election-2019

തിരുവനന്തപുരം: ''തിരഞ്ഞെടുപ്പു കാലത്ത് സഖാവിനുവേണ്ടി പ്രചാരണത്തിനിറങ്ങുമോയെന്ന് പലരും ചോദിച്ചിട്ടുണ്ട്, എന്റെ സഖാവിനു വേണ്ടി ഞാൻ വോട്ടു ചോദിച്ചിട്ടില്ല. അത് ജനങ്ങൾ നേരിട്ടു കൊടുക്കുമെന്ന് എനിക്കറിയാം.'' അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ.കെ നായനാരോടൊപ്പമുള്ള പഴയ പ്രചാരണ ദിനങ്ങൾ ഓർക്കുകയാണ് ഭാര്യ ശാരദട്ടീച്ചർ. മകൻ കൃഷ്ണകുമാറും അടുത്തുണ്ട്. തുടുത്ത മുഖവും കണ്ണടയും മായാത്ത ചിരിയുമായി ചുവരിൽ നായനാരുടെ ഛായാചിത്രം. കണ്ണൂർ കല്യാശ്ശേരിയിലെ വീട്ടിൽ നിന്ന് മകന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയതാണ് ടീച്ചർ.

'സഖാവിന് എന്നും തിരക്കായിരുന്നില്ലേ... തിരഞ്ഞെടുപ്പായാലും അല്ലെങ്കിലും തിരക്കോടു തിരക്ക്. പ്രചരണത്തിനു പോകുമ്പോൾ ധരിക്കേണ്ട ഷർട്ടും മുണ്ടുമൊക്കെ തലേന്നേ ഞാൻ എടുത്തുവയ്‌ക്കും. 1974-ലാണ് സഖാവ് ഇരിക്കൂറിൽ നിന്ന് മത്സരിക്കുന്നതും വിജയിക്കുന്നതും. അവിടെ ജയിക്കണമെന്ന് വാശിയുണ്ടായിരുന്നു. രാവിലെ പ്രചാരണത്തിനു പോയാൽ തിരിച്ചെത്തുന്നത് രാത്രി വൈകിയായിരിക്കും. എത്ര വൈകിയാലും ഡയറി എഴുതാതെ കിടക്കില്ല. വരുമ്പോൾ പ്രസംഗിച്ച് പ്രസംഗിച്ച് ശബ്ദമൊന്നും ഉണ്ടാവില്ല." നായനാരെപ്പോലെ തന്നെ, തെളിഞ്ഞ കണ്ണൂർ ഭാഷയിൽ ശാരദട്ടീച്ചർ സംസാരിച്ചുകൊണ്ടിരുന്നു.

1996- ൽ തലശ്ശേരിയിൽ നിന്നു ജയിച്ചതും മറക്കാനാവില്ല. ആ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നായിരുന്നു സഖാവിന്റെ തീരുമാനം. മുഖ്യമന്ത്റിയാകണമെന്ന് പാർട്ടി തീരുമാനിച്ചതിനു ശേഷമാണല്ലോ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. വിവാഹം കഴിഞ്ഞ സമയത്തുതന്നെ സഖാവ് പറഞ്ഞിരുന്നു- വീട്ടുകാര്യവും കുടുംബ കാര്യവും നീ നോക്കണം, രാഷ്ട്രീയം ഞാനും. അതുകൊണ്ട് അദ്ദേഹത്തിന്റെ തിരക്കുകൾ ഒരിക്കലും പ്രശ്‌നമായി തോന്നിയിട്ടില്ല- ടീച്ചർ പറയുന്നു.

ആറു തവണ നിയമസഭാംഗവും ഒരു തവണ ലോക്‌സഭാംഗവും ആയിരുന്ന നായനാർ ഒരിക്കൽ മാത്രമാണ് പരാജയമറിഞ്ഞത്. 1971- ൽ കാസർകോട് മണ്ഡലത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളിയോടായിരുന്നു പരാജയം. അന്ന് ടീച്ചർ നായനാരോടു ചോദിച്ചു: "അല്ലാ... ഇങ്ങക്ക് വിഷമമില്ലേ?"

സഖാവിന്റെ മറുപടി ശാരദട്ടീച്ചർ ഇപ്പോഴും മറന്നിട്ടില്ല: "ഞാനെന്തിനാടോ വിഷമിക്കുന്നത്? ജയവും തോൽവിയും സാധാരണമല്ലേ? ജയിക്കുമ്പോൾ ഒരുപാട് സന്തോഷിക്കുന്നവർക്കേ തോൽക്കുമ്പോൾ ദുഃഖമുണ്ടാകൂ."

നായനാരോടൊത്തുള്ള ഓർമകളുടെ സന്തോഷം ടീച്ചറുടെ കണ്ണിലും തെളിയുന്നു. സഖാവിന്റെ ഓർമകളുമായി ഇപ്പോഴും കല്യാശ്ശേരിയിലെ വീട്ടിൽ ഒരുപാടു പേർ വരുന്നുണ്ട്. അടുത്ത മാസം 15 വർഷം തികയും, സഖാവ് പോയിട്ട്. എല്ലാവരുടെയും മനസിൽ ഇന്നും അദ്ദേഹമുണ്ടെന്ന് ഓർക്കുമ്പോൾ സന്തോഷമാണ് ടീച്ചർക്ക്. എല്ലാ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യണമെന്ന് ടീച്ചർക്ക് നിർബന്ധമുണ്ട്. എവിടെപ്പോയാലും അന്ന് കല്യാശ്ശേരിയിലെത്തും. ഇത്തവണയും മാറ്റമില്ല.