാളികൾ ഇളക്കി മാറ്റിയിരിക്കുന്നു.