തിരുവനന്തപുരം : തടവുകാർക്ക് വീഡിയോ കോളിലൂടെ വീട്ടുകാരെയും ബന്ധുക്കളെയും കണ്ട് സംസാരിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന ജയിൽവകുപ്പിന്റെ പച്ചക്കൊടി. വീട്ടിൽ ഇന്റർനെറ്റില്ലെങ്കിൽ ബന്ധുക്കൾക്ക് അക്ഷയ കേന്ദ്രങ്ങളിലെത്തി ജയിലിലെ വീഡിയോ കോൾ സ്വീകരിക്കാം. 15 ദിവസത്തിനിടെ ഒരു തടവുകാരന് ഒരുതവണ പരമാവധി അഞ്ച് മിനിട്ട് അനുവദിക്കും. അഞ്ചു രൂപയും ഈടാക്കും. ജയിലിൽ ചെയ്യുന്ന ജോലിയുടെ കൂലിയിൽ നിന്ന് ഇത് ഈടാക്കും. കഴിഞ്ഞവർഷം മഹാരാഷ്ട്രയിൽ വനിതാ തടവുകാർക്കായി വീഡിയോകോൾ സൗകര്യം ഒരുക്കിയിരുന്നു.
വീഡിയോകോൾ സൗകര്യത്തിന് കേന്ദ്രആഭ്യന്തര മന്ത്രാലയം 1.7 കോടി അനുവദിച്ചു. നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ ഇ - പ്രിസൺസ് സോഫ്ട്‌വെയറിലൂടെയാണ് വീഡിയോകോൾ. ജയിലുകളിൽ കാമറ, മോണിറ്റർ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് സംവിധാനം എന്നിവ സജ്ജമാക്കും. നിലവിൽ വീടുകളിൽ ഫോൺ വിളിക്കാൻ തടവുകാർക്ക് സൗകര്യമുണ്ട്. ജയിൽ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലാകും വിളി. ആദ്യഘട്ടത്തിൽ വീഡിയോ കോളുകൾ ഉദ്യോഗസ്ഥർ നിരീക്ഷിക്കും. ഭാര്യ, മക്കൾ, മാതാപിതാക്കൾ, ഉറ്റബന്ധുക്കൾ എന്നിവരെ വിളിക്കാനാണ് മുൻഗണന.
കോടതികളുമായുള്ള വീഡിയോ കോൺഫറൻസിനായി ജയിലുകളിൽ ബി.എസ്.എൻ.എൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നുണ്ട്. ഇതാകും വീഡിയോകോളിനായി ഉപയോഗിക്കുക. കണക്ടിവിറ്റി ലഭ്യമാക്കാൻ 1,94,24,425 രൂപയുടെ പദ്ധതി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ബി.എസ്.എൻ.എല്ലുമായി ജയിൽ ഡി.ജി.പി മൂന്നുവർഷ കരാറൊപ്പിടും. മൂന്ന് സെൻട്രൽ ജയിലുകളും ജില്ലാജയിലുകളും സ്‌പെഷ്യൽ ജയിലുകളുമടക്കം 53 ജയിലുകളിലും വീഡിയോകോൾ ഉടൻ ലഭ്യമാവും. ഇവിടങ്ങളിൽ വിചാരണ തടവുകാരടക്കം 7500പേരാണുള്ളത്.
ജയിലുകൾ ഹൈടെക്
റിമാൻഡ്, വിചാരണതടവുകാരെ കോടതിയിലെത്തിക്കുന്നതിന് പകരം 383 കോടതികളെ ജയിലുകളുമായി ബന്ധിപ്പിക്കുന്ന വീഡിയോകോൺഫറൻസ് സംവിധാനം ഒന്നരമാസത്തിനകം സജ്ജമാവും
ഇതിനായി 53 ജയിലുകളിൽ 87 സ്റ്റുഡിയോകൾ പണിയും. കോടതിഹാളിലോ മജിസ്ട്രേട്ടിന്റെ മുറിയിലോ വീഡിയോകോൺഫറൻസ് സംവിധാനമൊരുക്കും
റിമാൻഡ് നീട്ടൽ, വാറണ്ട് പുറപ്പെടുവിക്കൽ എന്നിവ ഓൺലൈനാവും. തടവുകാർക്ക് പരാതി ഓൺലൈനായി അയയ്‌ക്കാം. മജിസ്ട്രേട്ടിന് ഇത് ഫാക്‌സ് പോലെ ലഭ്യമാവും.
പദ്ധതി ഇങ്ങനെ
ജയിൽ - കോടതി വീഡിയോ കോൺഫറൻസിനുള്ള ചെലവ് - 25.26 കോടി
വീഡിയോകോളിനായി കേന്ദ്രആഭ്യന്തര മന്ത്രാലയം അനുവദിച്ചത് - 1.7 കോടി
15 ദിവസത്തിനിടെ ഒരു തടവുകാരന് ഒരുതവണ വീട്ടിൽ വിളിക്കാം
പരമാവധി അഞ്ച് മിനിട്ട് സംസാരിക്കാം, അഞ്ചു രൂപയും ഈടാക്കും.
സംസ്ഥാനത്ത് വിചാരണ തടവുകാരടക്കം ആകെ - 7500 പേർ