വിതുര: വേനൽ രൂക്ഷമായ സാഹചര്യത്തിൽ കാട്ടുതീ പടരുന്നത് പതിവാകുന്നു. ഒപ്പം വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതും വ്യാപകം. ഈ വേനലിൽ വനം വകുപ്പും ഫയർഫോഴ്സും നന്നേ വിയർക്കുമെന്ന് സാരം.
വനം വകുപ്പിന്റെ നേതൃത്വത്തിൽ വേനൽക്കാല മുന്നൊരുക്കങ്ങൾ നടപ്പിലാക്കിയെങ്കിലും പലയിടത്തും കാട്ടുതീ പടരാറുണ്ട്. എന്നാൽ അവയെല്ലാം പെട്ടെന്ന് തന്നെ കെടുത്തുന്നതിനാൽ ഇതുവരെ അത്യാഹിതങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. പാലോട്, പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് കാട്ടുതീ വ്യാപകമാകുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇൗ വർഷം കാട്ടുതീയുടെ തോത് കുറഞ്ഞിട്ടുണ്ടെന്നാണ് വനപാലകർ പറയുന്നത്. അതേസമയം വനാന്തരങ്ങളിൽ കാട്ടുതീ പടരുന്നത് പതിവാണെന്ന് ആദിവാസികൾ പറയുന്നു. കടുത്ത ചൂടിനെ തുടർന്ന് വനാന്തരങ്ങൾ മുഴുവൻ ഉണങ്ങി കിടക്കുകയാണ്. പൊൻമുടി, ബോണക്കാട്, പേപ്പാറ വനമേഖലയിലെ പുൽമേടുകൾ മുഴുവൻ ഉണങ്ങി. അടിക്കാടുകളും ഉണങ്ങിക്കഴിഞ്ഞു. വനം വകുപ്പ് ഫയർസോൺ ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ വനാതിർത്തിയിൽ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉൾക്കാടിൽ വേനൽ ശക്തി പ്രാപിച്ചതോടെ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന അവസ്ഥ തുടരുകയാണ്.
വനാന്തരങ്ങൾ ഉണങ്ങി നശിക്കുകയും, കാട്ടുതീ പടരുകയും ചെയ്തതോടെയാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. രാത്രിയിൽ പതിവായി കാട്ടുമൃഗങ്ങൾ ആദിവാസി മേഖലകളിലെത്താറുണ്ടെന്ന് ആദിവാസികൾ പറയുന്നു.
പച്ചപ്പ് തേടി നാട്ടിലേക്ക്
ആന, കാട്ടുപോത്ത്, പന്നി, മ്ലാവ് എന്നീ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുകയാണ്. വനത്തിനുള്ളിൽ ഉണക്ക് വ്യാപിച്ചതാണ് ഇവ കൂട്ടമായി കൃഷിയിടങ്ങൾ ഉൾപ്പെടുന്ന ജനവാസ മേഖലയിലേക്കിറങ്ങാൻ കാരണം. വനത്തിലെ അരുവികൾ വറ്റിയതും പച്ചപ്പ് കുറഞ്ഞതും ഇവയെ നാട്ടിലെ കൃഷിയിടത്തിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നു. പകൽ സമയത്തുപോലും ആദിവാസി മേഖലകളിൽ കാട്ടാനശല്യമുണ്ട്.
ഇത് ആദ്യ പ്രതിഭാസം
ആദ്യമായാണ് വനമേഖലയിൽ ഇത്രയധികം ചൂട് അനുഭവപ്പെടുന്നതെന്ന് ആദിവാസികളും വനപാലകരും പറയുന്നു. വേനൽ അനുഭവപ്പെടാറുണ്ടെങ്കിലും ഉൾക്കാടുകളിൽ ഇത്രയധികം ഉണക്ക് അനുഭവപ്പെടാറില്ലെന്ന് ആദിവാസികൾ പറയുന്നു. വനാന്തരത്തിൽ പലയിടത്തും നീരുറവകളിൽ വെള്ളം കാണുന്നതാണ്. എന്നാൽ ഇത്തവണ ഉൾക്കാട്ടിൽ പോലും വരൾച്ച രൂക്ഷമാണ്.
കാട്ടുതീ പടർന്നു
മുൻപ് പൊൻമുടി വനാന്തരങ്ങളിൽ കാട്ടുതീ പടർന്ന് ഹെക്ടർകണക്കിന് വനഭൂമി കത്തി നശിച്ചിരുന്നു. ഉൾ വനങ്ങളിൽ തീ പടരുമ്പോൾ കെടുത്താൻ കഴിയാത്ത അവസ്ഥയുണ്ട്.
എെസർ, പാലോട്, ചിപ്പൻചിറ, കാലങ്കാവ് മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുതീ പടർന്നത്. പുൽമേടും അടിക്കാടും കത്തി നശിച്ചു. നിരവധി മരങ്ങളും വെണ്ണീറായി. വിതുരയിൽ നിന്നു ഫയർഫോഴ്സ് യൂണിറ്റ് എത്തി അക്ഷീണം പ്രയത്നിച്ചാണ് തീ കെടുത്തിയത്.
കാട്ടുതീ നിയന്ത്രണവിധേയം
മുൻ വർഷത്തെ അപേക്ഷിച്ച് ഇൗ വർഷം കാട്ടുതീ പടരുന്നത് വളരെ കുറവാണെന്ന് വനപാലകർ പറയുന്നു. കാട്ടുതീ തടയുന്നതിന്റെ ഭാഗമായി വളരെ നേരത്തേ തന്നെ ആദിവാസി സമൂഹത്തെയും മറ്റും പങ്കെടുപ്പിച്ച് ബോധവത്കരണം നടത്തുകയും, ഫയർ ലൈൻ തെളിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല തീപിടിത്തം തടയുന്നതിനായി ആവശ്യത്തിന് ഫയർപ്രൊട്ടക്ഷൻ ഗാർഡുകളെയും നിയമിച്ചിട്ടുണ്ട്.