virat-kohli-ipl
virat kohli ipl

ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്തും ഏകദിന - ട്വന്റി 20 റാങ്കിംഗുകളിൽ രണ്ടാംസ്ഥാനത്തുമുള്ള ടീമിന്റെ നായകനാണ്. ടെസ്റ്റിലും ഏകദിനത്തിലും ഒന്നാംറാങ്കുകാരനായ ബാറ്റ്സ്മാനും. പക്ഷേ ഐ.പി.എല്ലിൽ ഇൗ അലങ്കാരങ്ങളെല്ലാം അഴിച്ചുവയ്ക്കേണ്ടി വരികയാണ് വിരാട് കൊഹ്‌ലിക്ക്. ഇൗ സീസണിലെ ഏറ്റവും മോശം ടീമിന്റെ ക്യാപ്ടൻ എന്ന നാണക്കേടിന്റെ തൊപ്പിയാണ് വിരാട് ഇപ്പോൾ അണിഞ്ഞിരിക്കുന്നത്. വിരാട് മാത്രമല്ല, ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ടീമും നാണക്കേടിന്റെ നെല്ലിപ്പല്ലികയിലാണ്.

കഴിഞ്ഞദിവസം ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് മടങ്ങുമ്പോൾ ഇൗ സീസണിൽ ഇതുവരെ ജയിക്കാത്ത ഏകടീമായി ബാംഗ്ളൂർ മാറി. തുടർച്ചയായ നാല് മത്സരങ്ങളിലും തോറ്റ ബാംഗ്ളൂരിന് ഇക്കുറി പ്ളേ ഒാഫിൽ കളിക്കുകയെന്നത് തുടക്കത്തിലേ തന്നെ ദിവാസ്വപ്നമായി മാറാനാണ് സാധ്യത. കൊഹ്‌ലിയും ഡിവില്ലയേഴ്സുമടക്കം എണ്ണം പറഞ്ഞ താരങ്ങളുണ്ടായിട്ടാണ് ഇൗ സ്ഥിതി.

കഴിഞ്ഞ 11 സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ഒറ്റത്തവണപോലും കിരീടം നേടിയിട്ടില്ല. 2009 ലും 2011 ലും ഫൈനലിലെത്തിയെങ്കിലും ഫലമുണ്ടായില്ല. പ്ളേ ഒാഫിൽ കളിച്ചത് നാല് തവണമാത്രം. 2017ൽ എട്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് കഴിഞ്ഞ സീസണിൽ ആറാമതും.

തോൽവിയും കാരണങ്ങളും

1. Vs ചെന്നൈ സൂപ്പർ കിംഗ്സ്

7 വിക്കറ്റ് തോൽവി

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 17.1 ഒാവറിനുള്ളിൽ 70 റൺസിന് ആൾ ഒൗട്ടായി. ചെന്നൈയിലെ പിച്ചിൽ ഹർഭജന്റെയും ഇമ്രാൻ താഹിറിന്റെയും ബൗളിംഗിന് മുന്നിൽ മുട്ടിടിച്ചുവീഴുകയായിരുന്നു.

2. Vs മുംബയ്, 6 റൺസ് തോൽവി

188 റൺസ് ലക്ഷ്യവുമായി ഇറങ്ങി അവസാന പന്തിൽ ആറ് റൺസ് വേണ്ടിയിരുന്നപ്പോൾ മലിംഗ എറിഞ്ഞ നോബാൾ ശ്രദ്ധിക്കാതിരുന്ന അമ്പയർ തോൽവിക്ക് വഴിയൊരുക്കി.

3. Vs സൺറൈസേഴ്സ് 118 റൺസ്

ഒന്നും പറയാനില്ലാത്ത തോൽവി. ബൗളിംഗിലും ബാറ്റിംഗിലും ഫീൽഡിംഗിലും ദയനീയമായി പരാജയപ്പെട്ടു. കൊഹ്‌ലിയുടെ നായകശേഷിയും ചോദ്യം ചെയ്യപ്പെട്ടു.

4. Vs രാജസ്ഥാൻ, ഏഴ് വിക്കറ്റ്

ശ്രേയസ് ഗോപാലിന്റെ ബൗളിംഗിനുമുന്നിൽ കൊഹ്‌ലി, ഡിവില്ലിയേഴ്സ് ഹെട്‌മേയർ എന്നിവർക്ക് അടിതെറ്റി.

ഇൗ സീസണിൽ ഇതുവരെ സന്തുലിതമായ ടീമിനെ ഇറക്കാനായിട്ടില്ല. പുതിയ കളിക്കാരെ ഇറക്കി പരീക്ഷിക്കണം. ഫോമിലേക്ക് തിരിച്ചുവരാമെന്ന് പ്രതീക്ഷയുണ്ട്.

വിരാട് കൊഹ്‌ലി