1

വിഴിഞ്ഞം: എസ്.എഫ്.ഐ നേതാക്കളുടെ വീടുകൾ അടിച്ചു തകർത്ത സംഭവത്തിൽ പിടികൂടിയ പ്രധാന പ്രതിയെ ദുർബല വകുപ്പുകൾ മാത്രം ചുമത്തി വിട്ടയച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ കോവളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ഉപരോധ സമരവും നടത്തി. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ വിഴിഞ്ഞം സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് വിഴിഞ്ഞം ജംഗ്ഷനിൽ തടയുകയായിരുന്നു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചു.

ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ ചപ്പാത്ത് സ്വദേശി ആര്യ, കല്ലിയൂർ സ്വദേശി സച്ചിൻ എന്നിവരുടെ വീടുകൾക്ക് നേരെ കഴിഞ്ഞ 30ന് രാത്രിയിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഗൂഢാലോചനയിലടക്കം പങ്കാളിയും ആര്യയുടെ വീട് അക്രമിസംഘത്തിന് കാണിച്ചു കൊടുക്കുകയും ചെയ്‌തയാളെയാണ് ജുഡിഷ്യൽ കസ്റ്റഡിയിൽ ആക്കുന്നതിനു പകരം വിഴിഞ്ഞം പൊലീസ് ജാമ്യത്തിൽ വിട്ടതെന്ന് ഉപരോധക്കാർ ആരോപിച്ചു. ഇയാളെ ഉടൻ അറസ്റ്റ്‌ ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഉപരോധസമരം സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ കോവളം ഏരിയാ സെക്രട്ടറി ചന്തു അശോക് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ കോവളം ബ്ലോക്ക് സെക്രട്ടറി വി. അനൂപ്, പ്രസിഡന്റ് മുബാറക് ഷാ, നേതാക്കളായ ശിജിത്, എം. വിമൻമോഹൻ, വിഴിഞ്ഞം സ്റ്റാൻലി, കെ.എസ്. സജി, റിസ്വാൻ എന്നിവർ സംസാരിച്ചു.