മലപ്പുറം: ചൂടെത്ര കടുത്താലും പച്ചപ്പു കരിയുമെന്ന് യു.ഡി.എഫുകാർ വിശ്വസിക്കാത്ത ഒരിടുമുണ്ട്, നാട്ടിൽ മലപ്പുറം. പക്ഷേ, കാലാവസ്ഥാ മാപിനിയിൽ മലപ്പുറം ഇന്നോളം രേഖപ്പെടുത്തിയതിലും മൂന്നു ഡിഗ്രി കൂടുതലാണ് ഇത്തവണ കൊടുംചൂട്. മണ്ഡലത്തിന്റെ രാഷ്ട്രീയ മാപിനിയിലും അത് അങ്ങനെതന്നെയെന്ന് ഇടതുപക്ഷവും വലതുപക്ഷവും തിരിച്ചറിയുന്നുണ്ട്. എന്തും സംഭവിക്കാം!
മുസ്ളിം ലീഗിന്റെ അമരക്കാരൻ പി.കെ.കുഞ്ഞാലിക്കുട്ടിയും, എസ്.എഫ്.ഐയുടെ പോരാട്ടവീര്യങ്ങൾക്ക് ദേശീയതലത്തിൽ കരുത്തു പകരുന്ന വി.പി.സാനുവുമാണ് നേർക്കുനേർ. തലമുറകൾ തമ്മിലുള്ള പോരാട്ടം! എൻ.ഡി.എ സ്ഥാനാർത്ഥിയായി ഉണ്ണിക്കൃഷ്ണനും എസ്.ഡി.പി.ഐയ്ക്കായി സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസിയും പി.ഡി.പിക്കായി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറും രംഗത്തുണ്ട്.
മലപ്പുറത്ത് കുഞ്ഞാപ്പയ്ക്ക് മുഖവുര വേണ്ട. ലീഗിന്റെ ദേശീയമുഖമെന്നതിനേക്കാൾ തനി നാട്ടുകാരൻ. യു.ഡി.എഫ് രാഷ്ട്രീയത്തിലെ ചാണക്യൻ കളത്തിലിറങ്ങുമ്പോൾ രണ്ടു ലക്ഷത്തിൽ കുറഞ്ഞ ഭൂരിപക്ഷം ലീഗിന്റെ ഖൽബിലില്ല. 2014ൽ ഇ.അഹമ്മദിന് സംസ്ഥാനത്തെ റെക്കാഡ് ഭൂരിപക്ഷമായ 1.94 ലക്ഷം സമ്മാനിച്ച മണ്ഡലമാണ്. അഹമ്മദിന്റെ മരണത്തെ തുടർന്ന് 2017ൽ വന്ന ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കു കിട്ടിയത് 1.71 ലക്ഷത്തിന്റെ ഭൂരിപക്ഷം. ഡി.വൈ.എഫ്.ഐ നേതാവ് എം.ബി.ഫൈസൽ ആയിരുന്നു എതിരാളി.
1991ൽ കുറ്റിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയോടു പരാജയപ്പെട്ട വി.പി. സക്കരിയയുടെ മകനാണ് വി.പി. സാനു. കുഞ്ഞാലിക്കുട്ടിക്കു കിട്ടിയതിന്റെ പകുതി വോട്ടാണ് അന്ന് ഇരുപത്തിയേഴുകാരനായിരുന്ന സക്കരിയയ്ക്കു കിട്ടിയത്. സാനുവിന് അന്ന് രണ്ടു വയസേയുള്ളൂ. ലീഗിലെ ഒറ്റയാനായി വിലസിയ പഴയ കുഞ്ഞാലിക്കുട്ടിയല്ല ഇന്നെന്നാണ് മകന്റെ പക്ഷം. മുത്തലാഖ് ബിൽ ചർച്ചാവേളയിൽ പാർലമെന്റിൽ ഹാജരാകാതിരുന്നത് ഉൾപ്പെടെ കുഞ്ഞാലിക്കുട്ടി അടുത്തിടെ അകപ്പെട്ട വിവാദങ്ങൾ വോട്ടർമാർ മറക്കില്ലെന്നാണ് സാനുവിന്റെ വിശ്വാസം.
