investigation

കൊല്ലം: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. കുന്നത്തൂർ മാനാമ്പുഴ പുളിമൂട്ട് വിളയിൽ ഷിബു ചെറിയാനാണ് (45) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് പറയുന്നത്: രണ്ടു മാസം മുമ്പാണ് ഖത്തറിൽ ജോലി ചെയ്യുന്ന യുവതിയുമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബു ചെറിയാന്റെ വിവാഹം നടന്നത്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ യുവതിയുടെ രണ്ടാം വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഖത്തറിലേക്ക് മടങ്ങിയിരുന്നു. ഷിബുവിനെ ഖത്തറിലേക്ക് ഈ മാസം കൊണ്ടുപോകാൻ സന്ദർശക വിസയും ശരിയാക്കിയിരുന്നു.

കുന്നത്തൂരിലെ വീട്ടിൽ ഷിബു തനിച്ചായിരുന്നു താമസം. കഴിഞ്ഞ ഞായറാഴ്ച രാത്രി സഹോദരി ഫോണിൽ സംസാരിക്കവേ പത്തോടെ ഒരാൾ തന്നെ കാണാനെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സഹോദരിമാരും ഗൾഫിലുള്ള സഹോദരനും നിരന്തരം വിളിച്ചിട്ടും ഫോണെടുത്തില്ല. പിറ്റേ ദിവസം സമീപത്തുള്ള ബന്ധുക്കളെ ഇവർ വിവരമറിയിച്ചു. വൈകിട്ട് ആറോടെ ബന്ധുക്കൾ വീട്ടുമുറ്റത്തെത്തി വിളിച്ചിട്ടും ഫോൺ എടുക്കുകയോ കതക് തുറക്കുകയോ ചെയ്‌തില്ല. ഇവർ അടുക്കളയിലെ ജനലിലൂടെ നോക്കിയപ്പോഴാണ് നിലത്ത് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. ശാസ്താംകോട്ട പൊലീസെത്തി കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്നെങ്കിലും രാത്രിയായതിനാൽ മൃതദേഹം മാറ്റാൻ കഴിഞ്ഞില്ല.

ചൊവ്വാഴ്ച രാവിലെ ഒൻപതോടെ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പോസ്‌റ്ര്‌മോ‌ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. വിരലടയാള വിദഗ്ദ്ധരും ശാസ്‌ത്രീയ കുറ്റാന്വേഷണ സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം ഇന്നലെ ഉച്ചയോടെ കടമ്പനാട് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ഷിബുവിന്റെ ഭാര്യ നാട്ടിലെത്തിയിട്ടുണ്ട്.

അമിത രക്ത സമ്മർദത്തെ തുടർന്നുണ്ടായ ആഘാതത്തിൽ വീണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായത് ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. ഇന്ന് വൈകിട്ടോടെ പോസ്‌റ്ര്‌മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്ന് ശാസ്‌താംകോട്ട സി.ഐ ടി.അനിൽകുമാർ പറ‍ഞ്ഞു. ശാസ്‌തോംകോട്ട എസ്.ഐ സതീഷ് ശേഖറിനാണ് അന്വേഷണ ചുമതല. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.