തിരുവനന്തപുരം: 483 പേരുടെ മരണത്തിനിടയാക്കിയ പ്രളയത്തിന്റെ കാരണം ഡാം തുറന്നു വിട്ടതാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിനെക്കുറിച്ച് തത്കാലം പ്രതികരിക്കാൻ സി.പി.എം തയാറാവില്ലെന്ന് സൂചന. തിരഞ്ഞെടുപ്പായതിനാൽ ഇതിനെക്കുറിച്ച് പ്രതികരിച്ച് പ്രശ്നം വഷളാക്കേണ്ടതാണെന്നാണ് പാർട്ടിയുടെ നിലപാട്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അഭിപ്രായം പറയേണ്ടെന്ന നിലപാടിലാണ് സർക്കാരും. എന്നാൽ, തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണായുധമാക്കി മാറ്റാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും നരഹത്യയ്ക്ക് കേസെടുക്കണമെന്നുമൊക്കെ യു.ഡി.എഫും ബി.ജെ.പി നേതാക്കളുമൊക്കെ ആവശ്യപ്പെട്ടുകഴിഞ്ഞു.
ഡാമുകൾ തുറന്നുവിട്ടതല്ല പ്രളയത്തിന് കാരണമെന്നായിരുന്നു സർക്കാരിന്റെ വാദിച്ചിരുന്നത്. ഇതിനനുസരിച്ച് കേന്ദ്രജലകമ്മിഷന്റെ റിപ്പോർട്ടും സർക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. ഇപ്പോൾ ഇതിന് തികച്ചും കടകവിരുദ്ധമായി അമിക്കസ് ക്യൂറി റിപ്പോർട്ട് വന്നത് സി.പി.എമ്മിനെയും സംസ്ഥാന സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. ഇതോടെ യു.ഡി.എഫും ബി.ജെ.പിയും ഇത് രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. റിപ്പോർട്ടിനെ എതിർത്ത് രംഗത്തുവന്നാലും പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ വീഴ്ച വിഷയമാക്കാൻ പ്രതിപക്ഷം ശ്രമിക്കും.
സർക്കാർ സംവിധാനത്തിന്റെ വീഴ്ച മൂലമാണ് പ്രളയമുണ്ടായതെന്നും ഇതു പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളിൽ കോടതിയെ സഹായിക്കാൻ നിയമിക്കപ്പെട്ട അമിക്കസ് ക്യൂറി ജേക്കബ് പി.അലക്സ് ആണ് റിപ്പോർട്ട് നൽകിയത്.
2018 ജൂൺ മുതൽ ആഗസ്ത് വരെയാണ് കേരളത്തിൽ പ്രളയം ഉണ്ടായത്. ആകെ 483 പേർ മരിച്ചു. 31,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഒന്നേമുക്കാൽ ലക്ഷം കെട്ടിടങ്ങൾ തകർന്നു. 14ലക്ഷം പേർക്ക് വീട് വിട്ട് രക്ഷപ്പെടേണ്ടി വന്നു. അരക്കോടിയോളം പേർക്ക് ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവന്നു.
ആഗസ്ത് 15 മുതൽ 17 വരെയാണ് നിറുത്താതെ മഴ പെയ്തത്. സംസ്ഥാനത്തെ 79 ഡാമുകളിൽ ഒന്നുപോലും പ്രളയതോത് നിയന്ത്രണം നടത്തിയില്ല. പെരുമഴയ്ക്ക് മുമ്പുതന്നെ എല്ലാ അണക്കെട്ടുകളും നിറഞ്ഞു കിടക്കുകയായിരുന്നു. പെരുമഴയിലെ അധിക നീരൊഴുക്ക് ഉൾക്കൊള്ളാൻ ഇവയ്ക്ക് കഴിയുമായിരുന്നില്ല. പെരുമഴ പെയ്യുന്നതിനിടയിൽ തന്നെ ഒട്ടേറെ ജലസംഭരണികളിൽ നിന്ന് പെട്ടെന്ന് ഒരേ സമയം വെള്ളം തുറന്നുവിട്ടത് ദുരന്തത്തിന്റെ തീവ്രത കൂട്ടിയെന്നാണ് വിമർശനം. ബ്ലൂ, ഓറഞ്ച്, റെഡ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് മാർഗനിർദ്ദേശങ്ങൾ പ്രകാരമായിരുന്നില്ലെന്നും റിപ്പോർട്ട് ചൂട്ടിക്കാട്ടുന്നു.