ന്യൂഡൽഹി : സ്റ്റീഫൻ കോൺസ്റ്റൈന്റൻ ഒഴിച്ചിട്ട ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകന്റെ കസേരയിലേക്ക് ഫ്രാൻസിന്റെ 2006, 2010 ലോകകപ്പുകളിലെ പരിശീലകനായിരുന്ന റേയ്‌മണ്ട് ഡൊമിനിഷ് ഉൾപ്പെടെ അപേക്ഷകരുടെ കൂമ്പാരം.
67 കാരനായ ഡൊമിനിഷിന്റെ അപേക്ഷ ക്ഷണിച്ചെന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. എന്നാൽ ഡൊമിനിഷ് നേരിട്ടാണോ ഏജന്റ് മുഖേനെയാണോ അപേക്ഷിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ജനുവരിയിൽ ഏഷ്യൻ കപ്പിന് ശേഷമാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ വിരമിച്ചത്. ഇൗമാസം അവസാനത്തോടെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കുമെന്ന് എ.എ.എ എഫ്. എഫ് അറിയിച്ചിട്ടുണ്ട്.
നേട്ടങ്ങൾക്കൊപ്പം വിവാദങ്ങൾക്കും വിളനിലമായിരുന്നു ഫ്രാൻസ് കോച്ചെന്ന നിലയിൽ ഡൊമിനിഷിന്റെ കരിയർ 2010 ലോകകപ്പിൽ നിക്കോളസ് അനൽക്കയെ ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ടീമിനുള്ളിൽ കലാപംതന്നെ സൃഷ്ടിച്ചു. ഫ്രാൻസ് ലോകകപ്പിൽ നിന്ന് പുറത്തായ ഉടനെ ഡൊമിനിഷിനെയും പുറത്താക്കി.
. 200 ലധികം പേരണ് ഇന്ത്യൻ കോച്ചാകാൻ അപേക്ഷിച്ചിരിക്കുന്നത്.
. യുവേഫ കോച്ചിംഗ് ലൈസൻസുള്ളവരെയാണ് പ്രധാനമായും ഇന്ത്യ പരിഗണിക്കുന്നത്.
. ഫിഫ റാങ്കിംഗിൽ 75-ാം റാങ്കിനുള്ളിലുള്ള ദേശീയ ടീമുകളെ പരിശീലിപ്പിച്ച പരിചയവും ആവശ്യമുണ്ട്.
റോക്ക വരുമോ?
ബാംഗ്ളൂർ എഫ്.സിയുടെ മുൻ പരിശീലകൻ ആൽബർട്ട് റോക്കയാണ് ഇന്ത്യൻ കോച്ചാകാൻ സാധ്യത കല്പിക്കപ്പെടുന്ന പ്രമുഖൻ. ടീമിലെ സീനിയർ കളിക്കാരുടെ പിന്തുണ റോക്കയ്ക്കുണ്ട്. എൽസാൽവ ദോർ ടീമിനെ പരിശീലിപ്പിച്ച പരിചയം അദ്ദേഹത്തിനുണ്ട്. ഐ.എസ്. എല്ലിലെ മറ്റു പരിശീലകരായ അന്റോണിയോ ഹബാബ് (എ.ടി.കെ) സെസാർ ഫാരിയാസ് (നോർത്ത് ഇൗസ്റ്റ് യുണൈറ്റഡ്) ദേശീയ ടീമിന്റെ ചുമതല കൊതിക്കുന്നുണ്ട്.