മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ വലിയൊരു തോൽവിയിലേക്ക് നീങ്ങിയ ബാഴ്സലോണയെ അവസാന സമയത്തെ രണ്ട് ഗോളുകളിലൂടെ ലയണൽ മെസിയും ലൂയിസ് സുവാരേസും ചേർന്ന് സമനിലയുടെ കരയ്ക്കെത്തിച്ചു. വിയ്യാറയലിനെതിരായ സ്പാനിഷ് ലാലിഗ മത്സരത്തിൽ 89-ാം മിനിട്ടുവരെ 2-4ന് പിന്നിലായിരുന്ന ബാഴ്സലോണ സൂപ്പർ താരങ്ങളുടെ മിന്നൽ ഗോളുകളുടെ മികവിൽ 4-4ന് സമനിലയിൽ പിരിയുകയായിരുന്നു.
ഗോളുകൾ വീണത് ഇങ്ങനെ
12-ാം മിനിട്ടിൽ മാൽക്കമിന്റെ പാസിൽനിന്ന് ഫിലിപ്പ് കുടീഞ്ഞോ ബാഴ്സയുടെ ആദ്യഗോൾ നേടി. 1-0
16-ാം മിനിട്ടിൽ വിദാലിന്റെ സഹായത്തോടെ മാൽക്കം ഗോൾ നേടി 2-0
23-ാം മിനിട്ടിൽ ചുക്ക് വീ സെയിലൂടെ വിയ്യാറയൽ ആദ്യഗോൾ നേടുന്നു. 2-1
50-ാം മിനിട്ടിൽ ചുക്ക് വീസെയെ പാസിൽനിന്ന് ടോക്കോ എകാംബി കളി സമനിലയിലാക്കുന്നു 2-2
60-ാം മിനിട്ടിൽ വിൻസെന്റ് ഇബോറയിലൂടെ വിയ്യാറയൽ മൂന്നാംഗോൾ നേടി മത്സരത്തിൽ മുന്നിൽ 2-3
80-ാം മിനിട്ടിൽ ബാഴ്സലോയെ ഞെട്ടിച്ച് ബാക്കയിലൂടെ വിയ്യാറയൽ നാലാം ഗോളും നേടി 2-4
90-ാം മിനിട്ടിൽ മെസിയുടെ അപ്രതീക്ഷിത ട്വിസ്റ്റ്. ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു മെസിയുടെ ഗോൾ 3-4
90-ാം മിനിട്ടിൽ വിയ്യാറയലിന്റെ വിജയ പ്രതീക്ഷകൾക്ക് മേൽ ഇടിത്തീയായി സുവാരേസിന്റെ ഗോൾ. 4-4
88-ാം മിനിട്ടിൽ അൽവാരോ ഗോൺസാൽവസ് രണ്ടാം മഞ്ഞക്കാർഡും കണ്ടതോടെ വിയ്യാറയൽ 10 പേരായി ചുരുങ്ങിയിരുന്നു. ലാലിഗയിൽ 30 മത്സരങ്ങളിൽനിന്ന് 70 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് ബാഴ്സലോണ. 62 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാംസ്ഥാനത്തും 57 പോയിന്റുള്ള റയൽ മാഡ്രിഡ് മൂന്നാമതുമാണ്. 30 കളികളിൽനിന്ന് 30 പോയിന്റ് മാത്രം നേടിയ വിയ്യാറൽ 17-ാം സ്ഥാനത്താണ്.
ഇംഗ്ളീഷ് പ്രിമിയർ ലീഗ്
മാഞ്ചസ്റ്റർ വോൾവറിൽ വീണു
വോൾവർ ഹാംപ്ടൺ 2-1ന് മാഞ്ചസ്റ്റർ
യുണൈറ്റഡിനെ തോൽപ്പിച്ചു
ലണ്ടൻ : കഴിഞ്ഞ രാത്രി നടന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് വോൾവർ ഹാംപ്ടൺ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വോൾവർ ജയിച്ചത്. അതിലൊന്ന് മാഞ്ചസ്റ്റർ താരം ക്രിസ് സ്മാളിംഗിന്റെ സെൽഫ് ഗോളായിരുന്നു.
13-ാം മിനിട്ടിൽ മക്ടോമിനായ്‌യുടെ ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. 25-ാം മിനിട്ടിൽ ഡിയഗോ ജോത്ത ആതിഥേയർക്ക് വേണ്ടി സമനില ഗോൾ നേടി.
മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടിയായത് 57-ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡും കണ്ട് ആഷ്‌ലി യംഗ് പുറത്തായതാണ്. അഞ്ച് മിനിട്ടിന്റെ ഇടവേളയിലാണ് യംഗ് രണ്ട് മഞ്ഞക്കാർഡുകളും വാങ്ങിയത്. 52-ാം മിനിട്ടിലും ജോത്തയെ ഫൗൾ ചെയ്തതിനായിരുന്നു കാർഡ് കണ്ടിരുന്നത്. 77-ാം മിനിട്ടിൽ ഒരു ഹെഡറിൽ നിന്നുള്ള ഷോട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്മാളിംഗിന്റെ കാലിൽത്തട്ടി പന്ത് സ്വന്തം വലയിൽ കയറിയത്.
ഇതോടെ ഇൗ സീസണിലെ ഹോം, എവേ മത്സരത്തിൽ വോൾവർ ഹാംപ്ടണിനെ കീഴടക്കാനാകാത്ത ടീമായി മാഞ്ചസ്റ്റർ മാറി. സെപ്തംബറിൽ നടന്ന മാഞ്ചസ്റ്ററിന്റെ ഹോം മാച്ച് 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
പോയിന്റ് പട്ടികയിൽ മൂന്നാമതെത്താനുള്ള മാഞ്ചസ്റ്ററിന്റെ സാധ്യതയാണ് ഇൗ തോൽവി തട്ടിക്കളഞ്ഞത്. 32 കളികളിൽനിന്ന് 61 പോയിന്റുമായി അഞ്ചാമതാണ് മാഞ്ചസ്റ്റർ. നാലാമതുള്ള ടോട്ടൻ ഹാമിന് 61 പോയിന്റും മൂന്നാമതുള്ള ആഴ്സനലിന് 63 പോയിന്റുമാണുള്ളത്. 79 പോയിന്റുള്ള ലിവർപൂൾ ഒന്നാമതും 77 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുമാണ്.