കൊല്ലം: പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ കൊല്ലം ശാഖയിൽ നിന്ന് രണ്ട് കോടിയുടെ സ്വർണം കാണാതായ സംഭവത്തിൽ അറസ്‌റ്റിലായ മുൻ മാനേജരുടെ സുഹൃത്തായ യുവതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധമെന്ന് സൂചന. ജില്ലയിൽ സ്‌പെഷ്യൽ യൂണിറ്റിൽ ജോലി ചെയ്യുന്ന സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന കഥകൾ വസ്‌തുതയാണെന്ന് മാനേജ്‌മെന്റ് വൃത്തങ്ങളും സൂചിപ്പിക്കുന്നു.
അറസ്‌റ്റിലായ മുൻ മാനേജർ ജോർജ് തോമസ് താൻ അപഹരിച്ച ആറ് കിലോ സ്വർണവും സുഹൃത്തായ ലീമയ്‌ക്ക് നൽകിയെന്ന് ആവർത്തിച്ച് മൊഴി നൽകിയെങ്കിലും യുവതിയുടെ അറസ്‌റ്ര് ഇനിയും രേഖപ്പെടുത്തിയിട്ടില്ല. ലീമ കുറ്റം സമ്മതിച്ചിട്ടില്ലെന്ന ന്യായം നിരത്തി സ്വർണം വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുമില്ല. പല തവണയായി ജൂവലറിയിലെ കാർ പാർക്കിംഗ് ഏരിയ, സമീപത്തെ തിയേറ്റർ സമുച്ചയം, തൊട്ടടുത്തെ ജ്യൂസ് സ്‌റ്റാൾ എന്നിവിടങ്ങളിൽ വച്ച് ജോർജ് തോമസ് ലീമയ്‌ക്ക് സ്വർണം കൈമാറുന്നതിന്റെ ദൃശ്യങ്ങൾ സുരക്ഷാ കാമറകളിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്‌തി പ്രകടിപ്പിച്ച മാനേജ്‌മെന്റ് പക്ഷെ സ്വർണം വീണ്ടെടുക്കാത്തതിൽ അതൃപ്തരാണ്.
സ്വർണം കവർന്ന സംഭവത്തിലോ കളവ് മുതൽ വീതം വച്ചതിലോ പൊലീസ് ഉദ്യോഗസ്ഥന് പങ്കില്ലെങ്കിലും യുവതി നേരത്തെ ഇദ്ദേഹത്തിന് വിലപിടിപ്പുള്ള ചില സമ്മാനങ്ങൾ കൈമാറിയത് ഇരുവരും തമ്മിലുള്ള ബന്ധത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്രൊരു സ്വർണ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിയെ അന്വേഷണ സംഘം കസ്‌റ്റഡിയിൽ വാങ്ങിയാണ് ഇപ്പോൾ ചോദ്യം ചെയ്യൽ തുടരുന്നത്.
ഇതിനിടെ മറ്ര് രണ്ട് യുവാക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്‌റ്റഡിയിലെടുത്തത് കേസിന് പുതിയ വഴിത്തിരിവായിട്ടുണ്ട്. പല ഘട്ടങ്ങളിലായി അപഹരിച്ച സ്വർണം വിൽക്കാൻ സഹായിച്ചവരാണ് ഇവർ. ഇതിലൊരാൾ യു.ഡി.എഫിലെ ഒരു ഘടക കക്ഷിയുടെ പ്രാദേശിക നേതാവാണ്. സ്വർണം വിറ്രത് ജുവലറികൾക്കോ വിവാഹ പാർട്ടികൾക്കോ ആണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നികുതി ഒഴിവാക്കി കിട്ടാൻ വിവാഹ പാർട്ടികളെ സമീപിച്ചത് കസ്‌റ്റഡിയിലുള്ള യുവാക്കളെന്നാണ് വിവരം. ഇതിലൊരാൾ കമ്മിഷൻ വ്യവസ്ഥയിൽ ജുവലറികൾക്ക് വേണ്ടി വിവാഹ പാർട്ടികളെ ക്യാൻവാസ് ചെയ്യുന്ന ജോലികളാണ് നിലവിൽ ചെയ്യുന്നത്. ഈ ബന്ധങ്ങൾ ഉപയോഗിച്ച് സ്വർണം വിറ്റെന്നാണ് സംശയിക്കുന്നത്.
മുൻ മാനേജർ പൊലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയെങ്കിലും ലീമ മനസ് തുറക്കുന്നില്ലത്രെ. അപഹരിച്ച സ്വർണത്തിൽ നിന്ന് ജോർജ് തോമസിന് കാര്യമായി ഒന്നും ലഭിച്ചില്ലെന്നാണ് വിവരം. ഇറ്റലിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ നാട്ടിലേക്ക് അയച്ച 45 ലക്ഷം രൂപയും ജോർജ് തോമസ് ലീമയ്‌ക്ക് നൽകിയെന്ന് അദ്ദേഹം തന്നെ മൊഴി നൽകി. വൻ തുകയുടെ ബിസിനസ് ലോൺ അനുവദിച്ച് കിട്ടണമെങ്കിൽ മറ്റൊരു കുടിശികയായ 45 ലക്ഷം ബാങ്കിലടയ്‌ക്കണമെന്ന് ലീമ ജോർജ് തോമസിനെ വിശ്വസിപ്പിക്കുകയായിരുന്നു. നഗരത്തിൽ വിൽക്കാനിട്ടിരിക്കുന്ന ബാർ ഹോട്ടൽ ഇരുവർക്കും ചേർന്ന് സ്വന്തമാക്കാമെന്ന ആശയം ലീമ മുന്നോട്ട് വച്ചു. ബാർ വാങ്ങാനുള്ള ആവശ്യത്തിനായാണ് സ്വർണം അപഹരിക്കാൻ തുടങ്ങിയത്. മാത്രമല്ല ലീമയുടെ പക്കൽ കുടുങ്ങിയ 45 ലക്ഷം മടക്കിവാങ്ങാനും ബാർ തുടങ്ങുന്നതോടെ കഴിയുമെന്ന് ജോർജ് തോമസ് വിശ്വസിച്ചു. സ്‌റ്റോക്കെടുപ്പിന് മുമ്പ് ജോലി രാജിവയ്ക്കാനോ കളിഞ്ഞിട്ട് നാടുവിടാനോ ജോർജ് തോമസ് പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്.