തിരുവനന്തപുരം:സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകാൻ കാരണം അണക്കെട്ടുകൾ തുറന്നതിലെ പിഴവാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ യു.ഡി.എഫും ബി.ജെ.പിയും ഇടതുമുന്നണിക്കെതിരായ പ്രചാരണായുധമാക്കുന്നു. അപ്രതീക്ഷിതമായ മഴയാണ് പ്രളയത്തിന് കാരണമെന്ന റിപ്പോർട്ടിൽ കഴമ്പില്ലെന്നാണ് അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ.
രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വവും ആലത്തൂരിലെ യു. ഡി. എഫ് സ്ഥാനാർത്ഥിക്കെതിരായ എൽ.ഡി.എഫ് കൺവീനറുടെ വിവാദപരാമർശവും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് പ്രളയ വിവാദവും പൊങ്ങിവരുന്നത്.
പ്രളയബാധിതമായ ആലപ്പുഴ, പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളിൽ ഇത് സജീവചർച്ചയാക്കാനാണ് യു.ഡി.എഫ് നീക്കം. എന്നാൽ അണക്കെട്ടുകൾ തുറന്നതിൽ വീഴ്ചയില്ലെന്ന നിലപാടിലാണ് സർക്കാരും കെ.എസ്.ഇ.ബിയും. കേന്ദ്ര ജലകമ്മിഷന്റെ ഇതുസംബന്ധിച്ച റിപ്പോർട്ടും സർക്കാരിനും ഇടതുമുന്നണിക്കും പിടിവള്ളിയാണ്. ഈ റിപ്പോർട്ടുകളും പ്രളയം കൈകാര്യം ചെയ്ത മിടുക്കും പ്രളയാനന്തരമുള്ള സർക്കാർ ഇടപെടലുമെല്ലാം ഉയർത്തിക്കാട്ടിയാകും ഇടതുമുന്നണിയുടെ പ്രതിരോധം. എന്നാൽ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ പരാജയമാണെന്ന് പ്രതിപക്ഷവും പറയുന്നുണ്ട്.
ജൂലായ് പകുതി കഴിഞ്ഞപ്പോൾ അണക്കെട്ടുകൾ നിറഞ്ഞെന്നും മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് കേരളസർക്കാർ അവഗണിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് തുറക്കുന്നതിന് മുന്നറിയിപ്പ് നൽകുന്നതിൽ ചെറിയ പാളിച്ചയുണ്ടായെന്ന് ചീഫ്സെക്രട്ടറി അറിയിച്ചിരുന്നെങ്കിലും പ്രളയകാരണം അതായിരുന്നില്ലെന്നായിരുന്നു നിലപാട്.
പ്രളയത്തിന് കാരണം അണക്കെട്ടുകൾ തുറന്നതാണെന്ന വാദം വസ്തുതാപരമല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ ന്യൂനതയുണ്ടായിരുന്നെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. കാലാവസ്ഥാവകുപ്പ് അതിതീവ്രമഴയുടെ മുന്നറിയിപ്പ് നൽകിയിരുന്നില്ല. അണക്കെട്ടുകൾ തുറന്നതല്ല, അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് പ്രളയ കാരണമെന്നാണ് സാഹചര്യത്തെളിവുകൾ വിലയിരുത്തി കേന്ദ്ര ജലകമ്മിഷൻ കണ്ടെത്തിയത്. ശക്തമായ മഴയിൽ ജലനിരപ്പ് പെട്ടെന്നുയർന്നത് അണക്കെട്ടുകൾ അടിയന്തരമായി തുറക്കേണ്ട സാഹചര്യമുണ്ടാക്കി എന്നാണ് റിപ്പോർട്ട്. കെ.എസ്.ഇ.ബിയും പറഞ്ഞത് ഇതാണ്.