പാറശാല: ചരിത്രപ്രസിദ്ധമായ കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ തൂക്കത്തിന് 433 വണ്ടികളിലായി ഇത്തവണ 1730 തൂക്കക്കാർ വില്ലിലേറും. 1691 കുട്ടികൾ തൂക്കക്കാരോടൊപ്പം വില്ലിലേറി ക്ഷേത്രത്തെ വലം വയ്ക്കും. കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ 148 തൂക്കങ്ങൾ കൂടുതലാണ്. ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രധാന നേർച്ചകളിലൊന്നാണ് പിള്ളത്തൂക്കം. തൂക്ക നേർച്ചയ്ക്കായി പേര് രജിസ്റ്റർ ചെയ്‌തിരുന്ന കുട്ടികളുടെ നറുക്കെടുപ്പ് ദേവസ്വം പ്രസിഡന്റ് സദാശിവൻ നായരുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞദിവസം നടന്നു. പത്താം ഉത്സവ ദിവസമായ ഏപ്രിൽ 8ന് വെളുപ്പിന് ആരംഭിക്കുന്ന തൂക്ക നേർച്ചകൾ അടുത്ത ദിവസം രാവിലെ 10 ഓടെ സമാപിക്കും.