കഴക്കൂട്ടം: ജപ്പാൻ കുടിവെള്ള പദ്ധതിക്കായി ഇറക്കിയിട്ടിരുന്ന പി.വി.സി പൈപ്പുകൾ തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ഡ്രൈവർ പിടിയിലായി. തുമ്പ പള്ളിത്തുറയിലെ സ്വകാര്യവസ്‌തുവിൽ ഒമ്പതു വർഷം മുമ്പ് ജപ്പാൻ കുടിവെള്ള പദ്ധതിക്കായി വലിയ പി.വി.സി പൈപ്പുകൾ ഇറക്കിയത്. ജപ്പാൻ കുടിവെള്ള പദ്ധതി ഏറ്റെടുത്തിരുന്ന കോൺട്രാക്ടർ മാറിയപ്പോൾ ഇറക്കിയിട്ട പൈപ്പുകൾ പാഴായി കിടന്നു. വാട്ടർ അതോറിട്ടി ശ്രദ്ധിക്കാതെ വന്നപ്പോൾ പൈപ്പുകൾ മറിച്ചുവിൽക്കാൻ ഇടനിലക്കാരുമെത്തി. കോടിക്കണക്കിന് രൂപയുടെ പൈപ്പുകൾ ഈ സംഘം മറിച്ചുവില്ക്കുകയാണെന്ന് നാട്ടുകാർ പലവട്ടം പൊലീസ് അറിയിച്ചെങ്കിലും വാട്ടർ അതോറിട്ടി പരാതി നൽകാത്തതിനാൽ കേസെടുത്തില്ല. പൈപ്പുകടത്തലിനെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ടു നൽകിയിരുന്നു. ഇന്നലെ രാത്രി തമിഴ്‌നാട്ടിലേക്ക് കടത്താൻ വേണ്ടി പൈപ്പുകൾ കയറ്റിവന്ന വഴി വാഹന പരിശോധനക്കിടെയാണ് ലോറിയും പൈപ്പുകളും തുമ്പ പൊലീസ് പിടികൂടിയത്. തമിഴ്‌നാട് വെല്ലൂർ ജില്ലയിൽ വളജ താലൂക്ക് മെർക്ക് സ്ട്രീറ്റിൽ മണികണ്ഠൻ (41) ആണ് പിടിയിലായത്. ഇയാൾ ലോറി ഡ്രൈവറാണ്. തമിഴ്‌നാട്ടിലേക്കും കേരളത്തിലെ മറ്റു ജില്ലകളിലേക്കും പൈപ്പുകടത്തുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഇവരിൽ പലരും നിരീക്ഷണത്തിലാണെന്നും പൊലീസ് പറയുന്നു.