a-vijayaraghavan

തിരുവനന്തപുരം: ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിക്കുന്ന വിവാദ പ്രസംഗത്തിന് എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എ. വിജയരാഘവനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നു.

കൈയടി കിട്ടാനായി പ്രസംഗത്തിൽ ആവേശം കൂട്ടുന്നതും വാക്കുകൾ പ്രയോഗിക്കുന്നതും സൂക്ഷിച്ചു വേണമെന്നായിരുന്നു വിമർശനം. ശക്തമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പിൽ അജൻഡ വഴിതിരിച്ചുവിടാൻ വിവാദം കാരണമായി. മാദ്ധ്യമങ്ങളും വിഷയം ഊതിപ്പെരുപ്പിച്ചു. പ്രചാരണത്തിലെ മേൽക്കൈ നഷ്ടപ്പെടാതിരിക്കാൻ എല്ലാ നേതാക്കളും ജാഗ്രത പുലർത്തണമെന്ന് യോഗം നിർദ്ദേശിച്ചു.

വയനാട്ടിലെ പ്രചാരണത്തിൽ ഇതുവരെയും ഇടതിന് മേൽക്കൈ ഉണ്ടെന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായി എത്തുന്നതോടെ യു.ഡി.എഫ് ക്യാമ്പിൽ കൂടുതൽ ഊർജ്ജമുണ്ടാകുമെന്നതിനാൽ ഇനിയങ്ങോട്ടും പ്രചാരണം ശക്തമാക്കണം. അതിനായി സംസ്ഥാന നേതാക്കൾ കൂടുതൽ മണ്ഡലത്തിൽ ഉണ്ടാകണം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രണ്ടാം വരവിൽ വയനാട്ടിലും പ്രചാരണത്തിനെത്തും. യെച്ചൂരിയുടെ ആദ്യ ഷെഡ്യൂളിൽ വയനാട് സംസ്ഥാന നേതൃത്വം ഉൾപ്പെടുത്തിയിരുന്നില്ല. ഈ മാസം 18 മുതലാണ് യെച്ചൂരിയുടെ രണ്ടാം പര്യടനം.

പ്രചാരണം രണ്ട് ഘട്ടം പിന്നിടുമ്പോൾ മൂന്നിടത്ത് ഒഴികെ 17 മണ്ഡലങ്ങളിലും ഇടതിന് ശുഭപ്രതീക്ഷയുണ്ടെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് - ബി.ജെ.പി ധാരണ സംശയിക്കുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിൽ ആലത്തൂരും പറയുന്നു. കണ്ണൂർ, വടകര, കോഴിക്കോട്, കൊല്ലം, മാവേലിക്കര, ആലത്തൂർ മണ്ഡലങ്ങളിലെ എൻ.ഡി.എയുടെ സ്ഥാനാർത്ഥി നിർണയങ്ങളാണ് ഇതിന് കാരണമായി സി.പി.എം നേതൃത്വം വിലയിരുത്തുന്നത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പിയെ കോൺഗ്രസ് സഹായിക്കാനാണ് ധാരണയെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു.