നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് അതിയന്നൂർ മേഖലാ കമ്മിറ്റി ഓഫീസ് കത്തിനശിച്ചു. കമുകിൻകോട് ജംഗ്ഷനിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് ബുധനാഴ്ച പുലർച്ചെ കത്തിനശിച്ചത്. ഓഫീസിന് തീകത്തുന്നതായി കണ്ട നാട്ടുകാർ ഓടിയെത്തി തീ അണയ്‌ക്കുകയായിരുന്നു. ഷെഡ് പൊട്ടുന്ന വലിയ ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു. താത്കാലികമായി കെട്ടിയിരുന്ന ഫൈബർകൊണ്ടുള്ള മേൽക്കൂര, ബാനറുകൾ, കസേരകൾ എന്നിവ കത്തിനശിച്ചു. തീ സമീപത്തേക്ക് ആളിപ്പടരാൻ സാദ്ധ്യതയുണ്ടായിരുന്നതിനാൽ നാട്ടുകാരും ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി ഉടനേ തീ അണയ്‌ക്കുകയായിരുന്നു. കമുകിൻകോട് പള്ളിയിലും സമീപത്തെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലുമുള്ള സി.സി ടി.വി കാമറകളിലെ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി വൈകി രണ്ട് ബൈക്കുകൾ ഇതേ സമയത്ത് കടന്നുപോയതായി ദൃശ്യങ്ങളിലുണ്ട്. ബൈക്കുകളുടെ നമ്പർ കണ്ടെത്തി അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ആട്ടോറിക്ഷയും ഇവിടെ പാർക്കു ചെയ്‌ത ശേഷം തിരികെ പോകുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരന്റെ നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ പര്യടന പരിപാടി ചൊവ്വാഴ്ച അതിയന്നൂർ പഞ്ചായത്തിൽ നിന്നുമാണ് ആരംഭിച്ചത്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നാട്ടിൽ സമാധാനം നിലവനിറുത്തണമെന്നും എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ യു.ഡി.എഫ്, ബി.ജെ.പി സംഘമാണെന്നും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ. അയ്യപ്പൻനായർ, സെക്രട്ടറി കെ. ആൻസലൻ എം.എൽ.എ, സി.പി.എം നെയ്യാറ്റിൻകര മുൻ ഏരിയാ സെക്രട്ടറി വി. രാജേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. രാജ്‌മോഹൻ, പ്രൊഫ. ചന്ദ്രബാബു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. അക്രമികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ അതിയന്നൂരിൽ സി.പി.എം പ്രവർത്തകർ പ്രകടനം നടത്തി.