ഫാസിസത്തിന് എതിരായ പ്രചാരണം തന്നെയാണ് ഇത്തവണയും കുഞ്ഞാലിക്കുട്ടിയുടെ ആയുധമെങ്കിലും അതിന്റെ സ്വീകാര്യത പണ്ടത്തെയത്രയില്ല. അത് വോട്ടിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷമെങ്കിൽ, സംവരണ വിഷയത്തിൽ ഇടത് എം.പിമാരുടെ നിലപാട്, അക്രമ രാഷ്ട്രീയം, മുത്തലാഖ് അടക്കം സാമുദായിക വിഷയങ്ങളിലെ വിരുദ്ധ നിലപാട് എന്നിവയുയർത്തിയാണ് ലീഗിന്റെ പ്രതിരോധം. വെല്ലുവിളികൾ മറികടക്കാൻ പ്രചാരണത്തിൽ പതിവിലും സജീവമാണ് കുഞ്ഞാപ്പ. അയലത്ത് രാഹുൽഗാന്ധിയുണ്ട് എന്നകും ഇത്തവണ ലീഗിന് കൂടുതൽ ആത്മവിശ്വാസമേകുന്ന ഘടകമാണ്.
സാനുവിന്റെ ധൈര്യം
മുപ്പതിന്റെ ചെറുപ്പത്തിൽ ഓടിനടന്നുള്ള പ്രചാരണം. ചെറുപ്പക്കാരുടെ ടീം സദാ കൂടെയുണ്ട്. കാമ്പസുകൾ ഒന്നുപോലും വിട്ടുകളയാത്ത ന്യൂജെൻ പ്രചാരണം. 2004ൽ, പിന്നീട് മലപ്പുറമായി മാറിയ മഞ്ചേരി മണ്ഡലത്തിൽ ടി.കെ. ഹംസയിലൂടെ ചരിത്രത്തിലാദ്യമായി ലീഗ് കോട്ടയിൽ ചെങ്കൊടി പാറിയിരുന്നു. അതും അരലക്ഷത്തിനടുപ്പിച്ച ഭൂരിപക്ഷത്തിന്. അന്ന് അടിപതറിയത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്. കുഞ്ഞാലിക്കുട്ടിയെന്ന കരുത്തനെ നേരിടേണ്ട ടെൻഷനുള്ളപ്പോഴും ആദ്യമത്സരത്തിൽ സാനുവിന്റെ സ്വപ്നത്തിനു ചിറകു നൽകുന്നത് മണ്ഡലത്തിൽ പഴയ ഹംസവിജയം.
കുഞ്ഞാപ്പയ്ക്ക് കെണി
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും മുത്തലാഖ് ബിൽ ചർച്ചയിലും കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്തിയിരുന്നില്ല. ഇതിൽ അണികൾ പോലും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ഹൈദരലി ശിഹാബ് തങ്ങളും സമസ്തയും ശാസിച്ചു. ജീവിതത്തിലാദ്യമായി കുഞ്ഞാലിക്കുട്ടിയോട് പാർട്ടി വിശദീകരണം തേടി. പാർലമെന്റിലെ ഹാജർനിലയും പ്രകടനവും വിമർശനങ്ങൾക്ക് ഇടയാക്കി. എസ്.ഡി.പി.ഐയുമായുള്ള രഹസ്യ ചർച്ച വിവാദമായി. ഈ പ്രതികൂല ഘടകങ്ങൾ മറികടക്കാൻ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം കൊണ്ടുമാത്രം സാദ്ധ്യമാകുമോ?
2017
പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്) 5,15,330
എം.ബി. ഫൈസൽ (എൽ.ഡി.എഫ്) 3,44,307
എൻ. ശ്രീപ്രകാശ് (ബി.ജെ.പി) 65,675
കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം: 1,71,023
2014
ഇ. അഹമ്മദ് (യു.ഡി.എഫ്) 4,37,723
പി.കെ. സൈനബ (എൽ.ഡി.എഫ്) 2,42,984
എൻ. ശ്രീപ്രകാശ് (ബി.ജെ.പി) 64,705
ഇ. അഹമ്മദിന്റെ ഭൂരിപക്ഷം: 1,94,739