നെയ്യാറ്റിൻകര: ജില്ലയിലെ ഏറ്റവും ജലസമൃദ്ധമായ താലൂക്കായിരുന്നിട്ടും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നെയ്യാറ്റിൻകരക്കാർ.ജലനയത്തിലുണ്ടായ അപക്വമായ നടപടികളാണ് നെയ്യാറ്റിൻകരക്കാരുടെ കുടിവെള്ളം മുട്ടിച്ചത്.
കുടിക്കാനും കാർഷികാവശ്യത്തിനും മതിയായ ജലം കിട്ടാതെയിരിക്കുമ്പോഴാണ്
നെയ്യാറിലൂടെ ഒഴുകിയെത്തുന്ന ഗ്യാലൻ കണക്കിന് ജലംപൂവാർ - പൊഴിക്കരയിലൂടെ സമുദ്രത്തിലേക്ക് ഒഴുക്കിവിടുന്നത്.
നെയ്യാറിലെ ജലം സംഭരിച്ച് വിവിധ ജലസേചന പദ്ധതികൾക്കായി വിനിയോഗിക്കാമെന്നിരിക്കെ യാതൊരു വിധ ശാസ്ത്രീയ പരിഷ്കാരങ്ങൾക്കും ഇതേ വരെ അധികൃതർ മുതിർന്നിട്ടില്ലെന്നതാണ് വസ്തുത. നെയ്യാറിൽ തടയണകൾ കെട്ടി ജലം പാഴാകാതെ സംരക്ഷിക്കാമെന്നിരിക്കെ കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലക്കടവിലെ തടയണ പോലും ഇതേ വരെ പുനർനിർമ്മിച്ചിട്ടില്ല.
ശുദ്ധജലക്ഷാമത്തിനായി നടപ്പാക്കിയ കാളിപ്പാറ പദ്ധതിയുടെ ഗതി നോക്കൂ....
കാളിപ്പാറ പദ്ധതി
കുടിവെള്ളം കിട്ടാതെ നെയ്യാറ്റിൻകര താലൂക്കിലെ ഉയർന്ന പ്രദേശത്തുള്ളവർ കുടമൊന്നിന് 10 രൂപ നിരക്കിൽ വാങ്ങി ഉപയോഗിക്കുമ്പോഴാണ് കാളിപ്പാറ പദ്ധതി നാട്ടുകാർക്ക് വിനയായത്. തൊഴുക്കലിൽ തിങ്കളാഴ്ച കാളിപ്പാറ പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി. രണ്ട് പൈപ്പുകൾ കൂട്ടിച്ചേർക്കുന്ന റബർറിംഗ് ഇളകിയതാണ് കാരണം
കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ ഇനിയും ദിവസങ്ങളെടുക്കും. പൈപ്പ് പൊട്ടിയ സ്ഥലം ജല അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു.
തൊഴുക്കലിൽ പൈപ്പ് പൊട്ടി
തിങ്കളാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണ് തൊഴുക്കലിൽ പൈപ്പ് പൊട്ടിയത്. 2004-ൽ സ്ഥാപിച്ച 700 എം.എമ്മിന്റെ ഡക്ടൈൽ അയൺ പൈപ്പിനാണ് ചോർച്ചയുണ്ടായത്. പൈപ്പുകൾ കൂട്ടിച്ചേർക്കുന്ന റബ്ബർറിംഗുകൾക്ക് പല സ്ഥലത്തും ദ്രവിച്ചു. ഇതാണ് പൈപ്പിൽ ചോർച്ചയുണ്ടാക്കിയതെന്നാണ് ജല അതോറിട്ടി അധികൃതരുടെ വിശദീകരണം.
ഉയർന്ന മർദ്ദത്തിൽ വെള്ളം പൈപ്പിലൂടെ ഒഴുകുമ്പോൾ ഈ റബർറിംഗുകൾ ഇളകും.
പൈപ്പ് കടന്നുപോകുന്ന പല സ്ഥലത്തായി എയർ വാൽവുകൾ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. ചോർച്ച പൂർണമായി പരിഹിക്കുമെന്ന് ജല അതോറിട്ടി നെയ്യാറ്റിൻകര എക്സിക്യുട്ടീവ് എൻജിനീയർ നാരായണൻ നമ്പൂതിരി പറയുന്നെങ്കിലും മുൻകാല അനുഭവത്തിന്റെ വെളിച്ചത്തിൽ നാട്ടുകാർ അത് വിശ്വസിക്കുന്നില്ല.
മന്ത്രി വിശദീകരണം തേടി
തൊഴുക്കലിൽ കാളിപ്പാറ പദ്ധതിയുടെ പൈപ്പ് പൊട്ടിയ സംഭവത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ജല അതോറിട്ടി എം.ഡിയോട് റിപ്പോർട്ട് തേടി. തെക്കൻമേഖലാ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് ലഭിച്ചാലുടൻ ജല അതോറിട്ടി എം.ഡി. കൗശികൻ മന്ത്രിക്ക് ഇന്നലെ റിപ്പോർട്ട് നൽകും.തൊഴുക്കലിൽ പൈപ്പ് പൊട്ടിയതു കാരണം മലയിൻകീഴ്, മാറനല്ലൂർ, പെരുങ്കടവിള പഞ്ചായത്തുകളിലും നഗരസഭയുടെ അരുവിപ്പുറം, തൊഴുക്കൽ, പെരുമ്പഴുതൂർ പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി.
വിജിലൻസ് അന്വേഷണം വേണം
ജലഅതോറിട്ടിയുടെ കാളിപ്പാറ പൈപ്പ് ലൈൻ സ്ഥിരമായി പൊട്ടുന്നതിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോളമൻ അലക്സ്, ഗ്രാമം പ്രവീൺ,മഞ്ചവിളാകം ജയൻ എന്നിവരുടെ നേതൃത്വത്തിൽ ജല അതോറിട്ടി ഓഫീസിന് മുൻപിൽ ഇന്നലെ കുത്തിയിരിപ്പു സമരം നടത്തി.