തിരുവനന്തപുരം: നവോത്ഥാന നായകനായ ചട്ടമ്പിസ്വാമിതിരുവടികളുടെ തിരുവനന്തപുരത്തുള്ള ഒരേയൊരു സ്മാരകമായ കിഴക്കേക്കോട്ടയിലെ തീർത്ഥപാദ മണ്ഡപം ഏറ്റെടുക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം കേരളത്തിലെ വിശ്വാസി സമൂഹത്തോടുള്ള മറ്റൊരു വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ള പ്രസ്താവിച്ചു.
മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള പൂത്തോട്ടയിൽ കഴിഞ്ഞദിവസം സി.പി.എം പ്രവർത്തകർ തകർത്തതിന് തൊട്ടുപിന്നാലെയാണ് ചട്ടമ്പിസ്വാമി സ്മാരകം തകർക്കാനുള്ള ഏറ്റെടുക്കൽ തീരുമാനം. പതിറ്റാണ്ടിലേറെ പഴക്കമുള്ള തീർത്ഥപാദ മണ്ഡപം തിരുവനന്തപുരത്തെ ആധ്യാത്മിക സാംസ്കാരിക കേന്ദ്രമാണ്. നിരവധി പരിപാടികളാണ് ദിനംപ്രതി നടന്നുവരുന്നത്. ചട്ടമ്പിസ്വാമികളുടെ ക്ഷേത്രവും അവിടെയുണ്ട്. പതിവായി പൂജയും അനുഷ്ഠാനങ്ങളും അവിടെ നടക്കുന്നുണ്ട്. ഇതൊക്കെ തടസ്സപ്പെടുത്താനും തകർക്കാനുമുള്ള കുത്സിത ശ്രമമാണ് സ്ഥലം ഏറ്റെടുക്കാനുള്ള മന്ത്രിസഭാതീരുമാനം. സർക്കാർ നീക്കത്തെ എതിർത്തു തോല്പിക്കാൻ മുഴുവൻ വിശ്വാസി സമൂഹത്തോടും ആഹ്വാനം ചെയ്യുന്നതായും ശ്രീധരൻപിള്ള പറഞ്ഞു.